എൻസോ സിദാൻ ഇന്റർ മയാമിയിൽ

ഫ്രഞ്ച് ഇതിഹാസ താരം സിദാന്റെ മകൻ എൻസോ സിദാൻ അമേരിക്കയിൽ. മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിൽ താരം ട്രയൽസിൽ ചേർന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ തങ്ങളുടെ രണ്ടാം സീസണാണ് ഒരുങ്ങുകയാണ് ഇന്റർ മയാമി. ബെക്കാമിന്റെ ക്ലബായ മയാമിക്ക് ഒപ്പം എൻസോ പ്രീസീസണിൽ മുഴുവൻ തുടരും. അതിനു ശേഷം മാത്രമേ കരാർ ഒപ്പുവെക്കുമോ ഇല്ലയോ എന്ന തീരുമാനിക്കുകയുള്ളൂ. റയൽ മാഡ്രിഡിലൂടെ വളർന്നു വന്ന താരമാണ് എൻസോ. എന്നാൽ റയലിനായി അരങ്ങേറ്റം നടത്താൻ താരത്തിനായിരുന്നില്ല. റയൽ വിട്ടതിനു ശേഷം ഒരു ക്ലബ്ബിലും സ്ഥിരമായി നിൽക്കാൻ എൻസോയ്ക്കായില്ല. അവസാനമായി സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ക്ലബായ യു ഡി അൽമേറിയക്ക് വേണ്ടിയാണ് എൻസോ കളിച്ചത്. ഇന്റർ മിയാമിയിലൂടെ തന്റെ കരിയർ നേർവഴിക്കാക്കാൻ ശ്രമിക്കുകയാണ് എൻസോ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫിൽ നെവിൽ ആണ് ഇപ്പോൾ ഇന്റർ മയാമിയുടെ പരിശീലകൻ.