സമനിലയിൽ പിരിഞ്ഞ് ഗെറ്റാഫയും കാഡിസും

ഇഞ്ചുറി ടൈമിലെ നടകീയതകൾക്ക് സമനിലപ്പൂട്ട് പൊട്ടിക്കാൻ സാധിക്കാതെ വന്നതോടെ സമനിലയിൽ പിരിഞ്ഞു ഗെറ്റാഫെയും കാഡിസും. ഗെറ്റാഫെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു. ഗെറ്റാഫെ പന്ത്രണ്ടാമതും കാഡിസ് പതിനെട്ടാമതും ആണ് ലീഗിൽ.

കാഡിസിന്റെ അക്രമണങ്ങളോടെ തുടങ്ങിയ മത്സരത്തിൽ ആതിഥേയരും പതിയെ തിരിച്ച് വന്നു. എന്നാൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. പത്ത് മിനിറ്റോളം നീണ്ട മുഴുവൻ സമയത്തിന്റെ ഇഞ്ചുറി ടൈമിൽ മൂന്ന് റെഡ് കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. ഹാൻഡ്ബാൾ ഗെറ്റാഫെ താരം അൽവാരെസിന് വിനയായപ്പോൾ ബോക്സിന് തൊട്ട് പുറത്തു വെച്ച് ഫ്രീകിക്ക് എടുത്ത ലൂക്കാസ് പേരെസിന് ലക്ഷ്യം കാണാൻ ആയില്ല.

തൊട്ടടുത്ത മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട പോർട്ടുവിനെയും ഗെറ്റാഫേക്ക് നഷ്ടമായി. തുടർന്ന് ഇതേ സാഹചര്യത്തിൽ ലൂയിസ് ഹെർണാണ്ടസിനെ കാഡിസിനും നഷ്ടമാവുകയായിരുന്നു. ഉനാൽ എടുത്ത ഫ്രീകിക്ക് കാഡിസ് പോസ്റ്റിൽ തട്ടി തെറിച്ചതോടെ മത്സരം സമനിലയിലും അവസാനിച്ചു.