കോർട്ട്വാക്ക് അത്ലറ്റികോ ഫാൻസിന്റെ വക എലിയെറിഞ്ഞു സ്വീകരണം

- Advertisement -

ചെൽസിയിൽ നിന്നും ലോണിൽ പോയി മികച്ച മൂന്നു സീസണുകൾ ആയിരുന്നു ബെൽജിയൻ താരം തിബോ കോർട്ട്വാ അത്ലറ്റികോ മാഡ്രിഡിൽ ചെലവഴിച്ചത്. എന്നാൽ വർഷങ്ങൾക്ക് ശേഷം അത്ലറ്റികോ മാഡ്രിഡിന്റെ ബദ്ധവൈരികൾ ആയ റയല്‍ മാഡ്രിഡിന്റെ കൂടെ ഇന്നലെ ഡര്‍ബി മത്സരത്തിനായി അത്ലറ്റികോ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ എത്തിയ കോർട്ട്വാക്ക് അത്ര നല്ല സ്വീകരണം അല്ല അത്ലറ്റികോ മാഡ്രിഡ് ആരാധകർ ഒരുക്കിയത്.

ബെൽജിയൻ താരത്തിനെതിരെ എലിയുടെ രൂപത്തിൽ ഉള്ള കളിപ്പാട്ടം എറിഞ്ഞും, കോർട്ട്വായെ എലി എന്ന് വിളിച്ചുമുള്ള ചാന്റുകൾ മുഴക്കിയും ആണ് ആരാധകർ ബെല്ജിയൻ താരത്തെ എതിരേറ്റത്.

2011 മുതൽ 2014 വരെ 150ൽ അധികം മത്സരങ്ങളിൽ കോർട്ട്വാ അത്ലറ്റികോ വല കാത്തിരുന്നു, തുടർന്നായിരുന്നു കോർട്ട്വാ ചെൽസിയിലേക്ക് തിരിച്ചു പോയത്. എന്നാൽ താരം ചെൽസി വിട്ടു തങ്ങളുടെ എതിരാളികൾ ആയ റയലിൽ ചേർന്നതാണ് അത്ലറ്റികോ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. വാണ്ടാ മെട്രോപോളിറ്റനക്ക് മുന്നിൽ തിബോ കോർട്ട്വാ 154 മത്സരങ്ങൾ എന്ന് എഴുതിയ ഒരു ഫലകത്തിനു മുകളിൽ ബിയർ കുപ്പികളും എലികളും വെക്കുകയും ചെയ്തിട്ടുണ്ട് അത്ലറ്റികോ ആരാധകർ.

“ഇതൊന്നും കാര്യമാക്കുന്നില്ല, ഇതെല്ലാം ഫുട്ബാളിൽ സാധാരണ സംഭവിക്കുന്നതാണ്, ബെൽജിയത്തിലും ഇതൊക്കെ എനിക്ക് സംഭവിച്ചിട്ടുണ്ട്, ഇതെല്ലാം എന്നെ കൂടുതൽ ഉത്തേജിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ” – സംഭവത്തെ കുറിച്ച് കോർട്ട്വാ പ്രതികരിച്ചു.

Advertisement