ബെക്കാമിന്റെ ക്ലബിന്റെ പരിശീലകൻ ആവാൻ ഫിൽ നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ വീണ്ടും ഒരുമിക്കുകയാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാം തന്റെ ക്ലബായ ഇന്റർ മയാമിയുടെ പുതിയ പരിശീലകനായി എത്തിക്കാൻ പോകുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫിൽ നെവിലിനെ ആണ്. ഇപ്പോൾ ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനാണ് ഫിൽ നെവിൽ. അദ്ദേഹം വനിതാ ദേശീയ ടീം പരിശീലക സ്ഥാനം ഒഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്റർ മയാമി തങ്ങളുടെ ആദ്യ പരിശീലകനായ ഡീഗോ അലോൺസോയെ പുറത്താക്കിയിരുന്നു. ഇത് ഫിൽ നെവിലിനെ എത്തിക്കാൻ ആണെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമി വരെ എത്തിക്കാൻ ഫിൽ നെവിലിനായിരുന്നു. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ സഹ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലും എവർട്ടണിലും ഒരുപാട് കാലം കളിച്ചിട്ടുള്ള താരം കൂടിയാണ് ഫിൽ നെവിൽ.