കേരള ബ്ലാസ്റ്റേഴ്സ് ആദ്യ അങ്കത്തിനിറങ്ങുന്നു, എതിരാളികൾ എടികെ

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ഇന്ത്യൻ സൂപ്പർ ലീഗ് തിരിച്ചെത്തുന്നു. ഐഎസ്എല്ലിന്റെ ആറാം സീസൺ ഇന്ന് കൊച്ചിയിൽ ആരംഭിക്കും. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ട് തവണ ചാമ്പ്യന്മാരായ എടികെയെ നേരിടും. ഇത് മൂന്നാം തവണയാണ് ഐഎസ്എല്ലിന്റെ ഓപ്പണിംഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടുന്നത്. കലൂരിൽ വൈകിട്ട് 7.30 ആണ് കിക്കോഫ്. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളാണ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ആരാധകർക്ക് ലഭിച്ചിട്ടുള്ളത്. രണ്ട് തവണ ഫൈനലിൽ എടികെ ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചത് പരാജയമാണ്. കഴിഞ്ഞ രണ്ട് ഓപ്പണിംഗ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ എടികെക്ക് സാധിച്ചിരുന്നില്ല. ഐഎസ്എല്ലിൽ 12 തവണ ഇരു ടിമുകളും ഏറ്റുമുട്ടിയപ്പോൾ 5 ജയം എടികെയുടെ കൂടെയായിരുന്നു‌. രണ്ട് മത്സരങ്ങളിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അഞ്ച് മത്സരങ്ങളിൽ ഫലം സമനിലയായിരുന്നു.

കഴിഞ്ഞ രണ്ട് സീസണുകൾ എടികെയെയും ബ്ലാസ്റ്റേഴ്സിനേയും സംബന്ധിച്ചിടത്തോളം മോശം സീസണുകൾ ആയിരുന്നെന്ന് നിസംശയം പറയാം. അടിമുടി മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്. മാനേജ്‌മെന്റ് തലം മുതൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകർ ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കാനൊരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് ജോ ഷറ്റോരിയുടെ കീഴിലിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ചരിത്രത്തിലാദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ ഐഎസ്എൽ പ്ലേ ഓഫിലെത്തിച്ച ഡച്ച് പരിശിലകൻ എൽകോ ഷറ്റോരി ബ്ലാസ്റ്റേഴ്സിലേക്കെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ബെർതമലോവ് ഒഗ്ബചെയാണ് ബ്ലാസ്റ്റേഴിനെ നയിക്കുക. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിലെ ടോപ്പ് സ്കോറർമാരിൽ ഒരാൾ കൂടിയാണ് ഒഗ്ബചെ. ഐഎസ്എല്ലിൽ കഴിഞ്ഞ സീസണിൽ തിളങ്ങി അർക്കസ്, സിഡോഞ്ച, സുയിവർലൂൺ എന്നിവരെയും ബ്ലാസ്റ്റേഴ്സ് ടിമിലെത്തിച്ചിട്ടുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡർ മുഹമ്മദു ഗനിങ്,ബ്രസീലിയൻ പ്രതിരോധ താരം ജൈറോ റോഡ്രിഗസ്, റാഫേൽ മെസ്സി ബൗളി, എന്നിവർക്ക് പുറമേ ടിപി രെഹ്നേഷ്, രാഹുൽ കെപി,ബിലാൽ ഖാൻ,സാമുവൽ എന്നിവരെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു.

കഴിഞ്ഞ സീസണിൽ വമ്പൻ പ്രകടനം കാഴ്ച്ചവെച്ച യുവതാരം സഹൽ അബ്ദുൾ സമദിൽ ഇത്തവണയും ആരാധകരും എൽകോ ഷറ്റോരിയും പ്രതീക്ഷയർപ്പിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായി ടീമിലെത്തി ഇന്ത്യൻ ടീമിലെ സ്ഥിരസാനിധ്യമായി മാറിയ സഹലിന്റെ വളർച്ച അദ്ഭുതാവഹമാണ്. പ്രതിരോധം മാത്രമാണ് ഷറ്റോരിയെ സംബന്ധിച്ചിടത്തോളം പ്രശ്നമായിട്ടുള്ളത്. ഇന്ത്യൻ ടീമിനായിറങ്ങി പരിക്കേറ്റ പ്രതിരോധനായകൻ സന്ദേശ് ജിങ്കന്റെ അസാന്നിധ്യം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. പകരക്കാരനായി രാജു ഗെയ്ക്വാദിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചെങ്കിലും കോച്ച് ഫിറ്റ്നെസ്സിൽ പൂർണ സംതൃപ്തനല്ല. സുയിവർലൂണും ജൈറോയുമായിരിക്കും ഷറ്റോരിയുടെ പ്രതിരോധം നയിക്കുക. എടികെയുടെ അറ്റാക്കിംഗ് നിര ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കുമെന്നതുറപ്പാണ്.

മുൻ പരിശീലകൻ അന്റോണിയോ ലോപെസ് ഹബാസിനെ തിരിച്ചെത്തിച്ചാണ് എടികെ ആറാം സീസണിനായിറങ്ങുന്നത്. ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ ഇന്വെസ്റ്റ്മെന്റ് നടത്തിയ എടികെ ഒരുങ്ങിതന്നെയാണ് ഇറങ്ങുന്നത്. എ-ലീഗിലെ ടോപ്പ് സ്കോററായ ഫിജി താരം റോയ് കൃഷ്ണയെ എടികെ ടീമിലെത്തിച്ചിട്ടുണ്ട്. വെല്ലിംഗ്ടൺ ഫീനിക്സിലെ റോയ് കൃഷ്ണയുടെ പാർട്ട്ണർ ഡേവിഡ് വില്ല്യംസിനെയും എടികെ ടീമിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളായ അനസ് എടത്തൊടികയും ധീരജ് സിങും എടികെ നിരയിലുണ്ട്. സസ്പെൻഷനിലായ അനസ് ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ കളിക്കില്ല. ജോൺ ജോൺസൺ, അഗസ്റ്റിൻ ഗാർസിയ, പ്രീതം കൊട്ടാൽ,പ്രഭീർ ദാസ് – എടികെയുടെ പ്രതിരോധവും സുശക്തമാണ്. സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസ്, വെറ്ററൻ സ്ട്രൈക്കർ ബൽവന്ത് സിംഗ്,ജയേഷ് റാണേ, കോമൾ തട്ടാൽ എന്നിവരുമടങ്ങുന്നതാണ് എടികെ നിര.

Advertisement