ജയം തുടർന്ന് ഹോളണ്ട്, വെയിൽസിനെ വീഴ്ത്തിയതിനു 94 മത്തെ മിനിറ്റിലെ ഗോളിൽ

യുഫേഫ നേഷൻസ് ലീഗിൽ ജയം തുടർന്ന് ഹോളണ്ട്. വെയിൽസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഡച്ച് പട ഇന്ന് മറികടന്നത്. ഹോളണ്ടിനു നേരിയ ആധിപത്യം ഉണ്ടായിരുന്നു എങ്കിലും മത്സരത്തിൽ ഏതാണ്ട് സമാസമം ആയിരുന്നു ഇരു ടീമുകളും. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ഹോളണ്ട് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്.

Screenshot 20220609 043303

ജേർഡി സ്‌കൂട്ടന്റെ പാസിൽ നിന്നു കൂപ്മെയിനെർസ് ആണ് ഹോളണ്ടിനു ഗോൾ സമ്മാനിച്ചത്. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ കോണർ റോബർട്ട്സന്റെ ഉഗ്രൻ ക്രോസിൽ നിന്നു മികച്ച ഹെഡറിലൂടെ റൈസ് നോറിങ്റ്റൻ ഡേവിസ് ആതിഥേയർക്ക് സമനില ഗോൾ സമ്മാനിച്ചു. താരത്തിന്റെ രാജ്യത്തിനു ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്. വെയിൽസ് സമനില ഉറപ്പിച്ച സമയത്ത് എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ തന്നെ ഹോളണ്ട് ഗോൾ തിരിച്ചടിച്ചു. ടൈറൽ മലാസിയയുടെ ക്രോസിൽ നിന്നു ശക്തമായ ഹെഡറിലൂടെ വോട്ട് വെഗ്ഹോർസ്റ്റ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഓറഞ്ചു പടക്ക് വിജയം സമ്മാനിക്കുക ആയിരുന്നു.

പോളണ്ടിനു മേൽ ആറാടി ബെൽജിയം, വമ്പൻ ജയം

യുഫേഫ നേഷൻസ് ലീഗിൽ പോളണ്ടിനു എതിരെ വമ്പൻ ജയവുമായി ബെൽജിയം. ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് റോബർട്ടോ മാർട്ടിനസിന്റെ ടീം പോളണ്ടിനെ തകർത്തത്. വലിയ ആധിപത്യം ആണ് മത്സരത്തിൽ ബെൽജിയത്തിന് ഉണ്ടായിരുന്നത്. മത്സരത്തിൽ 28 മത്തെ മിനിറ്റിൽ സെബാസ്റ്റ്യൻ സെയ്നിസാകിയുടെ പാസിൽ റോബർട്ട് ലെവണ്ടോൻസ്കിയുടെ ഗോളിൽ പോളണ്ട് ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ആദ്യ പകുതിക്ക് മുമ്പ് എന്നാൽ 42 മത്തെ മിനിറ്റിൽ അലക്‌സ് വിറ്റ്സലിലൂടെ ബെൽജിയം മത്സരത്തിൽ ഒപ്പം എത്തി. തിമോത്തി കാസ്റ്റാഗ്നയുടെ പാസിൽ നിന്നു ആയിരുന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ ആയിരുന്നു വിറ്റ്സലിന്റെ ഗോൾ. രണ്ടാം പകുതിയിൽ ബെൽജിയം സമഗ്ര ആധിപത്യം ആണ് കാണാൻ ആയത്. 59 മത്തെ മിനിറ്റിൽ ഏദൻ ഹസാർഡിന്റെ പാസിൽ നിന്നു കെവിൻ ഡിബ്രുയിന ബെൽജിയത്തെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

66 മത്തെ മിനിറ്റിൽ ഹസാർഡിനു പകരക്കാരനായി എത്തിയ ലിയാൻഡ്രോ ട്രോസാർഡിന്റെ ഊഴം ആയിരുന്നു പിന്നീട്. രണ്ടു ലോകത്തര ഗോളുകൾ ആണ് താരം നേടിയത്. 73 മത്തെ മിനിറ്റിൽ മിച്ചി ബാത്ഷ്യായുടെ പാസിൽ നിന്നാണ് ട്രോസാർഡ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 80 മത്തെ മിനിറ്റിൽ യാനിക് കരാസ്‌കോയുടെ കോർണറിൽ നിന്നു അതുഗ്രൻ അടിയിലൂടെ ട്രോസാർഡ് രണ്ടാം ഗോളും നേടി. മൂന്നു മിനിറ്റിനുള്ളിൽ ബെൽജിയം അഞ്ചാം ഗോളും നേടി. യൂരി ടിലിമൻസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നുള്ള അടിയിലൂടെ ലിയാണ്ടർ ഡെൻന്റോക്കർ ആണ് അവരുടെ അഞ്ചാം ഗോൾ നേടിയത്. 93 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലോയിസ് ഒപെന്റ ആണ് ബെൽജിയം ജയം പൂർത്തിയാക്കിയത്. മറ്റൊരു പകരക്കാരനായ തോർഗൻ ഹസാർഡിന്റെ പാസിൽ നിന്നായിരുന്നു താരം ഗോൾ നേടിയത്. ഹോളണ്ടിനോട് ഏറ്റ പരാജയത്തിൽ നിന്നു മികച്ച തിരിച്ചു വരവ് ആയി ബെൽജിയത്തിന് ഈ ജയം.

ഇംഗ്ലണ്ടിന് ആയി അമ്പതാം ഗോൾ നേടി ഹാരി കെയിൻ, ജർമ്മനിയോട് സമനില കണ്ടത്തി ഇംഗ്ലണ്ട്

യുഫേഫ നേഷൻസ് ലീഗിൽ ജർമ്മനിയെ സമനിലയിൽ പിടിച്ചു ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോട് തോൽവി വഴങ്ങിയ ഇംഗ്ലണ്ട് 1-1 നു ആണ് ജർമ്മനിയോട് സമനില നേടിയത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചത് ജർമ്മനി ആയിരുന്നു എങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് ഇംഗ്ലണ്ട് ആയിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പല ശ്രമങ്ങളും മികച്ച ബ്ലോക്കുകളിലൂടെയും സേവുകളിലൂടെയും ജർമ്മൻ പ്രതിരോധം പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ജോഷുവ കിമ്മിഷിന്റെ മികച്ച പാസിൽ നിന്നു മനോഹരമായ ഷോട്ടിലൂടെ യൊനാസ് ഹോഫ്മാൻ ആണ് ജർമ്മനിക്ക് മുൻതൂക്കം സമ്മാനിച്ചത്.

തുടർച്ചയായ രണ്ടാം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങും എന്നു തോന്നിച്ച ഇംഗ്ലണ്ടിന്റെ രക്ഷക്ക് പക്ഷെ വാർ എത്തി. ഹാരി കെയിനിനെ സ്കോലറ്റർബക് വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിക്കുക ആയിരുന്നു. തുടർന്ന് പെനാൽട്ടി അനായാസം കെയിൻ ലക്ഷ്യത്തിൽ എത്തിച്ചു. ഇതോടെ സർ ബോബി ചാൾട്ടനെ ഗോൾ വേട്ടയിൽ ഹാരി കെയിൻ മറികടന്നു. ഇംഗ്ലണ്ടിന് ആയി 50 ഗോളുകൾ തികച്ച കെയിൻ വെയിൻ റൂണിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം ആണ്. 53 ഗോളുകൾ ഇംഗ്ലണ്ടിന് ആയി നേടിയ റൂണി മാത്രം ആണ് രാജ്യത്തിനു ആയുള്ള ഗോൾ വേട്ടയിൽ കെയിനിന് മുന്നിൽ ഉള്ളത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളുമായി പെല്ലഗ്രിനി, ഹംഗറിക്ക് എതിരെ ജയവുമായി ഇറ്റലി

യുഫേഫ നേഷൻസ് ലീഗിൽ ഹംഗറിക്ക് എതിരെ ജയവുമായി ഇറ്റലി. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയും ആയി സമനില നേടിയ ഇറ്റലി 2-1 നു ആണ് ഹംഗറിയെ തോൽപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ ഇറ്റലി മുന്നിട്ട് നിന്ന മത്സരത്തിൽ അവസരങ്ങൾ ഇരു ടീമുകളും ഏതാണ്ട് സമാനമായി ആണ് തുറന്നത്. മത്സരത്തിൽ 30 മത്തെ മിനിറ്റിൽ ഇറ്റലി മുന്നിൽ എത്തി. ലിയനോർഡോ സ്പിനസോളയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ നികോള ബരെല്ല ആണ് ഇറ്റലിക്ക് മുൻതൂക്കം നൽകിയത്.

ആദ്യ പകുതി തീരുന്നതിനു തൊട്ടു മുമ്പ് ലോറൻസോ പോളിറ്റാനയുടെ പാസിൽ നിന്നു ലോറൻസോ പെല്ലഗ്രിനി ഇറ്റലിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിക്ക് എതിരെയും റോമ ക്യാപ്റ്റൻ ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിലും ഇറ്റലി ആണ് മികച്ച രീതിയിൽ തുടങ്ങിയത്. എന്നാൽ 61 മത്തെ മിനിറ്റിൽ ഹംഗറി ഒരു ഗോൾ മടക്കി. അറ്റില ഫിയോളയുടെ ക്രോസ് രക്ഷിക്കാനുള്ള ജിയാൻലൂക മാഞ്ചിനിയുടെ ശ്രമം സ്വന്തം ഗോളിൽ പതിക്കുക ആയിരുന്നു. ഒരു ഗോൾ വഴങ്ങിയെങ്കിലും ഇറ്റലി ജയം ഉറപ്പിക്കുക ആയിരുന്നു.

ജയം തുടർന്ന് ഡെന്മാർക്ക്, ഓസ്ട്രിയയെയും തോൽപ്പിച്ചു

യുഫേഫ നേഷൻസ് ലീഗിൽ ഫ്രാൻസിന് പിന്നാലെ ഓസ്ട്രിയയെയും വീഴ്ത്തി ഡെന്മാർക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഡാനിഷ് ജയം. സ്റ്റേഡിയത്തിലെ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് വൈകി ആണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് ഓസ്ട്രിയ ആയിരുന്നു എങ്കിലും ആദ്യം മുന്നിൽ എത്തിയത് ഡെന്മാർക്ക് ആയിരുന്നു. 27 മത്തെ മിനിറ്റിൽ പിയരെ ഹോൾബെയിർ അവരെ മുന്നിൽ എത്തിച്ചു.

തുടർന്ന് ഗോൾ തിരിച്ചടിക്കാൻ സകല ശ്രമങ്ങളും ഓസ്ട്രിയ നടത്തി. രണ്ടാം പകുതിയിൽ ഓസ്ട്രിയ 67 മത്തെ മിനിറ്റിൽ മത്സരത്തിൽ ഒപ്പം എത്തി. അർണോട്ടോവിച്ചിന്റെ പാസിൽ നിന്നു സാവർ ഗാലഗർ ആണ് അവർക്ക് സമനില നൽകിയത്. ഓസ്ട്രിയക്ക് മുൻതൂക്കം കണ്ട സമയത്ത് പക്ഷെ 84 മത്തെ മിനിറ്റിൽ ഡെന്മാർക്ക് ജയം പിടിച്ചെടുത്തു. ക്രിസ്റ്റിയൻ എറിക്സന്റെ പാസിൽ നിന്നു ഒരു ലോകോത്തര അടിയിലൂടെ പകരക്കാരനായി ഇറങ്ങിയ യെൻസ് ലാർസൻ ഡെന്മാർക്കിന്‌ വിജയം സമ്മാനിക്കുക ആയിരുന്നു.

അവസരങ്ങൾ പാഴാക്കിയതിനു വില കൊടുത്തു ഫ്രാൻസ്, ക്രൊയേഷ്യക്ക് എതിരെ സമനില

യുഫേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ഡെന്മാർക്കിനോട് പരാജയം ഏറ്റുവാങ്ങിയ ഫ്രാൻസ് ഇന്ന് ക്രൊയേഷ്യയോട് സമനില വഴങ്ങി. മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചു യുവനിരയും ആയി ഇറങ്ങിയ ഫ്രാൻസിന് അവസരങ്ങൾ പാഴാക്കിയത് ആണ് വിനയായത്. ആദ്യ പകുതിക്ക് മുമ്പ് നേടിയ ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ ഗോൾ പക്ഷെ അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതിയിൽ ഫ്രാൻസ് ആണ് ആദ്യം ഗോൾ നേടിയത്.

53 മത്തെ മിനിറ്റിൽ ബെൻ യെഡറിന്റെ പാസിൽ നിന്നു അഡ്രിയൻ റാബിയോറ്റ് ആണ് ഫ്രാൻസിന് മുൻതൂക്കം നൽകിയത്. തുടർന്ന് സമനിലക്ക് ആയി ക്രൊയേഷ്യ ശ്രമങ്ങൾ കാണാൻ ആയി. 78 മത്തെ മിനിറ്റിൽ അന്റോണിയോ ഗ്രീസ്മാനു ലഭിച്ച സുവർണ അവസരം താരത്തിന് ഗോൾ ആക്കാൻ ആയില്ല. 83 മത്തെ മിനിറ്റിൽ ക്രൊയേഷ്യ മത്സരത്തിൽ സമനില പിടിച്ചു. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ആന്ദ്ര ക്രാമറിച്ച് ആണ് അവർക്ക് സമനില സമ്മാനിച്ചത്. അവസാന മിനിറ്റിൽ സമനില കണ്ടത്താനുള്ള സുവർണ അവസരം ഗ്രീസ്മാനു ഗോൾ ആക്കി മാറ്റാൻ ആവാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

സ്ലൊവേനിയയെ ഗോളിൽ മുക്കി സെർബിയൻ ജയം

യുഫേഫ നേഷൻസ് ലീഗിൽ വമ്പൻ ജയവും ആയി സെർബിയ. സ്ലൊവേനിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അവർ തകർത്തത്. സെർബിയൻ ആധിപത്യം കണ്ട മത്സരത്തിൽ അവരുടെ എക്കാലത്തെയും ഗോൾ വേട്ടക്കാരൻ അലക്‌സാണ്ടർ മിട്രോവിച് ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ മിട്രോവിച് 24 മത്തെ മിനിറ്റിൽ ഗോൾ നേടി. എന്നാൽ 30 മത്തെ മിനിറ്റിൽ സ്ലൊവേനിയ പീറ്റർ സ്റ്റോജനോവിച്ചിലൂടെ മത്സരത്തിൽ ഒപ്പമെത്തി.

രണ്ടാം പകുതിയിൽ തുസാൻ ടാഡിച്, ലൂക ജോവിച് എന്നിവർ സെർബിയക്ക് ആയി കളത്തിൽ ഇറങ്ങി. 56 മത്തെ മിനിറ്റിൽ ടാഡിച് നൽകിയ പാസിൽ നിന്നു മിലിങ്കോവിച് സാവിച് സെർബിയയെ വീണ്ടും മത്സരത്തിൽ മുന്നിലെത്തിച്ചു. തുടർന്ന് 85 മത്തെ മിനിറ്റിൽ സിവ്കോവിചിന്റെ പാസിൽ നിന്നു ഗോൾ നേടിയ ജോവിച് സെർബിയൻ ജയം ഉറപ്പിച്ചു. 92 മത്തെ മിനിറ്റിൽ ടാഡിചിന്റെ പാസിൽ നിന്നു റഡോൻജിക് ആണ് സെർബിയൻ ജയം പൂർത്തിയാക്കിയത്.

തുടർച്ചയായ ഏഴാം മത്സരത്തിലും ഗോൾ,രാജ്യത്തിനു ആയി ഗോളടിച്ചു തകർത്തു ഹാളണ്ട്, സ്വീഡനെയും വീഴ്ത്തി

യുഫേഫ നേഷൻസ് ലീഗിൽ എർലിങ് ഹാളണ്ടിന്റെ മികവിൽ സ്വീഡനെയും തോൽപ്പിച്ചു നോർവെ. ഹാളണ്ട് ഇരട്ടഗോളുകൾ നേടിയപ്പോൾ നോർവെ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ഇത് തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് ഹാളണ്ട് ഗോൾ നേടുന്നത്. ഈ കാലയളവിൽ 11 ഗോളുകൾ ആണ് രാജ്യത്തിനു ആയി ഹാളണ്ട് നേടിയത്. നോർവെക്ക് ആയി 19 കളികളിൽ നിന്നു 18 ഗോളുകൾ ആണ് താരം ഇത് വരെ നേടിയത്. മത്സരത്തിൽ സ്വീഡൻ ആണ് പന്ത് കൂടുതൽ നേരം കൈവശം വച്ചത് എങ്കിലും ഗോൾ അവസരങ്ങൾ കൂടുതൽ തുറന്നത് നോർവെ ആയിരുന്നു.

മത്സരത്തിൽ 20 മത്തെ മിനിറ്റിൽ എമിൽ ക്രാഫ്ത് മോർട്ടൻ ത്രോസ്‌ബിയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹാളണ്ട് നോർവെയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ സോർലോത്തിന്റെ ഹെഡർ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും ഹാളണ്ട് നേടി. പരാജയം ഉറപ്പിച്ച സ്വീഡന് പകരക്കാരനായി ഇറങ്ങിയ ആന്തണി എലാഗ്നയാണ് ആശ്വാസ ഗോൾ നൽകിയത്. കുലുസെവ്സ്കിയുടെ പാസിൽ നിന്നായിരുന്നു യുവ താരത്തിന്റെ ഗോൾ. നോർവെ ഫുട്‌ബോളിനെ ഹാളണ്ടിന്റെ ഗോളടി മികവ് ഉയരങ്ങളിൽ എത്തിക്കും എന്ന സൂചനയാണ് ഈ പ്രകടനങ്ങൾ നൽകുന്നത്.

ചെക് റിപ്പബ്ലിക്കിന്‌ എതിരെ അവസാന നിമിഷം സമനില പിടിച്ചു സ്‌പെയിൻ

യുഫേഫ നേഷൻസ് ലീഗിൽ ചെക് റിപ്പബ്ലിക്കിനോട് 2-2 ന്റെ സമനില വഴങ്ങി സ്‌പെയിൻ. ഏതാണ്ട് 80 ശതമാനം പന്ത് സ്‌പെയിൻ കൈവശം വച്ച മത്സരത്തിൽ രണ്ടു തവണയും പിന്നിൽ നിന്ന ശേഷം ആണ് സ്‌പെയിൻ സമനില പിടിച്ചത്. 2 തവണ സ്പാനിഷ് ശ്രമങ്ങൾ ബാറിൽ ഇടിച്ചു മടങ്ങുകയും ചെയ്തു. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ചെക് റിപ്പബ്ലിക് മത്സരത്തിൽ മുന്നിലെത്തി. യാൻ കുറ്റ്ചയുടെ പാസിൽ നിന്നു യാകുബ്‌ പെസെക് ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് പന്ത് കൈവശം വച്ചു പതുക്കെയാണ് സ്‌പെയിൻ കളിച്ചത്.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റോഡ്രിയുടെ പാസിൽ നിന്നു ഗാവി സ്പെയിനിന് സമനില സമ്മാനിച്ചു. ഇതോടെ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി മാറി. രണ്ടാം പകുതിയിൽ പ്രത്യാക്രമണത്തിൽ സെർനിയുടെ പാസിൽ നിന്നു മികച്ച ഒരു ലോബിലൂടെ യാൻ കുറ്റ്ച ചെക് റിപ്പബ്ലിക്കിന്‌ രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ അവസാന മിനിറ്റുകളിൽ സ്‌പെയിൻ സമനില ഗോൾ കണ്ടത്തി. 90 മത്തെ മിനിറ്റിൽ മാർകോ അസൻസിയോയുടെ ക്രോസിൽ നിന്നു ഇനിഗോ മാർട്ടിനസ് ഹെഡറിലൂടെ സ്‌പെയിനിന് സമനില സമ്മാനിക്കുക ആയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇരട്ട ഗോളുകൾ, പോർച്ചുഗലിന് വലിയ വിജയം

നാഷൺസ് ലീഗിൽ പോർച്ചുഗലിന് വലിയ വിജയം. ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം തന്നെ നേടി. ആദ്യ പകുതിയിൽ തന്നെ പോർച്ചുഗീസ് ടീം മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. റൊണാൾഡോയുടെ ഇരട്ട ഗോളുകൾ ആണ് പോർച്ചുഗലിന് കരുത്തായത്. ഇന്ന് 15ആം മിനുട്ടിൽ വില്യം കർവാലോയാണ് പോർച്ചുഗലിന്റെ ഗോളടി തുടങ്ങിയത്.

35ആം മിനുട്ടിൽ റൊണാൾഡോ ലീഡ് ഇരട്ടിയാക്കി. അധികം താമസിയാതെ റൊണാൾഡോ തന്നെ വീണ്ടും ഗോൾ നേടി. റൊണാൾഡോക്ക് ഈ ഗോളുകളോടെ പോർച്ചുഗലിനായുള്ള ഗോളുകളുടെ എണ്ണം 117 ആയി. അന്താരാഷ്ട്ര ഫുട്ബോളിലെ ടോപ് സ്കോറർ ആയ റൊണാൾഡോ ഒന്നാം സ്ഥാനത്തുള്ള ലീഡ് വർധിപ്പിക്കുകയാണ്‌.

രണ്ടാം പകുതിയിൽ ജോ കാൻസെലോയിയിലൂടെ നാലാം ഗോളും കൂടെ നേടി പോർച്ചുഗൽ വിജയം പൂർത്തിയാക്കി.

ഗോൾ വഴങ്ങി മിനിറ്റുകൾക്ക് അകം ഗോൾ തിരിച്ചടിച്ചു ഇറ്റലിയോട് സമനില നേടി ജർമ്മനി

യുഫേഫ നേഷൻസ് ലീഗിൽ ജർമ്മനി, ഇറ്റലി മത്സരം സമനിലയിൽ. പന്ത് കൂടുതൽ നേരം കൈവശം വച്ചത് ജർമ്മനി ആയിരുന്നെങ്കിലും അവസരങ്ങൾ ഇരു ടീമുകളും സമാനമായ നിലക്ക് ആയിരുന്നു. ഇടക്ക് ഇറ്റലിയുടെ ഒരു ശ്രമം ബാറിൽ അടിച്ചു മടങ്ങുകയും ചെയ്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ലഭിച്ച സുവർണ അവസരം സ്കാമാക്കക്കു ഗോൾ ആക്കി മാറ്റാൻ ആയില്ല. 71 മത്തെ മിനിറ്റിൽ പക്ഷെ മത്സരത്തിൽ ഗോൾ പിറന്നു.

പകരക്കാനായി ഇറങ്ങി 5 മിനിറ്റുകൾക്ക് അകം വിൽഫ്രെയിഡ് ഗ്നോനോറ്റയുടെ പാസിൽ നിന്നു ലോറൻസോ പെല്ലഗ്രിനി ആണ് ഇറ്റലിക്ക് ഗോൾ സമ്മാനിച്ചത്. ഗോൾ വഴങ്ങി 180 സെക്കന്റുകൾക്ക് അകം ജർമ്മനി ഗോൾ തിരിച്ചടിച്ചു. ഇറ്റാലിയൻ പ്രതിരോധത്തിലെ കൂട്ട പൊരിച്ചിലിന് ഒടുവിൽ ജോഷുവ കിമ്മിഷ് ആണ് ജർമ്മനിക്ക് ആയി സമനില ഗോൾ നേടിയത്. തുടർന്ന് ജയം നേടാനുള്ള ഇരു ടീമുകളുടെയും ശ്രമങ്ങൾ ന്യൂയറും, ഡോണരുമയും തടയുക ആയിരുന്നു. നിലവിൽ ഗ്രൂപ്പിൽ ഹംഗറിക്ക് പിറകിൽ രണ്ടാമത് ആണ് ഇറ്റലിയും ജർമ്മനിയും.

റാൾഫ് റാഗ്നിക്കിന്റെ കീഴിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്തു ഓസ്ട്രിയ

യുഫേഫ നേഷൻസ് ലീഗിൽ പുതിയ പരിശീലകൻ റാൾഫ് റാഗ്നിക്കിന്റെ കീഴിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ഓസ്ട്രിയ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനു കീഴിൽ ഇറങ്ങിയ ഓസ്ട്രിയക്ക് എതിരെ കൂടുതൽ സമയം പന്ത് കൈവശം വച്ചത് ക്രൊയേഷ്യ ആയിരുന്നു. എന്നാൽ കൂടുതൽ അപകടകരമായ അവസരങ്ങൾ സൃഷ്ടിച്ചത് ഓസ്ട്രിയ ആയിരുന്നു.

മത്സരത്തിൽ 41 മത്തെ മിനിറ്റിൽ കരിം ഒനിസോവോയുടെ പാസിൽ നിന്നു മാർകോ അർണോടോവിച് ആണ് ഓസ്ട്രിയയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ മാക്‌സ്മില്ലിയൻ വോബറിന്റെ പാസിൽ നിന്നു മൈക്കിൾ ഗ്രഗോർസ്റ്റിച് ഓസ്ട്രിയക്ക് രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്ന് മൂന്നു മിനിറ്റുകൾക്ക് അകം വോബറിന്റെ തന്നെ പാസിൽ മാർസൽ സാബിറ്റ്സർ ഓസ്ട്രിയൻ ജയം ഉറപ്പിക്കുക ആയിരുന്നു.

Exit mobile version