ഫുട്‌ബോൾ പ്രേമികൾ സന്തോഷിക്കാം, ക്രിസ്ത്യൻ എറിക്സൻ പ്രീമിയർ ലീഗിൽ തിരികെയെത്തി

കഴിഞ്ഞ യൂറോ കപ്പിൽ ഫുട്‌ബോൾ ആരാധകരുടെ കണ്ണീർ ആയി മാറിയ ഡാനിഷ് താരം ക്രിസ്ത്യൻ എറിക്സൻ ഫുട്‌ബോളിൽ തിരികെയെത്തുന്നു. യൂറോ കപ്പിൽ ഡെൻമാർക്ക്, ഫിൻലാന്റ് മത്സരത്തിന് ഇടയിൽ ഹൃദയാഘാതം മൂലം വീണ എറിക്സൻ ജീവിതത്തിൽ തിരികെയെത്തി എങ്കിലും ഫുട്‌ബോളിൽ തിരികെയെത്തിയിരുന്നില്ല. ഇടക്ക് തന്റെ ടീം ആയ ഇന്റർ മിലാനും ആയി പരിശീലനത്തിൽ ഏർപ്പെട്ടു എങ്കിലും ശാരീരിക ക്ഷമത ചൂണ്ടിക്കാട്ടി ഇന്റർ എറിക്സനും ആയുള്ള കരാർ അവസാനിപ്പിക്കുക ആയിരുന്നു.

നിലവിൽ ഈ സീസണിൽ പ്രീമിയർ ലീഗിൽ എത്തിയ ബ്രന്റ്ഫോർഡ് ആണ് എറിക്സനെ ആറു മാസത്തെ കരാറിൽ സ്വന്തമാക്കിയത്. ഫ്രീ ഏജന്റ് ആയ എറിക്സനും ആയുള്ള കരാർ ഒരു കൊല്ലം കൂടി നീട്ടാനുള്ള സാധ്യതയും അവർ തുറന്നിടുന്നുണ്ട്. തനിക്ക് ഇനിയും ഫുട്‌ബോൾ കളിക്കണം എന്നു വ്യക്തമായ എറിക്സൻ മുമ്പ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനു ആയി കാഴ്ചവച്ച മികവ് ബ്രന്റ്ഫോർഡിൽ പുറത്ത് എടുക്കാൻ ആവും ശ്രമിക്കുക. ‘ബീ’സിന് ആയി കളിക്കുന്ന ഏറ്റവും പ്രസിദ്ധനായ താരം ആവും എറിക്സൻ.