സൂപ്പർ സബ്ബായി അൻസു ഫതി, ഇരട്ട ഗോളുമായി ലെവൻഡോസ്കി, ബാഴ്സലോണ ആദ്യ ജയം | Report

ലാലിഗയിലെ ആദ്യ വിജയം ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് റയൽ സോസിഡാഡിനെ എവേ ഗ്രൗണ്ടിൽ വെച്ച് നേരിട്ട ബാഴ്സ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സബ്ബായി വന്ന് രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയ അൻസു ഫതിയാണ് ഇന്ന് കളിയുടെ ഗതി മാറ്റിയത്. ലെവൻഡോസ്കി ഇന്ന് ഇരട്ട ഗോളുകളുമായി തിളങ്ങി.

ഇന്ന് മത്സരം ആരംഭിച്ച് ഒരു മിനുട്ട് കൊണ്ട് തന്നെ ലെവൻഡോസ്കിയിലൂടെ ബാഴ്സലോണ മുന്നിൽ എത്തിയിരുന്നു. ബാൽദെ നൽകിയ പാസിൽ നിന്നായിരുന്നു ലെവൻഡോസ്കിയുടെ ബാഴ്സ കരിയറിലെ ആദ്യ ഗോൾ വന്നത്. ഈ ഗോളിന് പെട്ടെന്ന് തന്നെ സൊസിഡാഡ് മറുപടി നൽകി. ആറാം മിനുട്ടിൽ ഇസാകിന്റെ ഗോളാണ് സോസിഡാഡിന് സമനില നൽകിയത്.
ബാഴ്സലോണ

ഇതിനു ശേഷം സോസിഡാഡ് നല്ല രണ്ട് അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചു. രണ്ട് തവണയും ടെർ സ്റ്റേഗൻ ബാഴ്സയെ രക്ഷിച്ചു.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ബാഴ്സ അൻസു ഫതിയെ ഇറക്കി. രണ്ട് മിനുട്ടുകൾക്ക് അകം ഒരു ബാക്ക് ഹീൽ അസിസ്റ്റിലൂടെ ഫതി ഡെംബലെക്ക് അവസരം ഒരുക്കുകയും ഫ്രഞ്ച് താരം ബാഴ്സക്ക് ലീഡ് നൽകുകയും ചെയ്തു. രണ്ട് മിനുട്ടുകൾക്ക് ശേഷം വീണ്ടും അൻസു ഗോൾ ഒരുക്കി‌. ഇത്തവണ ലെവൻഡൊസ്കി ആണ് ഗോൾ നേടിയത്. സ്കോർ 3-1.

79ആം മിനുട്ടിൽ അൻസു ഫതിയുടെ ഗോൾ കൂടെ വന്നതോടെ ബാഴ്സയുടെ വിജയം പൂർത്തിയായി. ലീഗിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സക്ക് 4 പോയിന്റ് ആണുള്ളത്.