ഫ്രഞ്ച് ലീഗ് വൺ ക്ലബ് റെയ്മിസിൽ ഗോൾ അടിച്ചു കൂട്ടുന്ന ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗണിനു ആയി വമ്പൻ ക്ലബുകൾ രംഗത്തുള്ളത് ആയി സൂചന. നിലവിൽ ലോണിൽ ഫ്രഞ്ച് ടീമിൽ കളിക്കുന്ന ന്യൂയോർക്കിൽ ജനിച്ച അണ്ടർ 21 ഇംഗ്ലണ്ട് താരം നിലവിൽ ഇത് വരെ 31 കളികളിൽ നിന്നു 19 ഗോളുകൾ ആണ് ഫ്രഞ്ച് ടീമിന് ആയി നേടിയത്. നിലവിൽ ആഴ്‌സണലും ആയി രണ്ടു വർഷത്തെ കരാർ കൂടിയുള്ള താരം അടുത്ത സീസണിൽ ക്ലബിന്റെ ആദ്യ സ്‌ട്രൈക്കർ ആവാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ നിലവിൽ ക്ലബും ആയി ദീർഘകാല കരാർ ഉള്ള ഗബ്രിയേൽ ജീസുസ്, എഡി എങ്കിതിയ എന്നിവരുടെ സാന്നിധ്യം ഇതിനു വിലങ്ങു തടിയാവും എന്നാണ് ഇംഗ്ലീഷ് മാധ്യമം ‘ദ അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്തത്.
അതിനാൽ തന്നെ 21 കാരനായ താരം ടീമിൽ പകരക്കാരനായി ഇരിക്കാനോ മറ്റൊരു ലോണിൽ പോവാനോ സാധ്യത ഇല്ലെന്നു ആണ് സൂചന. അങ്ങനെയെങ്കിൽ താരം ക്ലബ് വിടാൻ തന്നെയാവും സാധ്യത. ഇത് മുന്നിൽ കണ്ടു നിലവിൽ ഇറ്റാലിയൻ വമ്പന്മാർ ആയ എ.സി മിലാൻ, ഇന്റർ മിലാൻ ഫ്രഞ്ച് ടീമുകൾ ആയ മാഴ്സെ, മൊണാകോ ജർമ്മൻ ടീം ആർ.ബി ലൈപ്സിഗ് എന്നിവർ താരത്തിന് ആയി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ കരാർ പുതുക്കാനോ ടീമിൽ തുടരാനോ താരം ശ്രമിച്ചില്ലെങ്കിൽ ഫ്രഞ്ച് ലീഗിൽ 18 ഗോളുകൾ നേടിയ താരത്തെ വിൽക്കാൻ ആവും ആഴ്‌സണൽ ശ്രമം. നേരത്തെ ഇംഗ്ലണ്ട് ദേശീയ ടീമിൽ നേരിടുന്ന അവഗണന കാരണം ബലോഗൺ ദേശീയ തലത്തിൽ താൻ ജനിച്ച നാട് ആയ അമേരിക്കയെ തിരഞ്ഞെടുക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.