ലാലിഗയിലെ മാഡ്രിഡ് ഡെർബിയും റയലിന് സ്വന്തം, ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി സിദാന്റെ ടീം

- Advertisement -

ലാലിഗയിലെ തങ്ങളുടെ ഒന്നാം സ്ഥാനം റയൽ മാഡ്രിഡ് നിലനിർത്തി. ഇന്ന് നടന്ന വമ്പൻ പോരാട്ടത്തിൽ ചിര വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. റയലിന്റെ ഹോം ഗ്രൗണ്ടായ ബെർണബെയുവിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് റയൽ വിജയിച്ചത്. നേരത്തെ സൂപ്പർ കോപയുടെ ഫൈനലിലും അത്ലറ്റിക്കോ മാഡ്രിഡിനെ റയൽ കീഴ്പ്പെടുത്തിയിരുന്നു.

രണ്ട് മികച്ച ഡിഫൻസീവ് ടീമുകളുടെ പോരാട്ടമായിരുന്നു ഇന്ന് കണ്ടത്. കളിയുടെ രണ്ടാം പകുതിയിലാണ് റയലിന്റെ വിജയ ഗോൾ വന്നത്. 56ആം മിനുട്ടിൽ ബെൻസീമയുടെ വകയായിരുന്നു ഗോൾ. ഇതാദ്യമായാണ് റയലിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് ബെൻസീമ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഗോൾ നേടുന്നത്. മത്സരത്തിൽ വാല്വെർദെ, മെൻഡി, വിനീഷ്യസ് തുടങ്ങിയ റയലിന്റെ യുവതാരങ്ങൾ ഗംഭീര പ്രകടനം തന്നെ നടത്തി.

ഈ വിജയം റയൽ മാഡ്രിഡിനെ ലീഗിൽ 49 പോയന്റിൽ എത്തിച്ചു. രണ്ടാമതുള്ള ബാഴ്സയേക്കാൾ ആറ് പോയന്റിന്റെ ലീഡ് ഇപ്പോൾ റയലിനുണ്ട്. 36 പോയന്റ് മാത്രമുള്ള അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.

Advertisement