കേരള പോലീസ് ഗ്രൂപ്പ് ചാംപ്യന്മാര്‍

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് ഇയില്‍ നിന്നും എട്ടു പോയിന്റ് നേടി കേരള പോലീസ് ഗ്രൂപ്പ് ചാംപന്മാരായി രണ്ടാം റൗണ്ടില്‍ കടന്നു. ഇന്ന് നടന്ന അവസാനഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ട് ഗോളിന് മലയര്‍ത്തിയടിച്ചാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്.

ഏഴു ഗോള്‍ സ്‌കോര്‍ ചെയ്യുകയും ഒരു ഗോള്‍ മാത്രം വഴങ്ങിയുമാണ് മുന്‍ ഫെഡറേഷന്‍ കപ്പ് ചാംപ്യന്മാര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. ഈ ഗ്രൂപ്പില്‍ നിന്നും സിക്കിം പോലീസ് രണ്ടാം സ്ഥാനക്കാരായി എത്തിയിട്ടുണ്ട്. നിറയെ കാണികളെത്തിയ മത്സരത്തില്‍ കേരളപോലീസിന് വേണ്ടി നാലാം മിനിറ്റില്‍ കെ ഫിറോസും 36-ാം മിനിറ്റില്‍ ജിംഷാദുമാണ് ഗോളുകള്‍ നേടിയത്. ഇതുവരെ ഫോം കണ്ടെത്താന്‍ പ്രയാസം നേരിട്ടിരുന്ന കെ ഫിറോസ് ഇന്ന് മികച്ച കളി കാഴ്ചവെച്ചതോടെ ടീം പൂര്‍ണ്ണമായും ഒത്തിണക്കം പ്രകടിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ ആശ്വാസ ഗോള്‍ അധികസമയത്ത് അക്ഷയ് ഷിന്‍ഡേ നേടി.

ഗ്രൂപ്പ് എയില്‍ നിന്നും ബിഎസ്എഫും ഒഡീഷയും ബിയില്‍ നിന്ന് പഞ്ചാബും സിയില്‍ നിന്നും മണിപ്പൂരും ഡിയില്‍ നിന്ന് മിസോറാമും ആസാം റൈഫിള്‍സും എഫില്‍ നിന്നും സിഐഎസ്എഫും ത്രിപുരയും എച്ച് ഗ്രൂപ്പില്‍ നിന്നും സിആര്‍പിഎഫും ബംഗാളും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് സിക്കിം രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ആസാമിനെ തോല്‍പിച്ചതോടെയാണ് അഞ്ചു പോയിന്റുള്ള മഹാരാഷ്ട്രയെ പിന്തള്ളി ഗോള്‍ ശരാശരിയിലൂടെ സിക്കിം പ്രീക്വാര്‍ട്ടറിലെത്തിയത്. ഇന്ന് മണിപ്പൂര്‍ എസ്എസ്ബിയെ 2-1ന് തോല്‍പിച്ചതോടെയാണ് ഗോള്‍ശരാശരിയിലൂടെ പ്രീക്വാര്‍ട്ടറിലെത്തിയത്. അപ്രസക്തമായ മത്സരത്തില്‍ നാഗാലാന്റ് ഐടിബിപിയെ (2-1)തോല്‍പിച്ചു.

നാളെ കളിയില്ല. പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ രാവിലെ 7നും 3നും 5നും വൈകീട്ട് 7.30നും വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കും.

Previous article200 എന്നത് വെറുമൊരു നമ്പര്‍, നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിത മിത്താലി രാജിന്റെ പ്രതികരണം
Next articleഇത് വീര ചരിതം!! ഏഷ്യൻ കപ്പിൽ ആദ്യമായി ഖത്തറിന്റെ മുത്തം