ഗംഭീരം മോഹൻ ബഗാൻ!! എ എഫ് സി കപ്പിൽ വൻ വിജയം

Img 20210821 234142

എ എഫ് സി കപ്പിൽ എ ടി കെ മോഹൻ ബഗാന് ഗംഭീര വിജയം. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മാസിയയെ നേരിട്ട മോഹൻ ബഗാൻ തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിക്കാൻ മോഹൻ ബഗാനായി. 26ആം മിനുട്ടിൽ ഐസം ഇബ്രഹിം ആണ് മാസിയയെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതി ആ ലീഡോടെ അവസാനിപ്പിക്കാൻ മസിയക്ക് ആയി. എന്നാൽ രണ്ടാം പകുതിയിൽ കണ്ടത് മുൻ ഐ എസ് എൽ ചാമ്പ്യന്മാരുടെ ക്ലാസിക്ക് തിരിച്ചുവരവ് ആയിരുന്നു.

47ആം മിനുട്ടിൽ ലിസ്റ്റൺ ആണ് മോഹൻ ബഗാന് സമനില ഗോൾ നൽകിയത്. അശുതോഷ് മെഹ്തയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഒരു ഹെഡറിലൂടെ ലിസ്റ്റൺ ഗോൾ നേടിയത്. മോഹൻ ബഗാനായുള്ള താരത്തിന്റെ ആദ്യ ഗോളാണ് ഇത്. പിന്നാലെ റോയ് കൃഷ്ണ മോഹൻ ബഗാനെ മുന്നിൽ എത്തിച്ചു. 64ആം മിനുട്ടിൽ ഒരു ചിപ് ഫിനിഷിലൂടെ ആയിരുന്നു റോയ് കൃഷ്ണ ഗോൾ നേടിയത്. 77ആം മിനുട്ടിൽ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഹ്യൂഗോ ആണ് ആ ഗോൾ ഒരുക്കിയത്.

കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച മോഹൻ ബഗാൻ ഈ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇനി അവസാന മത്സരത്തിൽ ബസുന്ധരക്ക് എതിരെ സമനില നേടിയാൽ തന്നെ മോഹൻ ബഗാന് ഇന്റർ സോൺ സെമി ഫൈനൽ പ്ലേ ഓഫിലേക്ക് എത്താം.

Previous articleരാജസ്ഥാന്‍ റോയല്‍സിലേക്ക് ഗ്ലെന്‍ ഫിലിപ്പ്സ് എത്തുന്നു
Next articleബ്രൈറ്റൺ വാറ്റ്ഫോർഡിനെയും തോൽപ്പിച്ചു