യുവന്റസിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തി റോമാ

സീരി എ ചാമ്പ്യന്മാരായ യുവന്റസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് റോമാ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ നേടിയ രണ്ടു ഗോളുകളാണ് യുവന്റസിനെതിരെ റോമയുടെ വിജയം ഉറപ്പിച്ചത്. ആദ്യ പകുതിയിൽ റോമാ ഗോൾ കീപ്പർ മിറന്റെ നടത്തിയ മാസ്മരിക രക്ഷപെടുത്തലുകളാണ് ഗോൾ വഴങ്ങാതെ റോമയെ രക്ഷിച്ചത്.

79ആം മിനുട്ടിൽ അലക്സാൺഡ്രോ ഫ്ലോറെൻസിയും ഇഞ്ചുറി ടൈമിൽ എഡിൻ ജെക്കോയും നേടിയ ഗോളുകളിലാണ് റോമാ വിജയിച്ചത്. ഇന്നത്തെ ജയത്തോടെ നാലാം സ്ഥാനത്തുള്ള ഇന്റർ മിലാന്റെ ഒരു പോയിന്റ് പിറകിലെത്താനും റോമക്കായി. ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. തുടർന്ന് രണ്ടാം പകുതിയിൽ യുവന്റസിന് വേണ്ടി റൊണാൾഡോ റോമാ വല കുലുക്കിയെങ്കിലും വാർ ഇടപെട്ട് അത് ഓഫ് സൈഡ് വിളിക്കുകയും ചെയ്തു.