എല്ലാം മറക്കാൻ ബാഴ്സലോണ; ലാ ലീഗയിൽ വലൻസിയക്കെതിരെ

ചാമ്പ്യൻസ് ലീഗിൽ നിരാശജനകമായ പുറത്താകലിന് പിറകെ ബാഴ്സലോണ വീണ്ടും കളത്തിലേക്ക്. ലാ ലീഗയിൽ ഈ വാരം വലൻസിയയാണ് എതിരാളികൾ. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സക്ക് കിരീട പോരാട്ടത്തിൽ റയലിനൊപ്പം പിടിച്ചു നിൽക്കാൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം ആവശ്യമാണ്. പതിനൊന്നാം സ്ഥാനത്തുള്ള വലൻസിയ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം കാണാൻ ആവാതെയാണ് സ്വന്തം തട്ടകത്തിൽ ബാഴ്സയെ വരവേൽക്കുന്നത്.

ബാഴ്സലോണ 013146

പതിവ് പോലെ കാര്യമായ മാറ്റങ്ങൾക്കൊന്നും സാവി മുതിർന്നേക്കില്ല. ബയേണിനെതിരെ പുറത്തിരുന്ന ഗവി തിരിച്ചെത്തും. ഇതോടെ കെസ്സി ബെഞ്ചിലേക്ക് മടങ്ങേണ്ടി വരും. ആൻസു ഫാറ്റിക്കോ ഫെറാൻ ടോറസിനോ ആദ്യ ഇലവനിൽ സ്ഥാനം നൽകാൻ സാവി തീരുമാനിച്ചേക്കും. എറിക് ഗർഷ്യ തന്നെ കുണ്ടേക്കൊപ്പം ഡിഫെൻസിൽ എത്തുമ്പോൾ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ബാൾടെ എത്തും. ബയേണിനെതിരെ തലവേദന തീർത്ത റൈറ്റ് ബാക്ക് സ്ഥാനത്ത് സാവി എന്തു പോംവഴിയാണ് കാണുക എന്നത് കണ്ടറിയേണ്ടതാന്. മുന്നേറ്റത്തിന് ലെവെന്റോവ്സ്കിയും ഡെമ്പലേയും തന്നെ എത്തും.

മയ്യോർക്കക്കെതിരെ തോൽവി വഴങ്ങിയ ശേഷമാണ് വലൻസിയ മത്സരത്തിന് ഇറങ്ങുന്നത്. എഡിസൻ കവാനി ഗോൾ കണ്ടെത്തി തുടങ്ങിയെങ്കിലും തുടർച്ചായി വിജയം കാണാൻ ആവാതെ പോകുന്നത് ടീമിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. യൂറോപ്യൻ പോരാട്ടങ്ങൾക്ക് യോഗ്യത നേടണമെങ്കിൽ മികച്ച പ്രകടനം തന്നെ ടീം പുറത്തെടുക്കേണ്ടി വരും. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് മത്സരം ആരംഭിക്കുക.