ആഴ്സണലിനെ ഭൂമിയിലേക്ക് തിരിച്ചു വിളിച്ച് വിയേരയുടെ മാസ്റ്റർ ക്ലാസ്, ടോപ് 4 ഓട്ടത്തിൽ വലിയ ട്വിസ്റ്റ്

Img 20220405 020920

കുറച്ച് കാലമായി ഗംഭീര ഫുട്ബോൾ കളിക്കുകയായിരുന്ന ആഴ്സണലിനെ യാഥാർത്ഥ്യത്തിലേക്ക് തിരികെ വിളിച്ച് ഒരു വിയേര മാസ്റ്റർ ക്ലാസ്‌. ആഴ്സണൽ ഇതിഹാസ താരം പാട്രിക് വിയേര പരിശീലിപ്പിക്കുന്ന ക്രിസ്റ്റൽ പാലസ് ഇന്ന് ആഴ്സണലിനെ ഞെട്ടിക്കുന്നത് ആണ് കാണാൻ ആയത്. ക്രിസ്റ്റൽ പാലസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പാലസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്.

ആദ്യ പകുതിയിൽ ആദ്യ 24 മിനുട്ടുകൾക്ക് അകം ആഴ്സണലിനെ കീഴ്പ്പെടുത്തി രണ്ട് ഗോളുകൾ നേടാൻ പാലസിനായിരുന്നു. 16ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു പാലസിന്റെ ആദ്യ ഗോൾ‌. ഗാലഹർ എടുത്ത ഫ്രീകിക്ക് ജോക്കിം ആൻഡേസൺ ഗോൾ മുഖത്തിന് സമാന്തരമായി ഹെഡ് ചെയ്തു. അത് മറ്റേറ്റ മറ്റൊരു ഹെഡറിലൂടെ വലയിലും എത്തിച്ചു.
20220405 013357
ഈ ഗോളിന്റെ ഷോക്ക് മാറും മുമ്പ് രണ്ടാം ഗോളും വന്നു. ജോർദാം അയുവിന്റെ ഇടം കാലൻ സ്ട്രൈക്ക് ആണ് രണ്ടാം ഗോളായി മാറിയത്. ആൻഡേഴ്സൺ നൽകിയ പാസ് തടയുന്നതിൽ ഗബ്രിയേൽ പരാജയപ്പെടുകയും പന്ത് സ്വീകരിച്ച ആയു ഗോൾ നേടുകയുമായിരുന്നു.

ഈ ഗോളിന് ശേഷം ആദ്യ പകുതിയിൽ വീണ്ടും പാലസ് നല്ല അവസരം ഉണ്ടാക്കി. റാംസ്ഡേലിന്റെ സേവ് ആഴ്സണലിനെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷിച്ചു.

രണ്ടാം പകുതിയിൽ ആഴ്സണൽ മാർടിനെല്ലിയെ കളത്തിൽ എത്തിച്ച് അറ്റാക്ക് ശക്തമാക്കാൻ നോക്കി‌. പക്ഷെ ഫലം ഉണ്ടായില്ല. ഇതിനിടയിൽ 73ആം മിനുട്ടിൽ ഒരു കൗണ്ടറിൽ സാഹ ഒറ്റയ്ക്ക് പാലസ് പ്രതിരോധത്തിനെതിരെ മുന്നേറുകയും ഒരു പെനാൾട്ടി നേടുകയും ചെയ്തു. സാഹ തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് പാലസിന്റെ വിജയം ഉറപ്പിച്ചു.

29 മത്സരങ്ങളിൽ നിന്ന് 54 പോയിന്റ് ഉള്ള ആഴ്സണൽ ഇപ്പോൾ അഞ്ചാം സ്ഥാനത്ത് ഇരിക്കുകയാണ്. ആഴ്സണലിന്റെ പരാജയം സ്പർസ്, വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് വലിയ ഊർജ്ജം നൽകും. പാലസ് ഈ വിജയത്തോടെ 37 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്.

Previous articleമുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതി കിർഗിസ്താൻ ക്ലബിൽ
Next articleമിലാന് സമനില, ഒന്നാം സ്ഥാനത്തെ ലീഡ് ഒരു പോയിന്റായി കുറഞ്ഞു