ലാ ലീഗയിലെ അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് ക്ലബിന് എതിരാളികൾ റയൽ ബെറ്റിസ്. ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് വരുന്ന ഇരു ടീമുകളും റയൽ മാഡ്രിഡിന്റെ തട്ടകമായ ബെർണബ്യുവിൽ വെച്ചാണ് ഏറ്റു മുട്ടുന്നത്. റയൽ എസ്പാന്യോളിനെ നേരിട്ടത് ഒഴിച്ചാൽ ഇരു ടീമുകൾക്കും ഇത് വരെ കരുത്തരായ എതിരാളികളെ നേരിടേണ്ടി വന്നിട്ടില്ല. അതിനാൽ തന്നെ നാളത്തെ മത്സരം ഇരു ടീമിനും നിർണായകമാണ്. വിജയിക്കുന്ന ടീമിന് ലീഗിൽ ഒന്നാം സ്ഥാനത്തെത്താം.
പതിവ് പോലെ ബെൻസിമയെ മുൻ നിർത്തി തന്നെയാവും ആൻസലോട്ടി തന്ത്രം മെനയുക. കസേമിറോ ടീം വിട്ട ശേഷം ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് ചൗമേനിയെ തന്നെ ടീം ആശ്രയിക്കും. ഈ സ്ഥാനത്ത് ടീമിന് ചേർന്ന താരമാണ് താനെന്ന് ചൗമേനി തെളിയിച്ചും കഴിഞ്ഞു. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് അലാബയോ മെന്റിയോ ആരു വരുന്നു എന്നത് അനുസരിച്ചാവും റുഡിഗറുടെ ആദ്യ ഇലവനിലെ സ്ഥാനം.
റയൽ ബെറ്റിസിന് തങ്ങളുടെ പുതിയ ഇറക്കുമതികളെ കളത്തിൽ ഇറക്കാൻ ഉള്ള അവസരമാണ് ഈ മത്സരം. മുന്നേറ്റ താരം വില്യൻ ജോസ് ടീമിനായി ഇറങ്ങും. സോസിഡാഡിൽ നിന്നും കഴിഞ്ഞ സീസണിൽ ലോണിൽ എത്തിയ താരത്തിനെ ബെറ്റിസ് സ്വന്തമാക്കുകയായിരുന്നു. പരിക്കേറ്റ വില്യം കാർവലോ ടീമിൽ ഉണ്ടാവില്ല. ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 7:45 നാണ് മത്സരം ആരംഭിക്കുക.