ചാമ്പ്യൻസ് ലീഗിൽ നിന്ന് നാണംകെട്ട് പുറത്തായതിന് ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ ബാഴ്‌സലോണക്ക് ജയം. ഗെറ്റാഫെയോടാണ് ബാഴ്‌സലോണ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചത്. ബാഴ്‌സലോണക്ക് വേണ്ടി വിദാൽ ഒരു ഗോൾ നേടിയപ്പോൾ രണ്ടാമത്തെ ഗോൾ സെൽഫ് ഗോളായിരുന്നു. തോൽവിയോടെ ഗെറ്റാഫെയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു.
ലിവർപൂളിനോടേറ്റ കനത്ത തോൽവിയിൽ നിന്ന് മുക്തരാവാൻ മികച്ച ജയം തേടി ഇറങ്ങിയ ബാഴ്‌സലോണക്ക് ആദ്യ പകുതിയിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ പല തവണ ബാഴ്‌സലോണ ഗോൾ മുഖം വിറപ്പിച്ച ഗെറ്റാഫെ ഒരു തവണ ബാഴ്‌സലോണ ഗോൾ വല കുലുക്കിയെങ്കിലും റഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിളിക്കുകയായിരുന്നു. തുടർന്നാണ് വിദാലിലൂടെ ആദ്യ പകുതിയിൽ ബാഴ്‌സലോണ ഗോളടിച്ചത്.
രണ്ടാം പകുതിയിൽ കുറച്ച് മെച്ചപ്പെട്ട പ്രകടനവുമായി ഇറങ്ങിയ ബാഴ്‌സലോണ നിരവധി തവണ ഗെറ്റാഫെ ഗോൾ മുഖം ആക്രമിച്ചെങ്കിലും ഗെറ്റാഫെ ഗോൾ കീപ്പറുടെയും പ്രതിരോധ നിരയുടെയും ചെറുത്ത്നിൽപ്പ് ബാഴ്‌സലോണക്ക് ഗോൾ നിഷേധിക്കുകയായിരുന്നു. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് അറമ്പരിയുടെ സെൽഫ് ഗോളിലൂടെ ബാഴ്‌സലോണ രണ്ടാമത്തെ ഗോൾ നേടിയത്. മത്സരം ജയിച്ചെങ്കിലും കോപ്പ ഡെൽ റേ ഫൈനലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൂട്ടീഞ്ഞോ പരിക്കേറ്റ് പുറത്തുപോയത് ബാഴ്‌സലോണക്ക് കാന്ത തിരിച്ചടിയായി.