ഹുലൻ ലോപ്പറ്റെഗിയുടെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം തെറിച്ചു. ല ലീഗെയിൽ ക്ലബ്ബ് തുടരുന്ന മോശം ഫോമിന്റെ അടിസ്ഥാനത്തിലാണ് ലോപ്പറ്റെഗിയെ പുറത്താക്കാൻ മാഡ്രിഡ് തീരുമാനിച്ചത്. കേവലം 4 മാസത്തിന് ശേഷമാണ് അദ്ദേഹം സാന്റിയാഗോ ബെർണാബു വിടുന്നത്. ബാഴ്സയോട് എൽ ക്ലാസ്സികോയിൽ ഭീമൻ തോൽവി വഴങ്ങിയതോടെയാണ് റയൽ പ്രസിഡന്റ് ലോപ്പറ്റെഗിക്ക് പുറത്തേക്കുള്ള വഴി കാണിച്ചത്. റയൽ ബി യുടെ പരിശീലകൻ സാന്റിയാഗോ സോളാരി താൽക്കാലിക പരിശീലകനായി ചുമതല വഹിക്കും.
Comunicado Oficial. #RealMadridhttps://t.co/zLNpJepnph
— Real Madrid C.F. (@realmadrid) October 29, 2018
ജൂണിൽ വിവാദങ്ങളോടെയാണ് റയൽ ലോപ്പറ്റെഗിയെ പരിശീലകനായി നിയമിക്കുന്നത്. സ്‌പെയിൻ പരിശീലകനായിരുന്ന അദ്ദേഹത്തെ ലോകകപ്പിൽ സ്‌പെയിൻ ആദ്യ കളി കളിക്കുന്നതിന് 2 ദിവസം മുൻപ് റയൽ പരിശീലകനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ അദ്ദേഹത്തെ ടൂർണമെന്റിന് ഇടയിൽ പുറത്താക്കുകയായിരുന്നു.
റയലിൽ എത്തിയ ലോപ്പറ്റെഗിക്ക് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ട്രാൻസ്ഫർ മാർക്കറ്റിൽ കാര്യമായി ഒന്നും ചെയ്യാൻ ക്ലബ്ബിനായില്ല. റൊണാൾഡോയുടെ പകരം ഒരു ഗോൾ വേട്ടക്കാരൻ ടീമിൽ എത്തിയില്ല. ചെൽസി ഗോളി തിബോ കോർട്ടോ എത്തിയെങ്കിലും ടീമിനെ ഒറ്റക്ക് രക്ഷപെടുത്താൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല. ല ലീഗെയിൽ നല്ല രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് തീർത്തും നിറം മങ്ങി.
യുവേഫ സൂപ്പർ കപ്പിൽ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റാണ് ലോപ്പറ്റെഗി റയൽ കരിയർ ആരംഭിച്ചത്. നിലവിൽ ല ലീഗെയിൽ ഒൻപതാം സ്ഥാനത്തുള്ള റയൽ 10 കളികളിൽ നിന്ന് 4 തോൽവിയും 2 സമനിലയും വഴങ്ങിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ സി എസ് കെ എ മോസ്കോയോടും റയൽ തോൽവി വഴങ്ങിയിരുന്നു.