നാഷൻസ് ലീഗ് സെമി ഫൈനൽ; സ്പാനിഷ് ടീം പ്രഖ്യാപിച്ചു

നാഷൻസ് ലീഗ് സെമി ഫൈനലിൽ ഇറ്റലിയെ നേരിടാനുള്ള സ്പാനിഷ് ടീമിനെ കോച്ച് ഡെ ലാ ഫ്‌വെന്റെ പ്രഖ്യാപിച്ചു. യൂറോ ക്വാളിഫിക്കെഷന് വേണ്ടി തെരഞ്ഞെടുത്ത ടീമിൽ നിന്നും പല മാറ്റങ്ങളും വരുത്തിയാണ് ഇത്തവണ ടീം പ്രഖ്യാപിച്ചത്. കീപ്പർ സ്ഥാനത്തേക്ക് ഉനയ് സൈമൺ മടങ്ങിയെത്തുമ്പോൾ റോബർട്ടോ സാഞ്ചസ് ടീമിൽ ഇടം പിടിച്ചില്ല. ഫോമിലുള്ള വെറ്ററൻ താരം ജീസസ് നവാസ് ടീമിൽ എത്തിയത് അപ്രതീക്ഷിതമായി. സോസിഡാഡ് താരം റോബിൻ ലെ നോർമന്റിന് അർഹിച്ച വിളിയെത്തിയപ്പോൾ ബാഴ്‌സലോണ വിടുന്നതായി പ്രഖ്യാപിച്ച ജോർഡി ആൽബയും ഇടം പിടിച്ചു. പരിക്കേറ്റ് പുറത്തായ പെഡ്രിയാണ് ടീമിലെ നിർണായ അസാന്നിധ്യം. കർവഹാളും ലപോർടയും ഇടം പിടിച്ചെങ്കിലും ഇനിഗോ മർട്ടിനസ്, നാച്ചോ അടക്കമുള്ള സെന്റർ ബാക്കുകളുടെ അഭാവം ടീമിൽ ഉണ്ട്.

മധ്യനിരയിൽ പതിവ് താരങ്ങൾ എല്ലാം എത്തിയപ്പോൾ സെബയ്യോസ് ടീമിൽ നിന്നും പുറത്തായി. റോഡ്രി, സുബിമെന്റി, ഫാബിയൻ റൂയിസ് തുടങ്ങിയവർ ടീമിൽ ഉണ്ട്. മുൻനിരയിൽ ഇയാഗോ ആസ്‌പാസ്, ഓയർസബാൽ എന്നീ സീനിയർ താരങ്ങൾക്ക് സ്ഥാനം നേടാനാവാതെ പോയപ്പോൾ യുവതാരമായ യെരെമി പിനോ തിരിച്ചെത്തി. ഡാനി ഓൾമോ, മൊറാട, അസെൻസിയോ തുടങ്ങിയ അനുഭവസമ്പന്നരുള്ള മുന്നേറ്റ നിരക്ക് കരുത്തു പകരാൻ നിക്കോ വില്യംസും ജോസെലുവും എത്തും. ഇന്ത്യൻ സമയം ജൂൺ 16നാണ് ഇറ്റലിയും സ്പെയിനും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം. ജയം നേടുന്ന ടീം ക്രോയേഷ്യ – നെതർലാണ്ട്സ് മത്സര വിജയികളെ 18ന് നടക്കുന്ന ഫൈനലിൽ നേരിടും.

ദേശീയ ഗെയിംസ്, സ്കേറ്റിങിൽ കേരളത്തിന് രണ്ട് സ്വർണ്ണം

ദേശീയ ഗെയിംസ് 2022ൽ കേരളം ആദ്യ സ്വർണ്ണം സ്വന്തമാക്കി. സ്കേറ്റിങ് ഇനത്തിലാണ് രണ്ട് സ്വർണ്ണം ഇന്ന് നേടിയത്. ഫിഗർ സ്കേറ്റിങിൽ പുരുഷ വിഭാഗത്തിൽ അഭിജിത്ത് കേരളത്തിനായി സ്വർണ്ണം നേടി. സ്കേറ്റ് ബോർഡിംഗ് വനിതാ വിഭാഗത്തിൽ വിദ്യ ദാസും സ്വർണ്ണം നേടി. സ്കേറ്റ് ബോർഡിംഗ് പുരുഷ വിഭാഗത്തിൽ വിനീഷ് വെള്ളിയും നേടി.

അത്ലറ്റിക്സിൽ ട്രിപിൾ ജമ്പിൽ അരുൺ എ ബി വെള്ളി മെഡൽ നേടി. അത്ലറ്റിക്സിലെ കേരളത്തിലെ ആദ്യ വെള്ളി മെഡൽ ആണിത്.

Abhijit
Abhijit
Vineesh
Arun AB

നേഷൻസ് ലീഗ് – സ്പെയിനിനെ വീഴ്ത്തി സ്വിസ് പട

യുഫേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ 2 വിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി സ്വിസർലന്റ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ചത് സ്‌പെയിൻ ആയിരുന്നു എങ്കിലും അവർക്ക് അത് ജയം ആയി മാറ്റാൻ സാധിച്ചില്ല. മത്സരത്തിൽ 21 മത്തെ മിനിറ്റിൽ റൂബൻ വർഗാസിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ പ്രതിരോധതാരം മാനുവൽ അക്കാഞ്ചി സ്വിസ് ടീമിന് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു.

രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനുള്ളിൽ സ്പെയിൻ മത്സരത്തിൽ ഒപ്പമെത്തി. മാർകോ അസൻസിയോയുടെ പാസിൽ നിന്നു ജോർദി ആൽബയാണ് സമനില ഗോൾ കണ്ടത്തിയത്. 3 മിനിറ്റിനുള്ളിൽ സ്വിസ് ടീം തങ്ങളുടെ മുൻതൂക്കം തിരിച്ചു പിടിച്ചു. വർഗാസിന്റെ ഫ്രീകിക്കിൽ നിന്നു അക്കാഞ്ചിയുടെ ഗോൾ നേടാനുള്ള ശ്രമം എറിക് ഗാർസിയയുടെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആവുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ നിലവിൽ മൂന്നാമത് ആവാൻ സ്വിസ് ടീമിന് ആയി എന്നാൽ സ്‌പെയിൻ ഗ്രൂപ്പിൽ രണ്ടാമത് തുടരുകയാണ്.

നുയറിന് പകരം ടെർ സ്റ്റെഗൻ ജർമ്മനിയുടെ ഗോൾകീപ്പർ

നേഷൻസ് ലീഗിൽ ടെർ സ്റ്റെഗൻ ജർമ്മൻ ടീമിന്റെ ഗോൾകീപ്പറാകും. ജർമ്മൻ പരിശീലകനായ ഹാൻസി ഫ്ലിക്കാണ് നുയറിന് പകരം ടെർ സ്റ്റെഗൻ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായ മാനുവൽ നുയറിന് പകരക്കാരനായാണ് ടെർ സ്റ്റെഗൻ ഫസ്റ്റ് ടീമിലെത്തിയത്.

Credit: Twitter

നേഷൻസ് ലീഗിൽ ജർമ്മനിക്ക് ഹങ്കറിയും ഇംഗ്ലണ്ടുമാണ് എതിരാളികൾ. കോവിഡ് ബാധിതനായ നുയറിന് പകരം ഹോഫൻഹെയിമിന്റെ ഒലിവർ ബോമാനെ ടീമിലെത്തിച്ചെങ്കിലും ടെർ സ്റ്റെഗനായിരിക്കും ജർമ്മനിയുടെ വലകാക്കുന്നത്. ലാ ലീഗയിൽ ബാഴ്സലോണക്ക് വേണ്ടി മികച്ച ഫോമിലാണ് ടെർ സ്റ്റെഗൻ.

യുവതാരത്തിന്റെ ഗോളിൽ ബെൽജിയത്തിനെതിരെ സമനില പിടിച്ചു വെയിൽസ്

യുഫേഫ നേഷൻസ് ലീഗിൽ ശക്തരായ ബെൽജിയത്തെ സമനിലയിൽ തളച്ചു വെയിൽസ്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു മത്സരം സമനിലയിൽ പിരിയുക ആയിരുന്നു. ഗ്രൂപ്പ് എ 4 മത്സരത്തിൽ പന്ത് 60 ശതമാനത്തിൽ അധികം കൈവശം വച്ചത് ബെൽജിയം ആയിരുന്നു എങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിൽ വെയിൽസ് അത്ര പിന്നിൽ ആയിരുന്നില്ല. തങ്ങളുടെ ആധിപത്യം ഗോൾ ആക്കി മാറ്റുന്നതിൽ ബെൽജിയം പരാജയപ്പെട്ടത് ആണ് മത്സരത്തിൽ കാണാൻ ആയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബാത്ശുയായിയും ട്രൊസാർഡും കൂടി നടത്തിയ നീക്കത്തിന് ഒടുവിൽ ബാത്ശുയായിയുടെ പാസിൽ നിന്നു മികച്ച ഗോളിലൂടെ 50 മത്തെ മിനിറ്റിൽ യൂരി ടിലമെൻസ് ബെൽജിയത്തിന് ആദ്യ ഗോൾ സമ്മാനിച്ചു.

തുടർന്ന് നടത്തിയ മുന്നേറ്റങ്ങൾ ഗോൾ ആക്കി മാറ്റാൻ ബെൽജിയത്തിന് ആയില്ല. 86 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 21 കാരനായ യുവതാരം ബ്രണ്ണൻ ജോൺസൺ വെയിൽസിന് സമനില ഗോൾ സമ്മാനിച്ചു. മികച്ച ടീം ഗോൾ ആയിരുന്നു ഇത്. മറ്റൊരു പകരക്കാരനായ പരിചയസമ്പന്നനായ ആരോൺ റംസിയുടെ പാസിൽ നിന്നായിരുന്നു ബ്രണ്ണൻ ജോൺസന്റെ ഗോൾ. ഇത്തവണ നേഷൻസ് ലീഗിൽ വെയിൽസ് നേടുന്ന ആദ്യ പോയിന്റ് ആണ് ഇത്. വെയിൽസിന് എതിരെ അവരുടെ മൈതാനത്ത് ഇത് വരെ ജയിക്കാൻ ബെൽജിയത്തിന് ആയില്ല എന്ന പതിവ് ഇത്തവണയും തുടർന്നു.

പോളണ്ടിനെതിരെ തിരിച്ചു വന്നു സമനില പിടിച്ചു ഹോളണ്ട്,പെനാൽട്ടി പാഴാക്കി മെമ്പിസ്

യുഫേഫ നേഷൻസ് ലീഗിൽ ഹോളണ്ട്, പോളണ്ട് മത്സരം 2-2 നു സമനിലയിൽ അവസാനിച്ചു. തീർത്തും ആവേശകരമായ മത്സരത്തിൽ ഹോളണ്ടിനു ആയിരുന്നു ആധിപത്യം. കൂടുതൽ അവസരങ്ങളും അവർ ഉണ്ടാക്കി. മത്സരത്തിൽ 18 മത്തെ മിനിറ്റിൽ നികോള സലവ്സ്കിയുടെ പാസിൽ നിന്നു മാറ്റി കാശ് പോളണ്ടിനു മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. പോളണ്ട് പൗരത്വം സ്വീകരിച്ച ശേഷം രാജ്യത്തിനു ആയി കളിക്കുന്ന ആറാം മത്സരത്തിൽ കാശ് നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. പിന്നീട് ആദ്യ പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും രണ്ടാം പകുതി തുടങ്ങിയ ഉടൻ ഗോളുകൾ പിറക്കുന്നത് ആണ് കാണാൻ ആയത്.

രണ്ടാം പകുതി തുടങ്ങി 180 സെക്കന്റുകൾക്ക് അകം ഫ്രാങ്കോവ്സ്കിയുടെ പാസിൽ നിന്ന് പിയോറ്റർ സിലിൻസ്കി പോളണ്ടിനു രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടു ഗോൾ വഴങ്ങിയ ശേഷം ലൂയിസ് വാൻ ഗാലിന്റെ ടീം കൂടുതൽ ഉണർന്നു കളിച്ചു. 2 മിനിറ്റിനുള്ളിൽ ഡാവി ക്ലാസൻ ഹോളണ്ടിനു ആയി ഒരു ഗോൾ മടക്കി. ഡെയ്‌ലി ബ്ലിന്റിന്റെ ക്രോസ് കൈകാര്യം ചെയ്യുന്നതിൽ പോളണ്ട് പ്രതിരോധത്തിന് പറ്റിയ പിഴവ് ആണ് ക്ലാസൻ മുതലെടുത്തത്. തുടർന്ന് മൂന്നു മിനിറ്റിനുള്ളിൽ ഹോളണ്ട് സമനില കണ്ടത്തി. മെമ്പിസ് ഡീപായിയുടെ പാസിൽ നിന്നു ഡെൻസൽ ഡംഫ്രെയിസ് ഹോളണ്ടിനു സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു.

മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ കാശിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി എടുത്ത ഹോളണ്ട് ക്യാപ്റ്റൻ മെമ്പിസ് ഡീപായിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുക ആയിരുന്നു. വാർ പരിശോധനക്ക് ശേഷം ആയിരുന്നു പെനാൽട്ടി അനുവദിക്കപ്പെട്ടത്. 2 മിനിറ്റിനു ശേഷം ബുദ്ധിപൂർവ്വം എടുത്ത കോർണറിൽ നിന്നു വെഗ്ഹോർസ്റ്റ് നൽകിയ പാസിൽ നിന്നു മെമ്പിസ് ഡീപായി എടുത്ത ഷോട്ട് ഒരിക്കൽ കൂടി പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഗ്രൂപ്പ് എ 4 ൽ ഹോളണ്ട് തന്നെയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

വീണ്ടും ജയിക്കാൻ ആവാതെ ഇംഗ്ലണ്ട്, ഇറ്റലിയോടും സമനില

യുഫേഫ നേഷൻസ് ലീഗിൽ ജയം കാണാൻ ആവാതെ ഇംഗ്ലണ്ട്. ഇന്ന് യൂറോ കപ്പ് ഫൈനൽ ആവർത്തനത്തിൽ ഇറ്റലിയോടും ഗോൾ രഹിത സമനില വഴങ്ങിയതോടെ കളിച്ച ഒരു മത്സരത്തിലും ജയം കാണാൻ ഇംഗ്ലണ്ടിന് ആയില്ല. മത്സരത്തിൽ നേരിയ മുൻതൂക്കം ഇംഗ്ലണ്ടിന് ആയിരുന്നു എങ്കിലും ഏതാണ്ട് ഇരു ടീമുകളും തുല്യ അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. മേസൻ മൗണ്ടിന്റെ ഷോട്ട് ബാറിലേക്ക് ഇടിച്ചു മടങ്ങിയപ്പോൾ ടൊണാലിയുടെയും പെസ്സിനയുടെയും ഗോൾ ശ്രമങ്ങൾ അതുഗ്രൻ മികവിലൂടെ ഗോൾ കീപ്പർ ആരോൺ റാംസ്ഡേൽ രക്ഷിച്ചു.

രണ്ടാം പകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ ജെയിംസിന്റെ ക്രോസിൽ നിന്നു ലഭിച്ച സുവർണ അവസരം ഗോൾ ആക്കി മാറ്റാൻ റഹീം സ്റ്റെർലിങിനു ആയില്ല. അവസാന നിമിഷങ്ങളിൽ വിജയ ഗോളിന് ആയി ഇംഗ്ലണ്ട് ശ്രമിച്ചു എങ്കിലും ഗോൾ മാത്രം കണ്ടത്താൻ അവർക്ക് ആയില്ല. 2018 നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ടിന് 3 മത്സരങ്ങളിൽ തുടർച്ചയായി ജയം കാണാൻ ആവാതെ പോവുന്നത്. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എ 3 യിൽ ഹംഗറിക്ക് മുകളിൽ ഒന്നാമത് ആണ് ഇറ്റലി. അതേസമയം ഗ്രൂപ്പിൽ ഇത് വരെ ജയിക്കാൻ ആവാത്ത ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായ ജർമ്മനിക്ക് പിറകിൽ അവസാന സ്ഥാനത്ത് ആണ്.

നേഷൻസ് ലീഗിൽ ജർമ്മനിയെ സമനിലയിൽ തളച്ചു ഹംഗറി

യുഫേഫ നേഷൻസ് ലീഗിൽ ജർമ്മനിയെ സമനിലയിൽ തളച്ചു ഹംഗറി. പന്ത് കൈവശം വച്ചതിൽ ജർമ്മനി മുന്നിട്ട് നിന്ന മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഹംഗറി ആയിരുന്നു. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ജർമ്മനിയെ ഹംഗറി ഞെട്ടിച്ചു. ഉഗ്രൻ ഒരു ഗോളിലൂടെ രാജ്യത്തിനു ആയി ആദ്യ ഗോൾ നേടിയ സോൾട്ട് നാഗിയാണ് ഹംഗറിക്ക് മുൻതൂക്കം നൽകിയത്.

എന്നാൽ 3 മിനിറ്റിനുള്ളിൽ ജർമ്മനി തിരിച്ചടിച്ചു. നികോ സ്‌കലോറ്റർബക്കിന്റെ പാസിൽ നിന്നു ഗോൾ നേടിയ യൊനാസ് ഹോഫ്മാൻ ആണ് ജർമ്മനിക്ക് സമനില ഗോൾ നൽകിയത്. രാജ്യത്തിനു ആയി നാലാം ഗോൾ നേടിയ ഹോഫ്മാന്റെ തുടർച്ചയായ രണ്ടാം മത്സരത്തിലെ ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ഹോഫ്മാനു അവസരം മുതലാക്കാൻ ആവാതിരുന്നപ്പോൾ ഹംഗറിക്ക് ആയി ലഭിച്ച രണ്ടു സുവർണ അവസരങ്ങൾ ഗോളിലേക്ക് ഹെഡ് ചെയ്യാൻ മാർട്ടിൻ ആദമിനു ആയില്ല.

ഡെന്മാർക്കിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചു ക്രൊയേഷ്യ

യുഫേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനു ആദ്യ പരാജയം സമ്മാനിച്ചു ക്രൊയേഷ്യ. എ 1 ഗ്രൂപ്പിൽ ഒന്നാമതുള്ള ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ക്രൊയേഷ്യ വീഴ്ത്തിയത്. തുടർച്ചയായ 5 വിജയങ്ങൾക്ക് ശേഷം ആണ് ഡെന്മാർക്ക് പരാജയം വഴങ്ങുന്നത്. പന്ത് കൈവശം വക്കുന്നതിൽ ക്രൊയേഷ്യക്ക് നേരിയ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് ഡെന്മാർക്ക് ആയിരുന്നു.

രണ്ടാം പകുതിയിൽ ആയിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോൾ പിറന്നത്. 69 മത്തെ മിനിറ്റിൽ ലഭിച്ച അവസരം ഗോൾ ആക്കി മാറ്റിയ മരിയോ പസാലിച് ആണ് ക്രൊയേഷ്യക്ക് വിജയ ഗോൾ സമ്മാനിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ ആദ്യ ജയം കുറിച്ച ക്രൊയേഷ്യ നിലവിൽ മൂന്നാം സ്ഥാനത്ത് ആണ്. അതേസമയം ഓസ്ട്രിയക്ക് ഒപ്പം ഗ്രൂപ്പിൽ ഒന്നാമത് ആണ് ഡെന്മാർക്ക്.

രക്ഷകനായി എമ്പപ്പെ, ഫ്രാൻസിനെ സമനിലയിൽ തളച്ചു ഓസ്ട്രിയ

യുഫേഫ നേഷൻസ് ലീഗിൽ തങ്ങളുടെ പൂർണ മികവ് വീണ്ടും പുറത്ത് എടുക്കാൻ ആവാതെ ഫ്രാൻസ്. ഓസ്ട്രിയക്ക് എതിരെ 1-1 ന്റെ സമനില ആണ് അവർ വഴങ്ങിയത്. ആദ്യ പകുതിയിൽ കഷ്ടപ്പെടുന്ന ഫ്രാൻസിനെ ആണ് കാണാൻ ആയത്. ഫ്രാൻസിനെ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നു തടഞ്ഞ ഓസ്ട്രിയ മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ ഗോളും കണ്ടത്തി. കൊണാർഡ് ലൈമറിന്റെ പാസിൽ നിന്നു ആന്ദ്രസ് വെയ്‌മാൻ ആണ് ഓസ്ട്രിയക്ക് ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ കൂടുതൽ മികവിലേക്ക് ഉയർന്ന ഫ്രാൻസിനെ ആണ് കാണാൻ ആയത്.

തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ കരീം ബെൻസെമ, കിങ്സ്‌ലി കോമാൻ എന്നിവർ പാഴാക്കുന്നതും കാണാൻ ആയി. ഗ്രീസ്മാനു പകരക്കാരനായി എമ്പപ്പെ വന്നതോടെ കളി മാറി. 83 മത്തെ മിനിറ്റിൽ മറ്റൊരു പകരക്കാരനായ ക്രിസ്റ്റഫർ എങ്കുങ്കുവും ആയി ചേർന്നു നടത്തിയ നീക്കത്തിന് ഒടുവിൽ പാസ് സ്വീകരിച്ച എമ്പപ്പെ മികച്ച ഇടൻ കാലൻ അടിയിലൂടെ ഫ്രാൻസിന് സമനില സമ്മാനിച്ചു. തുടർന്ന് എമ്പപ്പെയുടെ മറ്റൊരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫ്രാൻസിന് നിരാശ നൽകി. തുടർന്ന് ഫ്രാൻസ് മുന്നേറ്റം പ്രതിരോധിച്ച ഓസ്ട്രിയ സമനില ഉറപ്പിക്കുക ആയിരുന്നു. നിലവിൽ ഗ്രൂപ്പ് എ 1 ൽ ഡെന്മാർക്കിന്‌ ഒപ്പം ഒന്നാമത് ആണ് ഓസ്ട്രിയ അതേസമയം ഫ്രാൻസ് അവസാന സ്ഥാനത്തും ആണ്.

ഗോളടിപ്പിച്ചു ബെർണാർഡോ സിൽവ, മികവ് തുടർന്ന് പോർച്ചുഗൽ

യുഫേഫ നേഷൻസ് ലീഗിൽ തങ്ങളുടെ മികവ് തുടർന്ന് പോർച്ചുഗൽ. രണ്ടു ഗോളുകൾക്കും വഴി ഒരുക്കിയ ബെർണാർഡോ സിൽവയുടെ മികവിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് പോർച്ചുഗൽ ചെക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത്. പോർച്ചുഗല്ലിന് മുൻതൂക്കം ഉണ്ടായിരുന്ന മത്സരത്തിൽ അവർ ആദ്യ പകുതിയിൽ ആണ് ഗോളുകൾ നേടിയത്. 33 മത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഒരുമിപ്പിച്ചപ്പോൾ ബെർണാർഡോ സിൽവയുടെ പാസിൽ നിന്നു ജോ കാൻസെലോ പോർച്ചുഗല്ലിന് മുൻതൂക്കം സമ്മാനിച്ചു.

5 മിനിറ്റുകൾക്ക് ശേഷം നെവസിന്റെ പാസ് സ്വീകരിച്ചു ബെർണാർഡോ സിൽവ മറിച്ചു നൽകിയ പന്ത് ലക്ഷ്യത്തിൽ എത്തിയ ഗോൺസാലോ ഗുയിഡസ് പോർച്ചുഗീസ് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ഗോൾ അടിക്കാൻ ചെക് ശ്രമങ്ങൾ ഉണ്ടായി എങ്കിലും അവർ ഗോൾ മാത്രം കണ്ടത്താൻ ആയില്ല. നിലവിൽ ഗ്രൂപ്പ് എ 2 വിൽ പോർച്ചുഗൽ ഒന്നാമതും ചെക് റിപ്പബ്ലിക് മൂന്നാമതും ആണ്.

സറാബിയയുടെ ഗോളിൽ സ്വിറ്റ്സർലാന്റിനെ വീഴ്ത്തി സ്‌പെയിൻ

യുഫേഫ നേഷൻസ് ലീഗിൽ സ്വിറ്റ്സർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു സ്‌പെയിൻ. പന്ത് കൈവശം വക്കുന്നതിൽ സ്പാനിഷ് ആധിപത്യം കണ്ട മത്സരത്തിൽ ഗോൾ ശ്രമങ്ങൾ അധികം ഒന്നും ഉണ്ടായില്ല. ഗ്രൂപ്പ് എ 2 വിൽ ഇത് തുടർച്ചയായ മൂന്നാം പരാജയം ആണ് സ്വിസ് ടീമിന് ഇത്. അതേസമയം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയ സ്പെയിനിന് ഇത് ആദ്യ ജയവും ആണ്.

ആദ്യ പകുതിയിൽ 13 മത്തെ മിനിറ്റിൽ മാർക്കോസ് യോറന്റെയുടെ പാസിൽ നിന്നു പാബ്ലോ സറാബിയ ആണ് സ്‌പെയിൻ ജയം ഉറപ്പിച്ചത്. ശേഷം സ്വിസ് പട അവസരങ്ങൾ തുറന്നു എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. നിലവിൽ ഗ്രൂപ്പ് എ 2 വിൽ പോർച്ചുഗല്ലിന് 2 പോയിന്റുകൾ പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് സ്‌പെയിൻ അതേസമയം ഒറ്റ മത്സരവും ജയിക്കാത്ത സ്വിറ്റ്സർലാന്റ് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആണ്.

Exit mobile version