നെയ്മറിന്റെ പരിക്ക് ഗുരുതരം, ഒരു മാസത്തോളം പുറത്തിരിക്കും

- Advertisement -

പിഎസ്ജി ആരാധകരുടെ പ്രാർത്ഥനകൾ വിഫലം. നെയ്മർ ജൂനിയർ ഒരു മാസത്തോളം കളത്തിന് പുറത്തിരിക്കും. പിഎസ്ജി സോഷ്യൽ മീഡിയയിലൂടെയാണ് നെയ്മറിന്റെ മെഡിക്കൽ അപ്ഡേറ്റ്സ് പങ്ക് വെച്ചത്. ബ്രസീലിന് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. നൈജീരിയയെ നേരിടാൻ ഇറങ്ങിയ നെയ്മർ ആകെ‌ 12 മിനുട്ട് മാത്രമെ കളിച്ചുള്ളൂ. കാൽ മസിലിന് വേദനയനുഭവപ്പെട്ട നെയ്മർ ഉടൻ തന്നെ സബ്ബായി കളം വിടുകയായിരുന്നു. ഇത്തവണയും ഹാംസ്ട്രിംഗിലെ സ്ട്രെയിൻ തന്നെയാണ് നെയ്മറിന് വില്ലനായത്.

ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബ് ബ്രൂജിനെതിരായ മത്സരം നെയ്മറിന് നഷ്ടമാകും. കഴിഞ്ഞ സീസൺ അവസാനത്തിൽ പരിക്കേറ്റ നെയ്മറിന് കോപ അമേരിക്ക അടക്കമുള്ള വലിയ മത്സരങ്ങൾ നഷ്ടമായിരുന്നു. ഈ സീസൺ തുടക്കത്തിലും നെയ്മറിന് കളിക്കാൻ ആയിരുന്നില്ല. കളത്തിൽ തിരിച്ചെത്തി തന്റെ പതിവ് ഫോമിലേക്ക് മടങ്ങുന്നതിനിടയിൽ വീണ്ടും പരിക്കേറ്റിരിക്കുന്നത് നെയ്മറിന്റെ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Advertisement