അപ്പീൽ വിജയിച്ചു, ലിയോണിന്റെ റിലഗേഷൻ ഒഴിവാക്കി


ഒളിമ്പിക് ലിയോൺ ഫ്രഞ്ച് ലീഗിൽ ഒന്നാം ഡിവിഷനിൽത്തന്നെ തുടരും. ഫ്രാൻസിൻ്റെ ഫുട്ബോൾ സാമ്പത്തിക നിരീക്ഷണ ഏജൻസിയായ DNCG-യുടെ അപ്പീൽ കമ്മിറ്റി, ക്ലബിനെ ലീഗ് 2-ലേക്ക് തരംതാഴ്ത്താനുള്ള മുൻ ഉത്തരവ് റദ്ദാക്കി. സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് DNCG ലിയോണിനെ തരംതാഴ്ത്താൻ നേരത്തെ തീരുമാനിച്ചത്. എന്നാൽ, പാരീസിൽ ബുധനാഴ്ച നടന്ന വാദംകേൾക്കലിൽ ലിയോണിന്റെ പുതിയ നേതൃത്വം തങ്ങളുടെ വാദങ്ങൾ വിജയകരമായി അവതരിപ്പിക്കുകയായിരുന്നു.


ജോൺ ടെക്സ്റ്ററിന് പകരക്കാരിയായി അടുത്തിടെ ചുമതലയേറ്റ പ്രസിഡന്റ് മിഷേൽ കാങ്, സിഇഒ മൈക്കിൾ ഗെർലിംഗർ എന്നിവരാണ് ക്ലബിന്റെ അപ്പീലിന് നേതൃത്വം നൽകിയത്. പുതിയ ഉടമസ്ഥതയ്ക്ക് കീഴിൽ ലിയോണിന്റെ സാമ്പത്തിക മാനേജ്‌മെന്റും കാഴ്ചപ്പാടും ശക്തമായ അടിത്തറയിലാണെന്ന് കമ്മിറ്റിയെ ബോധ്യപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞു.


ലിയോണിന് ലീഗ് 1 പദവിയും യുവേഫ യൂറോപ്പ ലീഗ് യോഗ്യതയും നിലനിർത്താൻ കഴിഞ്ഞെങ്കിലും, ക്ലബിന്റെ വേതന ബില്ലിനും ട്രാൻസ്ഫർ ചെലവുകൾക്കും DNCG നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ.


സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ലിയോൺ ലീഗ് 2 ലേക്ക് തരംതാഴ്ത്തപ്പെട്ടു


ഏഴ് തവണ ഫ്രഞ്ച് ചാമ്പ്യൻമാരായ ഒളിമ്പിക് ലിയോണിനെ ഫ്രഞ്ച് ഫുട്ബോളിന്റെ സാമ്പത്തിക നിരീക്ഷണ സമിതിയായ DNCG സാമ്പത്തിക ക്രമക്കേടുകൾ കാരണം ലീഗ് 2 ലേക്ക് തരംതാഴ്ത്തി. ക്രിസ്റ്റൽ പാലസിലെ ഓഹരി വിൽപ്പനയും നിരവധി കളിക്കാരെ കൈമാറിയതും ഉൾപ്പെടെ, അടുത്തിടെ ക്ലബ്ബ് ഫണ്ട് സ്വരൂപിക്കാൻ നടത്തിയ ശ്രമങ്ങൾക്കിടയിലും ഓഡിറ്റിന് ശേഷമാണ് ഈ തീരുമാനം.


കഴിഞ്ഞ സീസണിൽ ലീഗ് 1-ൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും യൂറോപ്പ ലീഗ് സ്ഥാനം നേടുകയും ചെയ്ത ലിയോൺ, ഈ തീരുമാനത്തിനെതിരെ ഉടൻ തന്നെ അപ്പീൽ നൽകുമെന്ന് അറിയിച്ചു. ഈ തീരുമാനം “മനസ്സിലാക്കാൻ കഴിയാത്തതാണ്” എന്നും DNCG യുടെ സാമ്പത്തിക ആവശ്യകതകൾ ക്ലബ്ബ് പാലിച്ചിട്ടുണ്ടെന്നും അവർ വാദിച്ചു. ഈ തീരുമാനം നിലനിൽക്കുകയാണെങ്കിൽ, അടുത്ത സീസണിൽ ലീഗ് 1-ൽ റീംസ് ലിയോണിന് പകരമെത്തിയേക്കും.


നവംബറിൽ തന്നെ DNCG ലിയോണിനെ താൽക്കാലികമായി ലീഗ് 2 ലേക്ക് തരംതാഴ്ത്തിയിരുന്നു. അന്ന് ഏകദേശം 500 ദശലക്ഷം യൂറോയോളം (ഏകദേശം 581 ദശലക്ഷം ഡോളർ) കടമുണ്ടായിരുന്നതായി ക്ലബ്ബ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു ട്രാൻസ്ഫർ വിലക്കും ഏർപ്പെടുത്തിയിരുന്നു. പിന്നീട് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി റെയൻ ചെർക്കി പോലുള്ള കളിക്കാരെ വിറ്റഴിക്കുകയും, ഉടമ ജോൺ ടെക്സ്റ്റർ ക്രിസ്റ്റൽ പാലസിലെ തന്റെ 42.9% ഓഹരി വിൽക്കുകയും ചെയ്തിരുന്നു. എന്നിട്ടും DNCG യെ തൃപ്തിപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല.


ആഴ്സണൽ ലിയോണിനെ തോൽപ്പിച്ച് വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ


ആഴ്സണൽ തകർപ്പൻ പ്രകടനത്തോടെ ഒളിമ്പിക് ലിയോണിനെ അട്ടിമറിച്ച് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. ഫ്രാൻസിൽ ഞായറാഴ്ച നടന്ന സെമിഫൈനൽ രണ്ടാം പാദത്തിൽ ആഴ്സണൽ ലിയോണിനെ 4-1ന് തോൽപ്പിച്ചു. ആദ്യ പാദത്തിൽ 2-1ന് പിന്നിലായിരുന്ന അവർ 5-3 എന്ന അഗ്രഗേറ്റ് സ്കോറോടെ ഫൈനലിൽ എത്തി.
മത്സരത്തിന്റെ തുടക്കത്തിൽ ലിയോണിന്റെ ഗോൾകീപ്പർ ക്രിസ്റ്റ്യൻ എൻഡ്‌ലറുടെ ഒരു സെൽഫ് ഗോൾ ആഴ്സണലിന് മികച്ച തുടക്കം നൽകി. ഇത് അഗ്രഗേറ്റ് സ്കോർ തുല്യമാക്കി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്പാനിഷ് താരം മരിയോണ കാൽഡെൻ്റി ബോക്സിന് പുറത്തുനിന്ന് ഒരു മികച്ച ഗോൾ നേടി ആഴ്സണലിനെ മുന്നിലെത്തിച്ചു. ഇതോടെ അവർക്ക് 2-0 ലീഡും അഗ്രിഗേറ്റിൽ മുൻതൂക്കവും ലഭിച്ചു.


രണ്ടാം പകുതി തുടങ്ങി 27 സെക്കൻഡിനുള്ളിൽ അലെസിയ റൂസോ ഗോൾ നേടിയതോടെ ആഴ്സണൽ തങ്ങളുടെ ആധിപത്യം വർദ്ധിപ്പിച്ചു. പ്രതിരോധത്തിലെ ഒരു പിഴവ് മുതലെടുത്ത് കെയ്റ്റ്‌ലിൻ ഫോർഡ് ഗണ്ണേഴ്സിനായി നാലാം ഗോളും നേടി. ആദ്യ പാദത്തിൽ ലിയോണിന് വിജയ ഗോൾ നേടിയ മെൽചി ഡുമോർനയ് ഒരു ഗോൾ മടക്കിയെങ്കിലും അത് ഫ്രഞ്ച് ടീമിന് ആശ്വാസം മാത്രമായി.


ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണൽ മെയ് 24ന് ലിസ്ബണിൽ നടക്കുന്ന ഫൈനലിൽ ബാഴ്സലോണയെ നേരിടും. ബാഴ്സലോണ നേരത്തെ രണ്ടാം പാദത്തിൽ ചെൽസിയെ 4-1ന് തോൽപ്പിച്ച് 8-2 എന്ന അഗ്രഗേറ്റ് സ്കോറോടെ ഫൈനലിൽ എത്തിയിരുന്നു.
2007ന് ശേഷം ഇതാദ്യമായാണ് ആഴ്സണൽ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. അന്ന് യുവേഫ വനിതാ കപ്പ് എന്നറിയപ്പെട്ടിരുന്ന ടൂർണമെന്റിൽ അവർ കിരീടം നേടിയിരുന്നു.

114 മിനുട്ട് വരെ 2-4ന് പിറകിൽ!! പിന്നെ 5-4ന്റെ ജയം!! മാഞ്ചസ്റ്റർ യുണൈറ്റഡിനേ പറ്റൂ ഇത്!!


ഓൾഡ് ട്രാഫോർഡ്: യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ ലിയോണിനെതിരെ നാടകീയമായ തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിഫൈനലിൽ പ്രവേശിച്ചു. 114-ാം മിനിറ്റ് വരെ 2-4ന് പിന്നിലായിരുന്ന യുണൈറ്റഡ് അവസാന നിമിഷങ്ങളിൽ മൂന്ന് ഗോളുകൾ നേടി അവിശ്വസനീയ വിജയം സ്വന്തമാക്കി.
ഈ സീസണിൽ ഉടനീളം നിരാശയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച യുണൈറ്റഡിന് ഈ വിജയം ഒരു പിടിവള്ളിയായി കണക്കാക്കാം.

മത്സരത്തിൽ ആദ്യം 2-0ന്റെ ലീഡ് കളഞ്ഞ യുണൈറ്റഡ് പിന്നീട് ലിയോൺ 2-2ന് സമനില നേടിയ ശേഷം അവരുടെ താരം ടോളിസോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായപ്പോൾ ആശ്വസിച്ചു. പക്ഷെ, പത്ത് പേരുമായി കളിച്ച ലിയോൺ രണ്ട് ഗോളുകൾ കൂടി നേടി 4-2ന് മുന്നിലെത്തി. സ്വന്തം തട്ടകത്തിൽ യുണൈറ്റഡ് തോൽവി ഉറപ്പിച്ചതുപോലെ തോന്നിച്ച നിമിഷങ്ങൾ.


എന്നാൽ 114-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി സ്കോർ ചെയ്ത് യുണൈറ്റഡിന് ഒരു പ്രതീക്ഷ നൽകി. സ്കോർ 3-4 ആയി. പിന്നീട്, കോബി മൈനു 120-ാം മിനിറ്റിൽ ഒരു ഗോൾ നേടി സമനില കൈവരിച്ചു. അഗ്രിഗേറ്റ് സ്കോർ 6-6.


ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ, മുൻ ക്യാപ്റ്റൻ ഹാരി മഗ്വയർ ഒരു ഹെഡ്ഡറിലൂടെ വിജയ ഗോൾ നേടി. ഓൾഡ് ട്രാഫോർഡ് ആവേശത്തിൽ മുങ്ങിപ്പോയ നിമിഷം. സ്കോർ 5-4, അഗ്രിഗേറ്റ് 7-6. അസാധ്യമായത് യുണൈറ്റഡ് യാഥാർത്ഥ്യമാക്കിയ നിമിഷം.

ഈ വിജയം, ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമിടുന്ന യുണൈറ്റഡിന് ഒരു പുത്തൻ ഉണർവ് നൽകും. യൂറോപ്പ ലീഗ് കിരീടം അവർക്ക് ഇപ്പോൾ ഒരു ലക്ഷ്യത്തേക്കാൾ ഉപരി ഒരു അനിവാര്യതയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ നിരവധി മികച്ച തിരിച്ചുവരവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയ്ക്കൊപ്പമോ മുകളിലോ നിക്കുന്ന രാത്രിയാകും ഈ രാത്രി.


അവസാന പ്രതീക്ഷ യൂറോപ്പ ലീഗ് ആണ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ക്വാർട്ടർ ഫൈനൽ കളിക്കാൻ ഇറങ്ങുന്നു


യുവേഫ യൂറോപ്പ ലീഗാണ് 2024-25 സീസൺ സീസൺ സേവ് ചെയ്യാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഏക പ്രതീക്ഷ. അമോറിമിന്റെ ടീം ഇന്ന് യൂറോപ്പ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ലിയോണിനെ നേരിടാൻ ഒരുങ്ങുകയാണ്. പ്രീമിയർ ലീഗ് സീസൺ തകർന്നടിഞ്ഞ യുണൈറ്റഡ് 13-ാം സ്ഥാനത്താണ്. യൂറോപ്പ ലീഗ് വിജയിക്കുന്നത് വെറും ഒരു കിരീടം നേടുക എന്നതിലുപരി അവർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള ഏക വഴിയും കൂടിയാണ്.



അതേസമയം, ലിയോൺ പരിശീലകൻ പൗലോ ഫോൻസെക്കയുടെ കീഴിൽ മികച്ച ഫോമിലാണ് ഈ മത്സരത്തിൽ ഇറങ്ങുന്നത്. നവംബർ വരെ ലിഗ് 1 ടച്ച്‌ലൈൻ ഡ്യൂട്ടികളിൽ നിന്ന് വിലക്കപ്പെട്ടെങ്കിലും യൂറോപ്യൻ മത്സരങ്ങളിൽ അദ്ദേഹത്തിന് ടീമിനെ പരിശീലിപ്പിക്കാൻ അനുവാദമുണ്ട്. ലിഗ് 1 ൽ അഞ്ചാം സ്ഥാനത്തുള്ള അദ്ദേഹത്തിൻ്റെ ടീം അവസാന 10 മത്സരങ്ങളിൽ 8 എണ്ണം വിജയിച്ച് കുതിക്കുകയാണ്. ലില്ലെയ്ക്കെതിരെ ഗോൾ നേടിയ യുവതാരം റയാൻ ഷെർക്കി ലിയോണിൻ്റെ ആക്രമണത്തിന് നേതൃത്വം നൽകാൻ സാധ്യതയുണ്ട്.


ചാമ്പ്യൻസ് ലീഗ് യോഗ്യത ഇരു ക്ലബ്ബുകൾക്കും അത്യാവശ്യമായതിനാൽ, വ്യാഴാഴ്ച ലിയോണിൽ നടക്കുന്ന പോരാട്ടം ആവേശകരമായിരിക്കും.

ലിയോൺ കോച്ച് പൗലോ ഫൊൻസെക്കയ്ക്ക് ഒമ്പത് മാസത്തെ സസ്പെൻഷൻ

ബ്രെസ്റ്റിനെതിരായ ലിയോണിൻ്റെ 2-1 ലിഗ് 1 വിജയത്തിനിടെ റഫറി ബെനോയിറ്റ് മില്ലറ്റുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനെത്തുടർന്ന് ഒളിമ്പിക് ലിയോണൈസ് കോച്ച് പൗലോ ഫൊൻസെക്കയെ ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ ലീഗ് (FLP) ഒമ്പത് മാസത്തെ സസ്പെൻഷൻ വിധിച്ചു.

നവംബർ 30 വരെ ബെഞ്ച്, ഒഫീഷ്യൽസിൻ്റെ ഡ്രസ്സിംഗ് റൂമുകൾ, ഔദ്യോഗിക മാച്ച് സംബന്ധിയായ ചടങ്ങുകൾ എന്നിവയിൽ നിന്ന് ഫൊൻസെകയെ വിലക്കുമെന്ന് FLP ബുധനാഴ്ച പ്രഖ്യാപിച്ചു. ബ്രെസ്റ്റിന് അനുകൂലമായ പെനാൽറ്റി റിവ്യൂവിനു ശേഷമായിരുന്നു സംഭവം നടന്നത്. പോർച്ചുഗീസ് കോച്ചിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. അദ്ദേഹത്തെ ശാന്തനാക്കാൻ അന്ന് അവസാനം ലിയോൺ കളിക്കാർ വരെ ഇടപെടേണ്ടി വന്നു.

തൻ്റെ പ്രവൃത്തികൾക്ക് ഫോൺസെക്ക പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും കടുത്ത തീരുമാനം തന്നെ അദ്ദേഹത്തിന് എതിരെ വന്നു. ലിയോൺ ഫോൻസെകയെ പുറത്താക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

കടം തീർത്തില്ലെങ്കിൽ ലിയോൺ ഫ്രഞ്ച് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടും

ഫ്രഞ്ച് ലീഗ് 1 വമ്പന്മാർ ആയ ഒളിമ്പിക് ലിയോൺ കടുത്ത പ്രതിസന്ധിയിൽ. ക്ലബിനെ നിലവിൽ താൽക്കാലികമായി രണ്ടാം ഡിവിഷൻ ആയ ഫ്രഞ്ച് ലീഗ് 2 ലേക്ക് തരം താഴ്ത്തിയത് ആയി ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. ഇത് കൂടാതെ ക്ലബിന് ട്രാൻസ്ഫർ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

2024-25 സീസൺ കഴിഞ്ഞാൽ നിലവിലുള്ള കടം വീട്ടാൻ ആയില്ലെങ്കിൽ ലിയോൺ തരം താഴ്ത്തൽ നേരിടും. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഉള്ള ലിയോണിന്റെ കടം 500 മില്യൺ യൂറോയിൽ അധികമാണ് എന്നാണ് റിപ്പോർട്ട്. നേരത്തെ ബോർഡോ നാലാം ഡിവിഷനിലേക്ക് തരം താഴ്ത്തൽ നേരിട്ടത് സമാനമായ രീതിയിൽ ആയിരുന്നു. നിലവിൽ കടം വീട്ടാൻ ആയില്ലെങ്കിൽ ഫ്രഞ്ച് ഫുട്‌ബോൾ വമ്പന്മാരുടെ ഭാവി തന്നെ പ്രതിസന്ധിയിൽ ആവും എന്നുറപ്പാണ്.

സൗഹൃദ മത്സരത്തിൽ ലിയോണിനെ തോൽപ്പിച്ചു ആഴ്‌സണൽ

പ്രീമിയർ ലീഗ് പുതിയ സീസൺ തുടങ്ങുന്നതിനു മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ എമിറേറ്റ്‌സ് കപ്പിൽ ഫ്രഞ്ച് ക്ലബ് ലിയോണിനെ തോൽപ്പിച്ചു ആഴ്‌സണൽ. എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം കണ്ടത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ച ആഴ്‌സണൽ രണ്ടു ഗോളുകളും കോർണറിൽ നിന്നാണ് നേടിയത്. മത്സരത്തിൽ ആഴ്‌സണൽ ആധിപത്യം ആണ് 90 മിനിറ്റും കാണാൻ ആയത്.

സലിബ

ഒമ്പതാം മിനിറ്റിൽ ഡക്ലൻ റൈസിന്റെ കോർണറിൽ നിന്നു വില്യം സലിബ ആഴ്‌സണലിന് ഹെഡറിലൂടെ ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് 27 മത്തെ മിനിറ്റിൽ റൈസിന്റെ തന്നെ കോർണറിൽ നിന്നു മറ്റൊരു പ്രതിരോധ താരമായ ഗബ്രിയേൽ ആഴ്‌സണൽ ജയം പൂർത്തിയാക്കി. ഇടക്ക് സാകയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് അടക്കം നിരവധി അവസരങ്ങൾ ആണ് ആഴ്‌സണൽ സൃഷ്ടിച്ചത്. രണ്ടാം പകുതിയിൽ റിക്കാർഡോ കാലിഫിയോരി തന്റെ ആഴ്‌സണൽ അരങ്ങേറ്റവും നടത്തി. പ്രീമിയർ ലീഗിൽ അടുത്ത ശനിയാഴ്ച വോൾവ്സ് ആണ് ആഴ്‌സണലിന്റെ എതിരാളികൾ.

ഫാബിയോ ഗ്രോസോ ലിയോണിന്റെ പുതിയ പരിശീലകൻ

ഫ്രഞ്ച ക്ലബായ ലിയോൺ പുതിയ മാനേജരായി ഫാബിയോ ഗ്രോസോയെ നിയമിക്കാൻ തീരുമാനിച്ചു. മുൻ ബ്രെസിയ മാനേജർ അയ് ഗ്രോസോ 2007 നും 2009 നും ഇടയിൽ ലിയോണിന് ആയി കളിച്ചിട്ടുമുണ്ട്. അവസാന സീസണിൽ ഫ്രോസിനോണിനെ സീരി ബിയിൽ നിന്ന് സീരി എയിലേക്ക് അദ്ദേഹം പ്രമോഷൻ നേടി എത്തിച്ചിരുന്നു‌. എങ്കിലും സീസൺ അവസാനം അദ്ദേഹം ഫ്രോസിനോൺ വിട്ടു.

ഗട്ടൂസോയാണ് ലിയോണിന്റെ പരിശീലകനാകും എന്ന് കരുതിയിരുന്നു എങ്കിലും ചർച്ചകൾ പകുതിക്ക് അവസാനിച്ചു. ലോറന്റ് ബ്ലാങ്ക് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ലിയോൺ മാനേജർ സ്ഥാനം ഒഴിഞ്ഞത്. ഈ വാരാന്ത്യത്തിൽ ലിയോൺ ലെ ഹാവ്രെയെ നേരിടുന്നുണ്ട്. അതാകും ഗ്രോസോയുടെ ആദ്യ മത്സരം.

വിജയപാതയിൽ തിരിച്ചെത്തണം; ലോറന്റ് ബ്ലാങ്കിനെ പുറത്താക്കി ലിയോൺ

പ്രതീക്ഷിച്ച പോലെ ലോറന്റ് ബ്ലാങ്കിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി കൊണ്ട് ലിയോൺ. ഉഭയസമ്മത പ്രകാരം വേർപ്പിരിയാൻ കോച്ചും ക്ലബ്ബും തീരുമാനിച്ചതായി ലിയോൺ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. സീസണിലെ മോശം തുടക്കത്തിന് ശേഷം ദിവസങ്ങളായി ബ്ലാങ്കിനെ പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. പതിനൊന്ന് മാസം മാത്രമാണ് അദ്ദേഹം ക്ലബ്ബിൽ ഉണ്ടായിരുന്നത്. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിച്ചേക്കും.

പീറ്റർ ബോഷിന് പകരക്കാരൻ ആയാണ് ബ്ലാങ്ക് ലിയോണിന്റെ കോച്ചായി എത്തുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ലീഗ് ഏഴാം സ്ഥാനത്ത് മാത്രം എത്താൻ സാധിച്ചതോടെ തന്നെ അദ്ദേഹത്തിനെതിരെ മുറവിളി ഉയർന്നിരുന്നു. ഇത്തവണ ആദ്യ നാല് മത്സരങ്ങളിൽ നിന്നും മൂന്ന് തോൽവിയും ഒരു സമനിലയും മാത്രമാണ് സമ്പാദ്യം. ഇതോടെ കോച്ചിനെ മാറ്റുമെന്ന് ഉറപ്പായി. ഗ്രഹാം പോട്ടറിനെ ലിയോൺ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ഓഫർ നിരസിച്ചിരുന്നു. ഒലിവർ ഗ്ലാസ്നെറിന് വേണ്ടിയും നീക്കം നടത്തി. ഗട്ടുസോ ആണ് ക്ലബ്ബ് മാനേജ്‌മെന്റ് പരിഗണിക്കുന്ന മറ്റൊരു കോച്ച് എന്ന് ലെ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേള അവസാനിക്കുന്നതിന് മുൻപായി തന്നെ പുതിയ കോച്ചിനെ ലിയോൺ എത്തിക്കും.

മൈറ്റ്‌ലാൻഡ്-നൈൽസ് ഇനി ലിയോണിൽ

മുൻ ആഴ്സണൽ താരം ഐൻസ്‌ലി മൈറ്റ്‌ലാൻഡ്-നൈൽസ് (25) ഒളിമ്പിക് ലിയോണിൽ ചേർന്നു. അവിടെ താരം നാല് വർഷത്തെ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. ആഴ്സണലുമായുള്ള താരത്തിന്റെ കരാർ അവസാനിച്ചതിനാൽ ഇംഗ്ലണ്ട് ഇന്റർനാഷണൽ ഫ്രീ ഏജന്റായിരുന്നു. മൈറ്റ്‌ലാൻഡ്-നൈൽസ് കഴിഞ്ഞ സീസണിൽ സതാംപ്ടണിൽ ലോണിൽ കളിച്ചിരുന്നു‌. അവിടെ അദ്ദേഹം 22 പ്രീമിയർ ലീഗ് ഗെയിമുകളിൽ മാത്രമാണ് കളിച്ചത്.

ഒളിമ്പിക് ലിയോണൈസിനായി സൈൻ ചെയ്യുന്ന ആദ്യ ഇംഗ്ലീഷ് കളിക്കാരനാണ് മൈറ്റ്‌ലാൻഡ്-നൈൽസ്. മൈറ്റ്‌ലാൻഡ്-നൈൽസ് ഒരു റൈറ്റ് ബാക്ക് അല്ലെങ്കിൽ റൈറ്റ്-സൈഡ് മിഡ്‌ഫീൽഡറായി കളിക്കാൻ കഴിവുള്ള താരമാണ്. ലിയോൺ താരത്തെ മിഡ്ഫീൽഡിൽ കളിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സമ്മറിൽ ലിയോൺ നടത്തുന്ന നാലാമത്തെ സൈനിംഗ് ആണ് ഇംഗ്ലീഷ് താരം.

“ലിയോണിൽ കരാർ ഒപ്പിടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്”, മൈറ്റ്‌ലാൻഡ്-നൈൽസ് പറഞ്ഞു. “ഞാൻ ഒരു ദിവസം ഒളിമ്പിക് ലിയോണൈസിൽ എത്തുമെന്ന് എന്നോട് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ, എനിക്കത് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നുല്ല” എന്നും താരം പറഞ്ഞു.

പുലിസികിനായി ലിയോൺ ബിഡ് സമർപ്പിച്ചു

ചെൽസിയുടെ ക്രിസ്റ്റ്യൻ പുലിസിക്കിനായി ഫ്രഞ്ച് ക്ലബായ ലിയോൺ ഒരു ബിഡ് സമർപ്പിച്ചതായി റിപ്പോർട്ടുകൾ. 24-കാരനായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ താരമാണ് ലിയോണിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യം. ഇപ്പോൾ 25 മില്യൺ യൂറോയുടെ ബിഡ് ആണ് ലിയോൺ സമർപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ഏജന്റുമായുള്ള ലിയോണിന്റെ ചർച്ചകളും പുരോഗമിക്കുന്നു.

എസി മിലാനിലും ചെൽസി താരത്തിനായി രംഗത്ത് ഉണ്ട്. പുലിസികുമായുള്ള ചർച്ചകളിൽ മിലാൻ ഏറെ മുന്നിലുമാണ്. എന്നാൽ ലിയോണിന്റെ വരവ് ഈ ട്രാൻസ്ഫർ പോരാട്ടം ആവേശകരമാക്കും. ഈ സീസണിൽ എന്തായാലും ചെൽസി വിടുകയാണ് പുലിസികിന്റെ ലക്ഷ്യം. മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരം ചെൽസിക്ക് ഒപ്പം അവസൺ നാല് സീസണുകളിലായി ഉണ്ട്. ചെൽസിക്ക് അയ്യി 145 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ താരം നേടി.

Exit mobile version