ലീഡ് ഉയർത്താൻ ബാഴ്സലോണ, തിരിച്ചു വരവിന് റയൽ; ക്യാമ്പ് ന്യൂവിൽ നിർണായക എൽ ക്ലാസികോ

Nihal Basheer

0x0

സീസണിൽ അതി നിർണായകമായേക്കാവുന്ന എൽ ക്ലാസികോ മത്സരത്തിന് തിങ്കളാഴ്ച പുലർച്ചെ 1.30ന് ക്യാമ്പ് ന്യൂവിൽ വിസിൽ മുഴങ്ങും. വിജയവുമായി ഒന്നാം സ്ഥാനത്ത് പന്ത്രണ്ട് പോയിന്റ് ലീഡ് ഉയർത്തി കിരീടത്തിലേക്ക് ഒരു ചുവട് അടുക്കുകയാണ് ബാഴ്‌സയുടെ ലക്ഷ്യം എങ്കിൽ, വിജയത്തോടെ ലാ ലീഗയിൽ മികച്ചൊരു തിരിച്ചു വരവിനാണ് റയൽ മാഡ്രിഡ് കോപ്പ് കൂടുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലും വിജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്ന് ആൻസലോട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.

Clasic 023ac11

ബെർണബ്യുവിൽ വെച്ചു നടന്ന ലീഗിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് തകർപ്പൻ ജയം നേടിയിരുന്നു. എന്നാൽ അതിന് ശേഷം ബാഴ്‌സലോണ പ്രതിരോധം ബഹുദൂരം മുന്നോട്ടു പോയി. റെക്കോർഡ് ക്ലീൻ ഷീറ്റുമായി കുതിക്കുന്ന ബാഴ്‌സ ഡിഫെൻസിന് മുന്നിൽ റയൽ മാഡ്രിഡ് പിന്നീട് കപ്പ് ഫൈനലിലും കോപ്പ ഡെൽ റെയ് സെമി ഫൈനൽ ആദ്യ പാദത്തിലും വീണു. സ്വന്തം തട്ടകത്തിൽ ബാഴ്‌സക്ക് ആത്മവിശ്വാസം പകരുന്നതും ഈ കണക്കാണ്. എന്നാൽ 2018 ന് ശേഷം ക്യാമ്പ് ന്യൂവിൽ വെച്ചു ബാഴ്‌സ റയലിനെ കീഴടക്കിയിട്ടില്ല.

പെഡ്രി, ഓസ്മാൻ ഡെമ്പലെ എന്നിവർ ആണ് മത്സരത്തിലെ നിർണായക അസാന്നിധ്യം ആവുക. പെഡ്രിയില്ലാത്ത മത്സരങ്ങളിൽ മധ്യനിരയുടെ പ്രകടനം ബാഴ്‌സക്ക് ആശങ്ക പകരുന്നതാണ്. എങ്കിലും ബാസ്ക്വറ്റ്സും ഡി യോങ്ങും ഗവിയും കെസ്സിയും അവസരത്തിനൊത്ത് ഉയർന്നാൽ ബാഴ്‌സക്ക് നേട്ടമാകും. വിനിഷ്യസിനെ തുടർച്ചായി പിടിച്ചു കെട്ടുന്ന അരാഹുവോക്ക് ഒരിക്കൽ കൂടി ഇതേ ചുമതല ലഭിച്ചേക്കും. ഫോമിലുള്ള റാഫിഞ്ഞയിലേക്കും ടീം ഉറ്റു നോക്കുന്നുണ്ട്. നിർണായക മത്സരത്തിൽ ഗോളുമായി ലെവെന്റോവ്സ്കി ഫോമിലേക്ക് തിരിച്ചു വരും എന്നാണ് ടീമിന്റെ പ്രതീക്ഷ.

വിജയം സീസണിലെ ബാക്കിയുള്ള മത്സരങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനം മനസിലാക്കി തന്നെയാണ് റയൽ ഒരുങ്ങുന്നത്. ബാഴ്‌സയെ കീഴടക്കാൻ കഴിഞ്ഞാൽ ലീഗിലും കോപ്പ ഡെൽ റെയ് സെമി ഫൈനലിലും അതിന്റെ പ്രതിഫലനം ഉണ്ടാവും. ബാഴ്‌സയുടെ ലീഡ് ആറാക്കി ചുരുക്കാൻ അവർക്ക് സാധിക്കും. എന്നാൽ അടുത്തിടെ സാവിയിൽ നിന്നേറ്റ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആൻസലോട്ടി പുതിയ തന്ത്രങ്ങൾ മെനയേണ്ടതുണ്ട്. വിനിഷ്യസിനെ അരാഹുവോ പിടിച്ചു കെട്ടുന്നത് തടയാൻ കോച്ച് പുതിയ ഫോർമേഷൻ തന്നെ പരീക്ഷിച്ചേക്കും. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ വീഴ്ത്തി തങ്ങൾ ഫോമിലാണെന്ന് റയൽ തെളിയിച്ചു കഴിഞ്ഞു. ബെൻസിമയും വിനിഷ്യസും റോഡ്രിഗോയും വാൽവെർടേയും പതിവ് താളം കണ്ടെത്തിയാൽ വിജയം ടീമിന് അപ്രാപ്യമല്ല. പെഡ്രിയില്ലാത്ത ബാഴ്‌സ മധ്യനിരയെ മോഡ്രിച്ചും ചൗമേനിയും ക്രൂസും കമാവിംഗയും പിടിച്ചു കെട്ടിയാൽ കളത്തിൽ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ഫലം കാണും. ബാഴ്‌സക്കെതിരെ അടുത്തിടെ പതറുന്ന പ്രതിരോധത്തിനെ ഉറപ്പിച്ചു നിർത്താനും റയൽ മാർഗം കാണേണ്ടി വരും. പരിക്കേറ്റിരുന്ന ബെൻസിമ റയൽ സ്ക്വഡിൽ ഇടം പിടിച്ചപ്പോൾ സസ്‌പെൻഷനിൽ ആയ യുവതാരം അൽവരോ റോഡ്രിഗ്വസ് ടീമിലില്ല. അലാബയും പുറത്താണ്.