വലൻസിയയുടെ പ്രശ്നങ്ങൾ കൂടുന്നു, മൊറേനോ ഇനി ഈ സീസണിൽ കളിക്കില്ല

- Advertisement -

ലാലിഗയിൽ ആകെ ദുരിതത്തിൽ ഉള്ള വലൻസിയക്ക് കൂടുതൽ പ്രശ്നങ്ങൾ. അവരുടെ പ്രധാന താരമായ റോഡ്രിഗോ മൊറേനോ ഇനി സീസണിൽ കളിക്കില്ല. താരത്തിന് എ സി എൽ ഇഞ്ച്വറയേറ്റതായി ക്ലബ് അറിയിച്ചു. മാസങ്ങളോളം താരം പുറത്തായിരിക്കും എന്നും ഈ സീസണിൽ ഇനി കളിക്കില്ല എന്നും ക്ലബ് പറഞ്ഞു. കഴിഞ്ഞ ദിവസം അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരായ പരാജയത്തിൽ മൊറേനോ കളിച്ചിരുന്നു. എന്നാൽ മത്സരത്തിൽ പരിക്കേറ്റതും ഇല്ല. മത്സര ശേഷമാണ് പരിക്കേറ്റതായി ക്ലബ് അറിയിച്ചത്.

ഈ സീസണിൽ വലൻസിയക്ക് വേണ്ടി നാലു ഗോളുകളും ഏഴ് അസിസ്റ്റും സംഭാവന ചെയ്ത താരമാണ് മൊറേനോ. അവസാന രണ്ട് സീസണിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിരുന്ന വലൻസിയയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഇപ്പോൾ എതാണ്ട് അവസാനിച്ച പോലെയാണ്‌. ഇന്നലത്തെ പരാജയത്തോടെ വലൻസിയ ലീഗിൽ പത്താം സ്ഥാനത്താണ് ഉള്ളത്. ഇനി ആകെ അഞ്ചു മത്സരങ്ങളെ ലീഗിൽ ബാക്കിയുള്ളൂ.

Advertisement