ആൻഫീൽഡിൽ ആരാധകർ തിരിച്ചെത്തിയ മത്സരത്തിൽ ലിവർപൂളിന് തകർപ്പൻ ജയം

20201207 075752
Credit: Twitter
- Advertisement -

കൊറോണ കാലത്തിന് ശേഷം ആദ്യമായി ആരാധകർ സ്റ്റേഡിയത്തിൽ തിരികെ എത്തിയ മത്സരത്തിൽ ലിവർപൂളിന് ഗംഭീര വിജയം. ഇന്നലെ വോൾവ്സിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്. കൊറോണ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് 2000 ആരാധകർ ആണ് ഇന്നലെ ആൻഫീൽഡിൽ എത്തിയത്. ആദ്യ പകുതിയിൽ കോഡിയുടെ ഒരു പിഴവിൽ നിന്ന് ലഭിച്ച പന്ത് സലായുടെ ഇടം കാൽ വലയിൽ എത്തിച്ചാണ് ലിവർപൂൾ ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ലിവർപൂളിന് കാര്യങ്ങൾ എളുപ്പമായി. ആദ്യം വൈനാൾഡത്തിന്റെ ഒരു ഗംഭീര സ്ട്രൈക്ക് ഗോൾ വലയുടെ ടോപ് കോർണറിൽ എത്തി. പിന്നാലെ സലായുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ മാറ്റിപ് ലിവർപൂളിന്റെ മൂന്നാം ഗോൾ നേടി. ഒരു സെൽഫ് ഗോളിലൂടെ ആണ് ലിവർപൂളിന്റെ നാലാം ഗോൾ വന്നത്. ഈ ജയത്തോടെ 24 പോയിന്റുമായി സ്പർസിനൊപ്പം തന്നെ ലീഗിൽ മുകളിൽ തന്നെ നിൽക്കുകയാണ് ലിവർപൂൾ. വോൾവ്സ് പത്താം സ്ഥാനത്താണ് ഉള്ളത്.

Advertisement