മൊഹമ്മദൻസിന്റെ പരിശീലക വേഷം അണിയാൻ ഖാലിദ് ജമീൽ

ഐസോളിനൊപ്പം അത്ഭുതങ്ങൾ കാണിച്ച പരിശീലകൻ ഖാലിദ് ജമീൽ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനാണ് ഖാലിദ് ജമീൽ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്നു ജമീൽ. ഈസ്റ്റ് ബംഗാളിനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം നേടിയെങ്കിലും ഐ ലീഗ് കിരീടം നേടാൻ ജമീലിന് കഴിയാത്തതിനാൽ പുറത്താക്കപ്പെടുകയായിരുന്നു.

ഇപ്പോൾ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മോശം പ്രകടനത്തിലൂടെ കടന്നു പോകുന്ന മൊഹമ്മദൻസിനെ രക്ഷിക്കാൻ ജമീലിനാകുമെന്നാണ് ക്ലബ് കരുതുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗും അടുത്ത വർഷത്തെ സെക്കൻഡ് ഡിവിഷൻ ഐ ലീഗും ആകും ജമീലിന്റെ പ്രധാന ഉത്തരവാദിത്വം. 2016-17 സീസണിൽ ഐസോളിനെ ഐലീഗ് ചാമ്പ്യന്മാരാക്കി ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഖാലിദ് ജമീൽ ഞെട്ടിച്ചിരുന്നു. മുമ്പ് മുംബൈ എഫ് സിയേയും ജമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഷോണ്‍ ഇര്‍വിന്‍
Next articleസിംബാബ്‍വേയ്ക്ക് തിരിച്ചടി, അടുത്ത പരമ്പരകളില്‍ മുന്‍ നായകനില്ല