ബ്ലാസ്റ്റേഴ്‌സ് പടിക്കല്‍ കലമുടച്ചു, രണ്ടു ഗോൾ ലീഡിന് ശേഷം സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

- Advertisement -

അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കലമുടച്ചു. ആദ്യ പകുതിയിൽ സ്വന്തമാക്കിയ രണ്ടു ഗോളിന്റെ ലീഡ് രണ്ടാം പകുതിയിൽ തുലച്ച കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് സമനില വഴങ്ങി. ലഭിച്ച മികച്ച അവസരങ്ങൾ പാഴാക്കിയതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.

ആദ്യ പകുതിയുടെ 15ആം മിനിറ്റിൽ തന്നെ ബെംഗളൂരു താരം പന്ത് കൈ കൊണ്ട് തൊട്ടതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി സ്റ്റിയാനോവിച്ച് ബ്ലാസ്റ്റേഴ്‌സിന് ലീഡ് നൽകി. തടുർന്ന് ബ്ലാസ്റ്റേഴ്‌സ് 40ആം മിനിറ്റിൽ ലീഡ് ഉയർത്തി, ബോക്സിനു പുറത്തു വെച്ച് പെകൂസൻറെ ഒരു കിടിലം ഷോട്ട് ബെംഗളൂരിന്റെ വലയിൽ കയറി. ആദ്യ പകുതിയിൽ 0-2 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബെംഗളൂരു നിരന്തരം ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖത്തെത്തി. 69ആം മിനിറ്റിൽ ഉദാന്ത സിംഗിന്റെ ഒരു പറക്കും ഹെഡറിൽ ബെംഗളൂരു മത്സരത്തിലേക്ക് തിരിച്ചു വന്നു. സ്‌കോർ 1-2. തടുർന്ന് ബ്ലാസ്റ്റേഴ്‌സ് താരം സ്റ്റിയാനോവിച്ചിന് മികച്ച ഒരു അവസരം ലഭിച്ചു എങ്കിലും താരത്തിന്റെ ഷോട്ട് ബാറിൽ തട്ടി തിരിച്ചു വന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

85ആം മിനിറ്റിൽ ആയിരുന്നു ബെംഗളൂരുവിന്റെ അർഹിച്ച സമനില ഗോൾ പിറന്നത്. ഉദാന്ത സിംഗിന്റെ പാസിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കിടിലം ഗോൾ. സ്‌കോർ 2-2. രണ്ടാം പകുതിയിൽ മിക്കുവിന്റെ വരവാണ് ബെംഗളൂരുവിന്റെ കളി മാറ്റിയത്. ഇതോടെ തുടർച്ചയായ 13ആം മത്സരത്തിലും വിജയമില്ലാതെ മടങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി.

Advertisement