വാശിയേറിയ പോരാട്ടം പകരക്കാരനായി ഇറങ്ങിയ ഗ്രീസ്മാന്റെ ഗോളിൽ ജയിച്ചു അത്ലറ്റികോ മാഡ്രിഡ്

വലൻസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്

വലൻസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്

സ്പാനിഷ് ലാ ലീഗയിൽ വലൻസിയക്ക് എതിരായ വാശിയേറിയ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു അത്ലറ്റികോ മാഡ്രിഡ്. വാർ നാടകങ്ങൾ കണ്ട മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയിൽ 23 മത്തെ മിനിറ്റിൽ യൂനുസ് മുസയുടെ ഉഗ്രൻ ഷോട്ട് അത്ലറ്റികോ വല കുലുക്കി. എന്നാൽ ഗോളിന് മുമ്പ് ഫെലിക്‌സിനെ വലൻസിയ താരം ഫൗൾ ചെയ്തത് ആയി വാർ കണ്ടത്തിയതോടെ ഈ ഗോൾ അനുവദിക്കപ്പെട്ടില്ല.

ഇതിനെ തുടർന്ന് നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾ പരിശീലകരായ സിമിയോണിക്കും ഗട്ടൂസക്കും മഞ്ഞ കാർഡും ലഭിക്കാൻ കാരണമായി. ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുമ്പ് അൽവാരോ മൊറാറ്റയെ ഫൗൾ ചെയ്തതിനു വലൻസിയ പ്രതിരോധ താരം തിയറി കൊറേറിയക്ക് റഫറി ചുവപ്പ് കാർഡ് നൽകി. എന്നാൽ വാർ പരിശോധനക്ക് ശേഷം ഇത് മഞ്ഞ കാർഡ് ആക്കി മാറ്റുക ആയിരുന്നു. ആദ്യ പകുതിയിൽ വലൻസിയ ആണ് കൂടുതൽ അവസരങ്ങൾ തുറന്നത്.

അത്ലറ്റികോ മാഡ്രിഡ്

രണ്ടാം പകുതിയിൽ തോമസ് ലെമാറിനെയും അന്റോണിയോ ഗ്രീസ്മാനെയും ഇറക്കാനുള്ള സിമിയോണിയുടെ തീരുമാനം ഫലം കണ്ടു. ഇറങ്ങി രണ്ടു മിനിറ്റിനുള്ളിൽ വലൻസിയ താരത്തിൽ നിന്നു തട്ടിയെടുത്ത പന്ത് ലെമാർ ഗ്രീസ്മാനു മറിച്ചു നൽകി. ഗ്രീസ്മാന്റെ ഷോട്ട് കാർലോസ് സോളറിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ അത്ലറ്റികോ ജയം ഉറപ്പിച്ചു. വിയ്യറയലിനോട് കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ അത്ലറ്റികോ ഇതോടെ വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ മൂന്നു കളികളിൽ ഇത് രണ്ടാമത്തെ പരാജയം ആണ് ഗട്ടൂസയുടെ ടീമിന് ഇത്.