ഫുൾഹാമിന്റെ നില പരുങ്ങലിൽ, ലണ്ടൻ ഡെർബിയിൽ ക്രിസ്റ്റൽ പാലസ്

- Advertisement -

ലണ്ടൻ ഡെർബിയിൽ ഫുൾഹാമിനെതിരെ ജയം നേടി ക്രിസ്റ്റൽ പാലസ് റെലെഗേഷൻ ഭീഷണിയിൽ നിന്ന് കരകയറി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു അയൽക്കാർക്കെതിരെ ക്രിസ്റ്റൽ പാലസിന്റെ വിജയം. സീസണിൽ ഫുൾഹാമിനെതിരെ രണ്ടു ജയങ്ങൾ നേടാനും ക്രിസ്റ്റൽ പലാസിനായി. തോൽവിയോടെ ഫുൾഹാമിന്റെ നില കൂടുതൽ പരുങ്ങലിലായി.

ആദ്യ പകുതിയിൽ മിലിവോഹെവിച്ചിന്റെ പെനാൽറ്റി ഗോളിലൂടെയാണ് ക്രിസ്റ്റൽ പാലസ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. സൈറസ് ക്രിസ്റ്റി പെനാൽറ്റി ബോക്സിൽ പന്ത് കൈകൊണ്ട് തൊട്ടതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഫുൾഹാം ഇറങ്ങിയെങ്കിലും മത്സരത്തിൽ വലിയ മാറ്റം കൊണ്ട് വരാൻ അവർക്കായില്ല. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ഫുൾഹാം ആയിരുന്നെങ്കിലും മത്സരത്തിൽ അവസരങ്ങൾ സൃഷ്ട്ടിക്കാൻ അവർക്കായില്ല.

തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കേയാണ് ഷുലുപ്പിലൂടെ ക്രിസ്റ്റൽ പാലസ് രണ്ടാമത്തെ ഗോൾ നേടി വിജയമുറപ്പിച്ചത്. ജയത്തോടെ 25 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ക്രിസ്റ്റൽ പാലസ് പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്തെത്തി. 25 മത്സരങ്ങളിൽ നിന്ന് വെറും 17 പോയിന്റുമായി ഫുൾഹാം ഇപ്പോഴും ലീഗിൽ 19ആം സ്ഥാനത്താണ്.

Advertisement