ഇത് വീര ചരിതം!! ഏഷ്യൻ കപ്പിൽ ആദ്യമായി ഖത്തറിന്റെ മുത്തം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ കപ്പിൽ ഇങ്ങനെയൊരു കുതിപ്പ് ഒരു ടീമും നടത്തിയിട്ടില്ല. ആരും പ്രതീക്ഷിക്കാത്ത ആ കുതിപ്പിന് ഒടുവിൽ ഖത്തർ ഏഷ്യൻ കപ്പിൽ മുത്തമിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ കപ്പ് ഉയർത്തിയ ജപ്പാനെ തകർത്ത് ആദ്യമായി ഖത്തർ ഏഷ്യൻ കപ്പ് ഉയർത്തി. ലോകോത്തരം എന്ന് ആരും പറഞ്ഞു പോകുന്ന രണ്ടു ഗോളുകളുടെ ബലത്തിൽ ഒന്നുനെതിരെ മൂന്നു ഗോളുകൾക്ക് ജപ്പാനെ തോൽപ്പിച്ചാണ് ഏഷ്യൻ കിരീടം ഖത്തർ ഉയർത്തിയത്.

ഇതിനു മുമ്പ് കളിച്ച ആറു മത്സരങ്ങളും വിജയിച്ചു എങ്കിലും, സെമിയിൽ ആതിഥേയരെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു എങ്കിലും ഖത്തർ ഇന്ന് കപ്പ് ഉയർത്തുമെന്ന് ഭൂരുഭാഗവും കരുതിയില്ല. എന്നും ഏഷ്യൻ ശക്തികളായിരുന്ന ജപ്പാനെ ആയിരുന്നു എല്ലാവരും ഫേവറിറ്റ്സ് ആയി പറഞ്ഞത്. പക്ഷെ എല്ലാം കളിയുടെ ആദ്യ 30 മിനുട്ടുകളിൽ തന്നെ മാറി.

കളിയുടെ 12ആം മിനുട്ടിൽ അൽ മോസ് നേടിയ അത്ഭുത ഗോൾ തന്നെ കിരീടം എങ്ങോട്ട് ആണ് പോകുന്നത് എന്ന് വ്യക്തമായ സൂചന നൽകി. അഫീഫിൽ നിന്ന് പന്ത് സ്വീകരിക്കുമ്പോൾ അൽ മോസ് ഗോളിനെ എതിരായായിരുന്നു നിൽക്കുന്നത്. അതൊന്നും അൽ മോസിന് പ്രശ്നമായിരുന്നില്ല. രണ്ട് മനോഹര ടച്ചുകൾക്ക് ശേഷം ഒരു ബൈസൈക്കിൾ കിക്കിലൂടെ അൽ മോസ് പന്ത് ജപ്പാൻ വലയിൽ എത്തിച്ചു.

അൽ മോസിന്റെ ഈ ഏഷ്യൻ കപ്പിലെ ഒമ്പതാം ഗോളായിരുന്നു ഇത്. ഒരു ഏഷ്യൻ കപ്പ് ടൂർണമെന്റിൽ തന്നെ 9 ഗോളുകൾ നേടുന്ന ആദ്യ താരമായി അൽ മോസ് ഈ ഗോളോടെ മാറി. ആ ഗോളിന് ശേഷവും കളി ഖത്തർ തന്നെ നിയന്ത്രിച്ചു. 27ആം മിനുട്ടിൽ ഖത്തർ രണ്ടാം ഗോളും നേടി. ഇത്തവണ ഹതീമിന്റെ ഇടം കാലൻ സ്ക്രീമർ ആണ് ജപ്പാൻ വല തുളച്ചത്.

ആ ഗോളിന് ശേഷം ഖത്തർ പന്ത് ജപ്പാന് നൽകി ഡിഫൻസീവ് ഷൈപ്പ് സൂക്ഷിക്കുന്നതിൽ ശ്രദ്ധിച്ചു. പല അറ്റാക്കുകളും ജപ്പാൻ ആരംഭിച്ചു എങ്കിലും ഒന്നും ഒരു നല്ല ഫൈനൽ ബോളാക്കാൻ ജപ്പാനായില്ല. ഖത്തർ ഡിഫൻസിന് കാര്യമായ വെല്ലുവിളി ഒന്നും ജപ്പാൻ ഉയർത്തിയില്ല. പക്ഷെ 68ആം മിനുട്ടിൽ കളി മാറി. മിനമിനോയിലൂടെ ജപ്പാൻ അവരുടെ ലൈഫ് ലൈൻ ആയ ഗോൾ കണ്ടെത്തി. ഖത്തർ ഈ ടൂർണമെന്റിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്.

അതിനു ശേഷം ജപ്പാൻ കൂടുതൽ സമ്മർദ്ദം ഖത്തറിന് കൊടുത്തു. ജപ്പാൻ സമനില നേടിയേക്കും എന്ന് തോന്നിപ്പിച്ച നിമിഷത്തിൽ വി എ ആർ ഖത്തറിന്റെ രക്ഷയ്ക്ക് എത്തിയത്. ഒരു ഹാൻഡ്ബോളിന് റഫറി ഖത്തറിന് അനുകൂലമായി പെനാൾട്ടി വിധിച്ചു. പെനാൾട്ടി എടുത്ത ഹഫീഫിന് ഒട്ടും പിഴച്ചില്ല. ഖത്തർ 3-1ന് മുന്നിൽ. കിരീടത്തിനും ഖത്തറിനും മുന്നിൽ പിന്നെ തടസ്സങ്ങൾ ഉണ്ടായില്ല. ഫൈനൽ വിസിൽ വന്നപ്പോൾ, സാവിയുടെ ഒരു മാസം മുന്നെയുള്ള പ്രവചനം പോലെ, ഏഷ്യൻ കപ്പിൽ ഖത്തറിന്റെ മുത്തം.