റയൽ മാഡ്രിഡിനെ അട്ടിമറിച്ച് മയ്യോർക്ക

ലാ ലീഗയിൽ റയൽ മാഡ്രിഡിന്റെ അപരാജിതക്കുതിപ്പിനവസാനം. റയൽ മയ്യോർക്കയാണ് റയൽ മാഡ്രിഡിനെ ഇന്ന് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡിനെ മയ്യോർക്ക പരാജയപ്പെടുത്തിയത്. ലാഗോ ജൂനിയറിന്റെ ഏഴാം മിനുറ്റ് ഗോളാണ് റയൽ മാഡ്രിഡിനെതിരെ മയ്യോർക്കക്ക് ജയം നേടിക്കൊടുത്തത്.

അൽവാരോ ഒഡ്രിയോസോള ചുവപ്പ് കണ്ട് 74 ആം മിനുട്ടിൽ പുറത്തായത് റയൽ മാഡ്രിഡിന് തിരിച്ചടിയായി. ഹസാർഡും ബെയ്ലുമില്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ലാ ലീഗയിലെ വാലറ്റക്കാരോട് പൊരുതാൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് കളിക്കളത്തിൽ കണ്ടത്. രണ്ടാം പകുതിയിൽ ഒരു സമനില എങ്കിലും നേടാനുള്ള സിദാന്റെ ശ്രമങ്ങൾ വിഫലമായി. റോഡ്രിഗോയെ സിദാൻ കളത്തിലിറക്കിയെങ്കിലും താരത്തിനും ഗോൾ കണ്ടെത്താനായില്ല. ഫ്രാങ്ക്ഫർട്ടിൽ നിന്നുമെത്തി ലാ ലീഗയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ലൂക്ക യോവിചിന് ഇന്നും സിദാന്റെ ഗുഡ് ബുക്സിൽ കയറിപ്പറ്റാനായില്ല. മയ്യോർക്കയുടെ പ്രതിരോധ നിരയെപ്പോലും ഭേദിക്കാൻ താരത്തിനായില്ല. 2009നു ശേഷമാദ്യമായാണ് റയൽ മാഡ്രിഡിനെ മയ്യോർക്ക പരാജയപ്പെടുത്തുന്നത്. ഈ പരാജയം ലാ ലീഗയിലെ‌ പോയന്റ് നിലയിൽ റയലിനെ പിന്നിലാക്കി. ഐബറിനെ 3 ഗോളുകൾക്ക് തകർത്ത ബാഴ്സലോണയാണിപ്പോൾ 19 പോയന്റ് നിലയിൽ ഒന്നാമത്. 18 പോയന്റാണ് ഇപ്പോൾ റയലിനുള്ളത്. ഇനി ചാമ്പ്യൻസ് ലീഗിൽ ഗലറ്റസരായ്ക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

Previous articleറൊണാൾഡോയ്ക്കും പ്യാനിചിനും ഗോൾ, യുവന്റസ് ഒന്നാമത് തുടരുന്നു
Next articleകേരള ബ്ലാസ്റ്റേഴ്സ് ആദ്യ അങ്കത്തിനിറങ്ങുന്നു, എതിരാളികൾ എടികെ