കേരള ഫുട്ബോൾ വിൽപ്പനയ്ക്ക്!! പ്രതിരോധം പോലും തീർക്കാൻ ആവാതെ ഫുട്ബോൾ പ്രേമികൾ

Img 20210528 Wa0045
- Advertisement -

കേരള ജനത മുഴുവൻ രാഷ്ട്രീയ ചർച്ചകളിൽ മുഴുകി നിൽക്കവെ ഒരു വശത്ത് നിന്ന് കേരള ഫുട്ബോളിനെ വിറ്റ് ഫുട്ബോളിനെ ജനങ്ങളിൽ നിന്നും സാധാരണക്കാരിൽ നിന്നും അകറ്റാൻ കെ എഫ് എ ശ്രമിക്കുകയാണ്. ശ്രമിക്കുകയാണ് എന്നല്ല ശ്രമം അതിന്റെ അവസാന ചുവടിലിലേക്ക് എത്തി എന്ന് വേണം പറയാൻ. മാസങ്ങൾക്ക് മുമ്പ് കേരള ഫുട്ബോളിന്റെ കൊമേഷ്യൽ അവകാശങ്ങൾ വിൽക്കാനുണ്ട് എന്ന കെ എഫ് എയുടെ പത്ര പരസ്യം കണ്ടപ്പോൾ ഇതെന്താണ് എന്ന് ആശ്ചര്യത്തോടെ നോക്കിയിരുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ടൂർണമെന്റുകൾക്ക് ഒരു സ്ഥിരം സ്പോൺസർക്കുള്ള അന്വേഷണമാണെന്ന് സാധാരണക്കാരായ ഫുട്ബോൾ പ്രേമികളിൽ പലരും തെറ്റിദ്ധരിച്ചു. എന്നാൽ അത് കേരള ഫുട്ബോളിനെ തങ്ങളുടേത് മാത്രമാക്കി മാറ്റാനുള്ള കുറച്ചു പേരുടെ ആദ്യ ചുവടായിരുന്നു

വിലക്ക് വാങ്ങാൻ ഇറങ്ങിയവർ;

റിലയൻസിന് ഇന്ത്യൻ ഫുട്ബോൾ തീറെഴുതി കൊടുത്ത എ ഐ എഫ് എഫിന്റെ തീരുമാനത്തേക്കാൾ ഭീകരമാണ് കെ എഫ് എയുടെ നടപടികൾ. മീരാൻസ് സ്പോർട്സ് & സ്കോർ ലൈൻ കൺസോർഷ്യം എന്ന കമ്പനി കൂട്ടായ്മക്ക് 12 വർഷത്തെ കരാറിൽ കേരള ഫുട്ബോളിനെ വിട്ടുകൊടുക്കാൻ ആണ് കെ എഫ് എ തീരുമാനിച്ചിരിക്കുന്നത്. കേരള ഫുട്ബോളിനെ സാമ്പത്തികമായി മെച്ചപ്പെടുത്തുക എന്നൊക്കെയാണ് ഉദ്ദേശ ശുദ്ധിയായി കെ എഫ് എ പറയുന്നത്. എന്നാൽ സത്യത്തിൽ നടക്കുന്നത് സ്വകാര്യ കമ്പനിക്ക് കേരള ഫുട്ബോളിനെ എഴുതിക്കൊടുക്കുകയാണ്. ഒപ്പം ക്ലബുകളെയും ജില്ലാ അസോസിയേഷനുകളെയും മറ്റു വിമർശനം ഉന്നയിക്കുന്നവരെയും ഫുട്ബോളിൽ നിന്ന് തന്നെ മാറ്റിനിർത്താനും ഈ നീക്കം കൊണ്ട് സാധിക്കും.

കേരള ഫുട്ബോളിനെ വിലക്കുവാങ്ങാൻ ശ്രമിക്കുന്ന കമ്പനി കെ എഫ് എയിലെ തന്നെ പ്രമുഖരുടെ ബിനാമി കമ്പനികൾ ആണെന്ന് കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരള ഫുട്ബോൾ അസോസിയേഷൻ ഫുട്ബോളിനെ തന്നെ വിൽക്കാൻ ബിഡ് ക്ഷണിച്ചപ്പോൾ അപേക്ഷ സമർപ്പിച്ചത് രണ്ടു കമ്പനികളാണ്. ഈസ്റ്റ്ടീ ചായ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും മീരൻസ് സ്പോർട്സ് & സ്കോർ ലൈൻ കൺസോർഷ്യവും. ഈ രണ്ടു കമ്പനിക്കും ഒരു ഡയ്റക്ടർ ആണ് എന്നത് കെ എഫ് എ തന്നെ പ്രസിദ്ധീകരിച്ച രേഖകളിൽ വ്യക്തമാണ്. ഇതിൽ നിന്ന് തന്നെ ഈ നടപടികളിലെ ഗൂഢാലോചന മനസ്സിലാക്കാം.
20210313 210907

കരാറും വ്യവസ്ഥകളും ഭീകരം;

12 വർഷത്തേക്ക് ആണ് കമ്പനിയുമായി കെ എഫ് എ കരാർ ഒപ്പുവെക്കാൻ പോകുന്നത്. ഈ 12 വർഷവും കേരള ഫുട്ബോളിലെ ഒരോ തീരുമാനത്തിനും കമ്പനി ആയിരിക്കും അവസാന വാക്ക്. ടൂർണമെന്റുകളുടെ നടത്തിപ്പ് അവകാശം മുഴുവൻ കമ്പനിക്ക് ആകും. ആര് ടൂർണമെന്റിൽ കളിക്കണം, ആര് റഫറിയാകും കെ എഫ് എ അസോസിയേഷനിൽ ആര് ഇരിക്കണം. കേരള ഫുട്ബോൾ അസോസിയേഷന് കീഴിൽ ഉള്ള യുവ ടീമുകൾ മുതൽ സന്തോഷ് ട്രോഫി വരെയുള്ള ടീമുകളെ ആര് പരിശീലിപ്പിക്കണം എന്നതൊക്കെ കമ്പനിയായിരിക്കും തീരുമാനിക്കുക.

കരാറിൽ നിന്ന് മൂന്ന് വർഷം കഴിഞ്ഞാൽ വേണമെങ്കിൽ കമ്പനിക്ക് പിന്മാറാൻ വഴി കൊടുക്കുന്ന വ്യവസ്ഥയുണ്ട്. എന്നാൽ കെ എഫ് എക്ക് ഈ കമ്പനിയുടെ പ്രവർത്തനത്തിൽ പന്തികേട് കണ്ടാലും കരാറിൽ നിന്ന് പുറത്തേക്ക് കടക്കാൻ ഒരു വ്യവസ്ഥയും കരാറിൽ ഇല്ല. കരാർ ഒപ്പുവെക്കുന്നതിന് ഒപ്പം 25 ലക്ഷം കെ എഫ് എക്ക് ഗ്യാരന്റി തുക ആയി കമ്പനി നൽകും. ഒപ്പം വർഷത്തിൽ 85 ലക്ഷവും കമ്പനി കെ എഫ് എക്ക് നൽകണം.

പൂർണ്ണ നിയന്ത്രണം ഇതോടെ കമ്പനിയുടെ കയ്യിൽ ആകും. കമ്പനിക്ക് പ്രവർത്തിക്കാൻ വേണ്ടി കെ എഫ് എയുടെ ഓഫീസ് വിട്ടുകൊടുക്കും. എ ഐ എഫ് എഫിന്റെയും എ എഫ് സിയുടെയും കീഴിൽ വരുന്ന കോഴ്സുകൾ വരെ കമ്പനിയാകും നടത്തുക. ടൂർണമെന്റുകൾ നടത്തുന്നത് കമ്പനി ആണെങ്കിലും അതിന് വേദി ഒരുക്കി കൊടുക്കേണ്ട ബാധ്യത കെ എഫ് എയ്ക്ക് ആണ്‌. സംസ്ഥാനത്ത് സ്വന്തമായി ഒരു ഗ്രൗണ്ട് പോലും ഇല്ലാത്ത കെ എഫ് എയാണ് ഇത്തരം വലിയ കാര്യങ്ങൾക്ക് ഇറങ്ങുന്നത് എന്നത് മറ്റൊരു വിരോധാഭാസം. ഇത് മാത്രമല്ല കേരള ഫുട്ബോൾ അസോസിയേഷനോ മറ്റു പ്രാദേശിക അസോസിയേഷനോ കമ്പനിയുടെ അനുവാദമില്ലാതെ ഒരു മത്സരം പോലും നടത്താനും പുതിയ കരാറോടെ സാധിക്കില്ല.

ഫ്രാഞ്ചൈസി തുക വാങ്ങുന്ന കേരള സൂപ്പർ ലീഗ്;

കെ പി എല്ലിനെ മാറ്റി കെ എസ് എൽ എന്ന കേരള സൂപ്പർ ലീഗ് കൊണ്ടുവരാനും കമ്പനി അണിയറയിൽ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് പോലെ ഫ്രാഞ്ചൈസി തുക വാങ്ങിയാകും കെ എസ് എല്ലിൽ ക്ലബുകളെ കളിപ്പിക്കുക. ഒരു വിധത്തിൽ പച്ചപ്പിടിച്ച് വരികയായിരുന്ന കെ പി എല്ലിനെ തകർത്ത് കേരള ഫുട്ബോളിന്റെ ബാലൻസ് ഇല്ലാതാക്കുന്ന നീക്കമാകും ഇത്‌. ഫ്രാഞ്ചൈസി തുക നൽകാൻ മാത്രം കഴിവുള്ള വലിയ ക്ലബുകൾ കേരളത്തിൽ എത്രയുണ്ടെന്ന് കെ എഫ് എക്ക് വ്യക്തമാണെങ്കിലും പണത്തിനും അധികാരത്തിനും പിറകെ ഓടുന്നത് കൊണ്ട് അതൊന്നും അവർക്ക് കാണാൻ ആകുന്നില്ല.

കെ എസ് എൽ വന്നാൽ അത് ചെറിയ ക്ലബുകളാൽ നിറഞ്ഞ കേരള ഫുട്ബോളിന് വലിയ നഷ്ടമാകും. ബാസ്കോ ഒതുക്കുങ്ങലിന്റെ കളി കാണാനായി നൂറോളം ആരാധകർ ഒതുക്കുങ്ങലിൽ നിന്ന് വണ്ടി കയറി എത്തിയത് പോലുള്ള മനോഹര കഥകളും കേരള ഫുട്ബോളിന് നഷ്ടമാകും. കെ പി എല്ലിൽ കിരീടം നേടിയ ക്ലബുകൾക്ക് ഇപ്പോഴും സമ്മാന തുക ലഭിക്കാതെയിരിക്കെ ആണ് കെ എഫ് എ കെ പി എല്ലിനെ അറബിക്കടലിൽ മുക്കാൻ ശ്രമിക്കുന്നത്. ഫ്രാഞ്ചൈസി ലീഗായ ഐ എസ് എൽ എത്ര നഷ്ടത്തിലാണ് എന്നതും അതിലെ ഒരോ ക്ലബുകൾക്കും എത്ര കടമുണ്ട് എന്നും പകൽ പോലെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഫ്രാഞ്ചൈസി ഫുട്ബോൾ ഒരു പരിഹാര മാർഗമല്ല. മറിച്ച് കൂടുതൽ സാമ്പത്തിക ബാധ്യത ക്ലബുകൾക്ക് നൽകുകയെ ഉള്ളൂ.

ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മുമ്പ്;

മുൻ ഇന്ത്യൻ താരം യു ശറഫലി ഈ കരാറിനെതിരെ രംഗത്ത് വന്നിരുന്നു. കരട് കരാർ കേരള ഫുട്ബോളിനെ അപകടത്തിലാഴ്ത്താൻ പോകുന്നതാണ് എന്ന് അദ്ദേഹം കേരളത്തിലെ ഒരു ദിനപത്രമായ സുപ്രഭാതത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതുകൊണ്ട് കേരള ഫുട്ബോൾ അസോസിയേഷനിൽ ഉള്ളവർക്ക് കുറച്ച് പണം സമ്പാദിക്കാം എന്ന് മാത്രമെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളും ഫുട്ബോൾ പ്രേമികളും വിമർശനം ഉന്നയിച്ചപ്പോൾ കരാർ ഇപ്പോഴും ചർച്ചയിലാണെന്നും കരാറിൽ ഒപ്പുവെച്ചിട്ടില്ല എന്നുമാണ് കെ എഫ് എ പറഞ്ഞത്. പല ചോദ്യങ്ങൾക്കും മറുപടി പറയാൻ കെ എഫ് എ ഇതുവരെ തയ്യാറായിട്ടില്ല.

പ്രതിഷേധങ്ങൾ അതിതീവ്രമായി ഉയരുന്നില്ല എന്നതു കൊണ്ട് തന്നെ കേരള ഫുട്ബോളിനെ തങ്ങളുടേത് മാത്രമാക്കി മാറ്റി കച്ചവട താല്പര്യത്തിനായി ഉപയോഗിക്കുക തന്നെയാകും കെ എഫ് എയുടെ വരും ദിവസങ്ങളിലെ നടപടികൾ. ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടതും കെ എഫ് എയെ കൊണ്ട് മറുപടി പറയിപ്പിക്കേണ്ടതും ഒരോ ഫുട്ബോൾ പ്രേമിയുടെയും ഉത്തരവാദിത്വമാണ്. അല്ലായെങ്കിൽ കേരള ഫുട്ബോൾ അടുത്ത കാലത്തായി നമ്മുക്ക് തന്ന പ്രതീക്ഷകൾ കൂടെ ചരമം അടയും.

Advertisement