കേരള യുണൈറ്റഡിനെ നയിക്കാൻ ബിനോ ജോർജ്ജ് എത്തുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള എഫ് സിയെ തുടക്കം മുതൽ നയിച്ച് ദേശീയ ഫുട്ബോളിന്റെ തലപ്പത്ത് എത്തിച്ച ബിനോ ജോർജ്ജ് കോച്ച് മറ്റൊരു കേരള ക്ലബിന്റ ചുമതല ഏറ്റെടുക്കാൻ പോവുകയാണ്. കേരള യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി ബിനോ ജോർജ്ജ് എത്തും എന്നാണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

കഴിഞ്ഞ വർഷം ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമകളായ യുണൈറ്റഡ് ഗ്രൂപ്പ് കേരള യുണൈറ്റഡിനെ ഏറ്റെടുത്തത് മുതൽ ക്ലബ് ദേശീയ തലത്തിലേക്ക് വളരാൻ ശ്രമിക്കുകയാണ്. അടുത്ത ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കേരള യുണൈറ്റഡ് ഉണ്ടാവുകയും ചെയ്യും. ഗോകുലത്തെ കൈ പിടിച്ച് ഉയർത്തിയത് പോലെ കേരള യുണൈറ്റഡിനെയും മുന്നോട്ട് കൊണ്ടു പോകാൻ ബിനോ ജോർജ്ജിന് ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിനോ ജോർജ്ജിനൊപ്പം പ്രവർത്തിച്ച പല താരങ്ങളും ഒഫീഷ്യൽസും ഇതിനകം തന്നെ കേരള യുണൈറ്റഡിൽ എത്തിയിട്ടുണ്ട്. ഐ എസ് എല്ലിൽ നിന്ന് അടക്കമുള്ള ഓഫറുകൾ നിരസിച്ചാണ് ബിനോ കോച്ച് കേരള യുണൈറ്റഡിലേക്ക് എത്തുന്നത്.

ആദ്യം പരിശീലകനായും പിന്നീട് ടെക്നിക്കൽ ഡയറക്ടറായും ഗോകുലം കേരളയിൽ പ്രവർത്തിച്ച വ്യക്തിത്വമാണ് ബിനോ ജോർജ്ജ്. ഗോകുലം കേരളയെ ആദ്യ മത്സരം മുതൽ പരിശീലിപ്പിച്ച ബിനോ ജോർജ്ജ് ക്ലബിന്റെ ഐ ലീഗിലെ ആദ്യ സീസണിൽ വൻ ക്ലബുകളെ ഒക്കെ അട്ടിമറിച്ച് ക്ലബിന് ജയന്റ് കില്ലേഴ്സ് എന്ന പേര് വാങ്ങിക്കൊടുത്തിരുന്നു. ഗോകുലം ഐ ലീഗ് കിരീടവും ഡ്യൂറണ്ട് കപ്പും വനിതാ ഐ ലീഗ് കിരീടവും എല്ലാം നേടുമ്പോൾ ക്ലബിന്റെ തലപ്പത്ത് തന്നെ ബിനോ ജോർജ്ജ് ഉണ്ടായിരുന്നു‌. ഇതുകൂടാതെ രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും ഗോകുലം ബിനോ ജോർജ്ജിന്റെ നേതൃത്വത്തിൽ നേടി.

ഗോകുലം ക്ലബിന്റെ ഏഷ്യൻ സ്വപ്നവും നിറവേറ്റിയതിനു ശേഷമായിരുന്നു അദ്ദേഹം അവിടെ നിന്ന് പടിയിറങ്ങിയത് ഒരുപാട് യുവ മലയാളി താരങ്ങളെ ദേശീയ തലത്തിലേക്ക് വളർത്താനും ഗോകുലത്തിൽ ബിനോ കോച്ചിന് ആയിരുന്നു. അതിന്റെ തുടർച്ച കേരള യുണൈറ്റഡിലും കാണാൻ ആകുമെന്ന് പ്രതീക്ഷിക്കാം. ഔദ്യോഗിക പ്രഖാപനത്തിനു വേണ്ടിയാണ് ഇപ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.