200 എന്നത് വെറുമൊരു നമ്പര്‍, നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിത മിത്താലി രാജിന്റെ പ്രതികരണം

ഇന്ന് ന്യൂസിലാണ്ടിനെതിരെ വനിത ക്രിക്കറ്റില്‍ ആദ്യമായി 200 ഏകദിനം കളിക്കുന്ന താരമെന്ന ബഹുമതി നേടി ഇന്ത്യയുടെ ഏകദിന നായിക മിത്താലി രാജ്. ന്യൂസിലാണ്ടിനെതിരെ തന്റെ 200ാം മത്സരം വിജയത്തോടെ ആഘോഷിക്കുവാന്‍ താരത്തിനായില്ലെങ്കിലും ചരിത്രമായ നേട്ടമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയിരിക്കുന്നത്. 1999ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച മിത്താലി 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഏകദിനത്തിലെ തന്റെ 200ാം മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു. അരങ്ങേറ്റത്തില്‍ അയര്‍ലണ്ട് ആയിരുന്നു അന്ന് എതിരാളികള്‍.

അന്ന് തന്റെ 16ാം വയ്സിലായിരുന്നു മിത്താലിയുടെ അരങ്ങേറ്റം. ഇന്ന് തന്റെ 200ാം ഏകദിന മത്സരം പൂര്‍ത്തിയാക്കിയ മിത്താലി പറയുന്നത് 200 എന്നത് തനിക്ക് വെറുമൊരു നമ്പര്‍ മാത്രമാണെന്നാണ്. വനിത ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരവും മിത്താലി രാജ് തന്നെയാണ്. വനിത ക്രിക്കറ്റിന്റെ പല മാറ്റങ്ങളും താന്‍ കണ്ടിട്ടുണ്ട്. അന്താരാഷ്ട്ര വനിത ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ഐസിസിയുടെ കീഴിലേക്ക് എത്തുന്നതിന്റെ മാറ്റവും ഏറെ ശ്രദ്ധേയമാണെന്ന് മിത്താലി പറഞ്ഞു.

തനിക്ക് ഏറെ കാലം രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലാണ് ആനന്ദം എന്നാണ് മിത്താലി പറഞ്ഞത്. അരങ്ങേറ്റം കുറിക്കുമ്പോള്‍ താന്‍ ഇത്ര കാലം കളിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും മിത്താലി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ രോഹിത് ശര്‍മ്മ തന്റെ 200ാം ഏകദിന മത്സരം പൂര്‍ത്തിയാക്കിയിരുന്നു.

Previous articleമോഷണം പോയ സൈക്കിളിന് പകരം ജോബിക്ക് പുതിയ സൈക്കിൾ
Next articleകേരള പോലീസ് ഗ്രൂപ്പ് ചാംപ്യന്മാര്‍