കലിപ്പ് തീർത്ത് ചെൽസി, ക്രിസ്റ്റൽ പാലസിനെ തരിപ്പണമാക്കി

പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ബ്രോമിനോട് തോറ്റതിന്റെ കലിപ്പ് ക്രിസ്റ്റൽ പാലസിനോട് തീർത്ത് ചെൽസി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ടോപ് ഫോറിലേക്ക് തിരിച്ചെത്താനും ചെൽസിക്കായി. ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട ആദ്യ പകുതിയിൽ 3 ഗോളുകളാണ് ചെൽസി അടിച്ചു കൂട്ടിയത്. ഹാവേർട്സിലൂടെ ആദ്യ ഗോൾ കണ്ടെത്തിയ ചെൽസി പുലിസിച്ചിലൂടെ രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മൗണ്ടിന്റെ ക്രോസിൽ നിന്ന് സൂമ ഹെഡറിലൂടെ ചെൽസിയുടെ മൂന്നാമത്തെ ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ ബെന്റകെ ഒരു ഗോൾ മടക്കി ക്രിസ്റ്റൽ പാലസിന് പ്രതീക്ഷ നൽകിയെങ്കിലും അധികം വൈകാതെ മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോൾ നേടി പുലിസിച്ച് ചെൽസിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.