പോളണ്ടിനെതിരെ തിരിച്ചു വന്നു സമനില പിടിച്ചു ഹോളണ്ട്,പെനാൽട്ടി പാഴാക്കി മെമ്പിസ്

യുഫേഫ നേഷൻസ് ലീഗിൽ ഹോളണ്ട്, പോളണ്ട് മത്സരം 2-2 നു സമനിലയിൽ അവസാനിച്ചു. തീർത്തും ആവേശകരമായ മത്സരത്തിൽ ഹോളണ്ടിനു ആയിരുന്നു ആധിപത്യം. കൂടുതൽ അവസരങ്ങളും അവർ ഉണ്ടാക്കി. മത്സരത്തിൽ 18 മത്തെ മിനിറ്റിൽ നികോള സലവ്സ്കിയുടെ പാസിൽ നിന്നു മാറ്റി കാശ് പോളണ്ടിനു മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. പോളണ്ട് പൗരത്വം സ്വീകരിച്ച ശേഷം രാജ്യത്തിനു ആയി കളിക്കുന്ന ആറാം മത്സരത്തിൽ കാശ് നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. പിന്നീട് ആദ്യ പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും രണ്ടാം പകുതി തുടങ്ങിയ ഉടൻ ഗോളുകൾ പിറക്കുന്നത് ആണ് കാണാൻ ആയത്.

രണ്ടാം പകുതി തുടങ്ങി 180 സെക്കന്റുകൾക്ക് അകം ഫ്രാങ്കോവ്സ്കിയുടെ പാസിൽ നിന്ന് പിയോറ്റർ സിലിൻസ്കി പോളണ്ടിനു രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടു ഗോൾ വഴങ്ങിയ ശേഷം ലൂയിസ് വാൻ ഗാലിന്റെ ടീം കൂടുതൽ ഉണർന്നു കളിച്ചു. 2 മിനിറ്റിനുള്ളിൽ ഡാവി ക്ലാസൻ ഹോളണ്ടിനു ആയി ഒരു ഗോൾ മടക്കി. ഡെയ്‌ലി ബ്ലിന്റിന്റെ ക്രോസ് കൈകാര്യം ചെയ്യുന്നതിൽ പോളണ്ട് പ്രതിരോധത്തിന് പറ്റിയ പിഴവ് ആണ് ക്ലാസൻ മുതലെടുത്തത്. തുടർന്ന് മൂന്നു മിനിറ്റിനുള്ളിൽ ഹോളണ്ട് സമനില കണ്ടത്തി. മെമ്പിസ് ഡീപായിയുടെ പാസിൽ നിന്നു ഡെൻസൽ ഡംഫ്രെയിസ് ഹോളണ്ടിനു സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു.

Screenshot 20220612 055958

മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ കാശിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി എടുത്ത ഹോളണ്ട് ക്യാപ്റ്റൻ മെമ്പിസ് ഡീപായിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുക ആയിരുന്നു. വാർ പരിശോധനക്ക് ശേഷം ആയിരുന്നു പെനാൽട്ടി അനുവദിക്കപ്പെട്ടത്. 2 മിനിറ്റിനു ശേഷം ബുദ്ധിപൂർവ്വം എടുത്ത കോർണറിൽ നിന്നു വെഗ്ഹോർസ്റ്റ് നൽകിയ പാസിൽ നിന്നു മെമ്പിസ് ഡീപായി എടുത്ത ഷോട്ട് ഒരിക്കൽ കൂടി പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഗ്രൂപ്പ് എ 4 ൽ ഹോളണ്ട് തന്നെയാണ് നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Exit mobile version