ബാലൻ ഡിയോർ നേടിയിട്ടും ലോകകപ്പ് കളിക്കാൻ സാധിക്കാത്ത അച്ഛന്റെ മകൻ അമേരിക്കക്ക് ആയി ലോകകപ്പ് കളിക്കും!

Wasim Akram

Collagemaker 20221112 044732325 01
Download the Fanport app now!
Appstore Badge
Google Play Badge 1

ബാലൻ ഡിയോർ നേടിയ ഫിഫ ലോക ഫുട്‌ബോളർ ആയി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ആയി മാറിയ ഒരേയൊരു ആഫ്രിക്കൻ താരമെ ചരിത്രത്തിൽ ഉള്ളു. അത് ജോർജ് വിയ എന്ന ഇതിഹാസം ആണ്. ലൈബീരിയയിൽ നിന്നു സാക്ഷാൽ ആഴ്‌സൻ വെങർ കൈപിടിച്ച് ഉയർത്തി മൊണാക്കോയിൽ എത്തിച്ച പിന്നീട് പി.എസ്.ജിയിലും തുടർന്ന് എ.സി മിലാനിലും ഗോൾ അടിച്ചു കൂട്ടിയ ചിലപ്പോൾ ആഫ്രിക്കൻ ഫുട്‌ബോൾ കണ്ട ആദ്യ സൂപ്പർ സ്റ്റാർ. 1995 ൽ ഫിഫയുടെ മികച്ച ഫുട്‌ബോൾ താരമായി മാറിയ വിയ ആ വർഷം ബാലൻ ഡിയോറിനും അർഹത നേടി. ഫുട്‌ബോളിന് അപ്പുറം വംശീയതയെ വിയയും വെങറും ഒരുമിച്ച് തോൽപ്പിച്ച കഥയും കളി ജീവിതം കഴിഞ്ഞ ശേഷം ജനതയെ സേവിക്കാൻ രാഷ്ട്രീയതിലേക്ക് ഇറങ്ങി 2017 ൽ ലൈബീരിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വിയയുടെ കഥ അത്രമേൽ പ്രചോദനവും ആവേശവും ഏതൊരാൾക്കും സമ്മാനിക്കുന്നത് ആണ്.

ലോകകപ്പ്

എന്നാൽ തന്റെ ഇതിഹാസ കരിയറിൽ ഒരിക്കൽ പോലും ഫിഫ ലോകകപ്പ് കളിക്കാൻ ജോർജ് വിയക്ക് ആയില്ല എന്നത് ആണ് സത്യം. 1986 മുതൽ ലൈബീരിയൻ ദേശീയ ടീമിന് ആയി ബൂട്ട് കെട്ടിയ വിയ 2002 ലോകകപ്പിന് അരികിൽ വരെ തന്റെ ടീമിനെ എത്തിച്ചു. 1996, 2002 വർഷങ്ങളിൽ അവരെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ യോഗ്യത നേടി നൽകിയതും വിയ ആയിരുന്നു. പലപ്പോഴും ടീമിനെ സാമ്പത്തിക പരമായി സഹായിച്ചും പരിശീലിപ്പിച്ചും ലൈബീരിയയുടെ എല്ലാം എല്ലാം ആയ വിയ 2018 ൽ പ്രസിഡന്റ് ആയിരുന്ന സമയത്ത് 51 മത്തെ വയസ്സിൽ നൈജീരിയക്ക് എതിരായ ഒരു സൗഹൃദ മത്സര ശേഷം ആണ് ദേശീയ ടീമിൽ നിന്നു വിരമിക്കുന്നത് പോലും. ലോകകപ്പ് കളിക്കാത്ത ഏറ്റവും മഹാനായ താരമായി പലരും പറയുന്ന പേരും ജോർജ് വിയയുടെ ആണ്. എന്നാൽ ഇന്ന് ജോർജ് വിയക്ക് സാധിക്കാതെ പോയ ഫിഫ ലോകകപ്പിൽ കളിക്കുക എന്ന സ്വപ്നം അദ്ദേഹത്തിന്റെ മകൻ തിമോത്തി വിയ യാഥാർത്ഥ്യം ആക്കാൻ പോവുകയാണ്.

ലോകകപ്പ്

ജോർജ് വിയയുടെയും ജമൈക്കൻ വംശജയായ ക്ലാർ മേരിയുടെയും മകൻ ആയി ഫെബ്രുവരി 22 തിയതി 2000 ത്തിൽ ന്യൂയോർക്ക് നഗരത്തിൽ ജനിച്ച തിമോത്തി(ടിം) വിയ ആണ് ഇന്ന് ലോകകപ്പ് കളിക്കുക എന്ന ജോർജ് വിയക്ക് സാധിക്കാതെ പോയ ആഗ്രഹം സഫലീകരിക്കാൻ പോവുന്നത്. അമേരിക്കയിൽ ജനിച്ചു വളർന്നു അമേരിക്കൻ പൗരൻ ആയി വളർന്ന ടിം വിയ ന്യൂയോർക്ക് റെഡ് ബുൾസ് അക്കാദമി വഴി ആണ് ശ്രദ്ധ നേടുന്നത്. തുടർന്ന് 2014 പി.എസ്.ജി അക്കാദമിയിൽ എത്തിയ ടിം 2017 ൽ അവരും ആയി 3 വർഷത്തെ കരാറിൽ ഒപ്പിട്ടു. 1990 കളിൽ ജോർജ് വിയ കളിച്ച അതേ ക്ലബിൽ മകന്റെ തിരിച്ചു വരവ് ആയിരുന്നു അത്. പാരീസിന് ആയി 5 മത്സരങ്ങളിൽ കളിച്ച ശേഷം സ്‌കോട്ടിഷ് ക്ലബ് സെൽറ്റികിൽ 2019 ൽ ടിം വിയ ലോണിൽ കളിച്ചു. തുടർന്ന് ആ വർഷം ജൂണിൽ ഫ്രഞ്ച് ക്ലബ് ലില്ലെയും ആയി 5 വർഷത്തെ കരാറിൽ ഒപ്പ് വച്ച ടിം വിയ പാരീസ് വിട്ടു ലില്ലെയിൽ ചേർന്നു.

ലോകകപ്പ്

ഇടക്ക് പരിക്ക് അലട്ടിയെങ്കിലും ലില്ലെയിൽ പതുക്കെ മികച്ച താരമായി വളരാൻ ടിം വിയക്ക് ആയി. അവർക്ക് ആയി 65 മത്സരങ്ങൾ കളിച്ച മികച്ച വേഗമുള്ള വിങർ ആയ ടിം വിയ ആറു ഗോളുകളും നേടിയിട്ടുണ്ട്. അമേരിക്കൻ ടീമിൽ അണ്ടർ 15, 17, 20, 23 തലങ്ങളിൽ കളിച്ചു ഉയർന്നു വന്ന ടിം വിയക്ക് ഫ്രാൻസ്, ജമൈക്ക, ലൈബീരിയ എന്നീ രാജ്യങ്ങൾക്ക് ആയി കളിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നു. ഫ്രഞ്ച് ടീമിൽ നിന്നുള്ള ക്ഷണം നിരസിച്ച ടിം രാജ്യത്തോടുള്ള സ്നേഹവും ചെറുപ്പം തൊട്ടു കളിച്ചു വളർന്ന തന്റെ സഹതാരങ്ങളും ആയുള്ള ഇഷ്ടവും കാരണമാണ് അമേരിക്ക എളുപ്പത്തിൽ തിരഞ്ഞെടുത്തത് എന്നു പിന്നീട് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ താരമായ ടെയിലർ ആദംസ്, അമേരിക്കൻ താരങ്ങളും തന്റെ കസിൻസും ആയ കെയിൽ ഡങ്കൻ, പാട്രിക് വിയ എന്നിവർ ടിം വിയയുടെ അടുത്ത സുഹൃത്തുക്കൾ ആണ്. ഇതിൽ ടെയിലർ ആദംസ് ടിം വിയക്ക് ഒപ്പം ലോകകപ്പിനുള്ള അമേരിക്കൻ ദേശീയ ടീമിൽ ഇടം പിടിച്ചിട്ടും ഉണ്ട്.

ലോകകപ്പ്

2018 ൽ 17 വയസ്സ് ഉള്ള സമയത്ത് ആണ് ടിം വിയ തന്റെ ആദ്യ സീനിയർ മത്സരത്തിന് ആയി അമേരിക്കക്ക് ആയി ബൂട്ട് കെട്ടുന്നത്. പരാഗ്വയെക്ക് എതിരായ സൗഹൃദ മത്സരത്തിൽ 86 മത്തെ മിനിറ്റിൽ പകരക്കാരനായി ആണ് ടിം അന്ന് കളത്തിൽ ഇറങ്ങിയത്. അമേരിക്കക്ക് ആയി ദേശീയ ടീമിൽ കളിക്കുന്ന 2000 ത്തിൽ ജനിച്ച ആദ്യ താരവും ആയി മാറി അന്ന് ടിം. തുടർന്ന് ആ വർഷം തന്നെ ബൊളീവിയക്ക് എതിരായ തന്റെ ആദ്യ മുഴുവൻ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ടിം അമേരിക്കക്ക് ആയി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരവും ആയി മാറി. യുവനിരയും ആയി വരുന്ന ബെർഹാൾട്ടറിന്റെ അമേരിക്കൻ ടീമിൽ ഇടം കണ്ടത്തിയ 22 കാരനായ ടിം ഖത്തർ ലോകകപ്പിൽ മികവ് കാണിക്കാൻ തന്നെയാവും ഇറങ്ങുക. ഫുട്‌ബോൾ കൊണ്ടും അതിന് പുറത്ത് മനുഷ്യാവകാശ, രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും ലോകം കീഴടക്കിയ ജോർജ് വിയയുടെ മകന് അച്ഛനു സാധിക്കാതെ പോയ വലിയ വേദിയാണ് ഖത്തറിൽ ലഭിച്ചിരിക്കുന്നത്. ഖത്തറിൽ ജോർജ് വിയയുടെ മകൻ അമേരിക്കക്ക് ആയി തിളങ്ങട്ടെ എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.