ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ കഷ്ടകാലം തുടരുകയാണ്. ഒരു പരാജയം കൂടെ ചെൽസി ഇന്നലെ ഏറ്റുവാങ്ങി. ലെസ്റ്റർ സിറ്റിയെ നേരിട്ട ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ലെസ്റ്ററിന്റെ ഗ്രൗണ്ടിൽ ചെൽസി അറ്റാക്കും ഡിഫൻസും ഒരുപോലെ പതറുന്നതാണ് കണ്ടത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ ചെൽസി ഗോൾ വഴങ്ങി.
നന്നായി വർക്ക് ചെയ്ത കോർണറിൽ നിന്ന് ഒരു ലോങ് സ്ട്രൈക്കിലൂടെ എൻഡിഡി ആണ് മെൻഡിയെ കീഴ്പ്പെടുത്തിയത്. ആ ഗോളിന് മറുപടി കൊടുക്കാൻ ചെൽസി ശ്രമിച്ചു എങ്കിലും ആദ്യ പകുതിയിൽ തന്നെ തിരിച്ചടി നേരിട്ടു. 41ആം മിനുട്ടിൽ ആൾബ്രൈറ്റന്റെ ലോങ് പാസ് മാഡിസനെ കണ്ടെത്തി. മാഡിസൻ എളുപ്പത്തിൽ മെൻഡിയെ ബീറ്റ് ചെയ്ത് ലീഡ് ഇരട്ടിയാക്കി. മാഡിസൻ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ ഉടനീളം ശ്രമിച്ചിട്ടും ലെസ്റ്റർ ഡിഫൻസ് ഭേദിക്കാൻ ചെൽസിക്കായില്ല. കായ് ഹവേർട്സും വെർണറും ഒക്കെ ഇന്ന് നിരാശപ്പെടുത്തി.
ഈ വിജയം ലെസ്റ്ററിനെ 38 പോയിന്റുമായി ലീഗിൽ ഒന്നാമത് ആക്കി. ചെൽസി 29 പോയിന്റുനായി എട്ടാം സ്ഥാനത്താണ് ഉള്ളത്.