ഫിഫ ഖത്തർ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്‌സണൽ ഇന്ന് വോൾവ്സിനെ നേരിടും. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്‌സണൽ 19 സ്ഥാനക്കാർ ആയ വോൾവ്സിന് എതിരെ അവരുടെ മൈതാനത്ത് ജയം പ്രതീക്ഷിച്ചു തന്നെയാവും ഇറങ്ങുക. പുതിയ പരിശീലകൻ ജൂലൻ ലോപറ്റ്യുഗിക്ക് കീഴിൽ വോൾവ്സ് ഇറങ്ങുന്ന ആദ്യ മത്സരം കൂടിയാണ് ഇത്. ലീഗ് കപ്പിൽ പ്രമുഖർക്ക് വിശ്രമം നൽകി പരാജയപ്പെട്ട ആഴ്‌സണൽ വിജയവഴിയിൽ തിരിച്ചു വരാൻ ആവും ഇന്ന് ഇറങ്ങുക. വലിയ പരിക്കുകൾ വലക്കുന്നില്ല എന്നതിനാൽ ശക്തമായ നിരയെ ആവും ആഴ്‌സണൽ ഇറക്കുക.
കഴിഞ്ഞ സീസണിൽ വോൾവ്സിനെ രണ്ടു പ്രാവശ്യവും ആഴ്‌സണൽ മറികടന്നിരുന്നു. ഗോൾ കീപ്പർ ആയി റാംസ്ഡേൽ ഇറങ്ങുമ്പോൾ മുന്നിൽ ഗബ്രിയേൽ, സലിബ കൂട്ട് കെട്ട് ഒരിക്കൽ കൂടി ഇറങ്ങും. റൈറ്റ് ബാക്ക് ആയി ബെൻ വൈറ്റ് ഇറങ്ങുമ്പോൾ ലെഫ്റ്റ് ബാക്ക് ആയുള്ള സിഞ്ചെങ്കോയുടെ മടങ്ങി വരവ് ആഴ്‌സണലിനെ കൂടുതൽ ശക്തരാക്കിയിട്ടുണ്ട്. മധ്യനിരയിൽ മികവ് തുടരുന്ന ഗ്രാനിറ്റ് ശാക്ക,തോമസ് പാർട്ടി സഖ്യം തുടരും. ഇത് വരെയുള്ള എല്ലാ പ്രീമിയർ ലീഗ് മത്സരങ്ങളിലും ഗോൾ നേടിയ ഏക ടീം ആയ ആഴ്‌സണൽ മുന്നേറ്റം അതിശക്തമാണ്. നിലവിൽ ഗോൾ കണ്ടത്താൻ വിഷമിക്കുന്നു എങ്കിലും ടീമിന് ആയി വളരെയധികം സംഭാവനകൾ നൽകുന്ന ഗബ്രിയേൽ ജീസുസ് തന്റെ ഗോൾ വരൾച്ച അവസാനിപ്പിക്കാൻ ആവും ഇന്ന് ഇറങ്ങുക.
ജീസുസിന് പിന്നിൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിനു ഒപ്പം ബുകയോ സാകയും ഗബ്രിയേൽ മാർട്ടിനെല്ലിയും ഇറങ്ങും. തങ്ങളുടെ ലോകകപ്പ് ടീമുകളിൽ ഇടം പിടിച്ച ഭൂരിഭാഗം ആഴ്‌സണൽ താരങ്ങളും ലോകകപ്പിന് മുമ്പ് ഒരു ഉഗ്രൻ പ്രകടനം നടത്താൻ ആവും ഇന്ന് ഇറങ്ങുക. ഫാബിയോ വിയേര,എഡി എങ്കിതിയ, ടിയേർണി,റീസ് നെൽസൺ എന്നിവർ പകരക്കാരായി ടീമിൽ ഉണ്ടാവും. അതേസമയം മോശം ഫോമിനു ഒപ്പം ചുവപ്പ് കാർഡ് കണ്ട ഡീഗോ കോസ്റ്റയുടെയും സമേദോയുടെയും വിലക്കും വോൾവ്സിന് തിരിച്ചടിയാണ്. എങ്കിലും പുതിയ പരിശീലകനു കീഴിയിൽ തരം താഴ്ത്തൽ ഭീക്ഷണിയിൽ നിന്നു പുറത്ത് കടക്കാൻ പൊരുതാൻ ആവും വോൾവ്സ് ശ്രമം. ട്രയോറെ, പോഡൻസ്, റൂബൻ നെവസ് എന്നീ അപകടകാരികൾ ആയ താരങ്ങൾ ആഴ്‌സണലിന് ആശങ്ക പകരും. അർധരാത്രി കഴിഞ്ഞു 1.15 നു ആണ് ഈ മത്സരം നടക്കുക.