ടിം കാഹിൽ വിരമിച്ചു, ഇനി ലക്ഷ്യം പരിശീലക റോൾ

മുൻ ജംഷെഡ്പൂർ എഫ് സി താരവും ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച ഗോൾ സ്കോററുമായ ടിം കാഹിൽ ക്ലബ്ബ് കരിയറിനോട് വിട പറഞ്ഞു. ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഫുട്‌ബോൾ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇനിയുള്ള കാലം ഫുട്‌ബോൾ പരിശീലകനാവുക എന്ന കാര്യവും താരം വ്യക്തമാക്കി.

39 വയസ്സുകാരനായ താരം 2018 ലോകകപ്പോടെയാണ് ദേശീയ ടീമിൽ നിന്ന് വിരമിച്ചത്‌. ഇന്ത്യയിൽ മികച്ച 6 മാസങ്ങൾ കളിക്കാൻ ആയെങ്കിലും ഇനി പ്രായം കാരണം കളിക്കാനാവില്ല. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കിയ താരം ഇംഗ്ലണ്ടിൽ എവർട്ടൻ, മിൽവാൾ ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഇംഗ്ലണ്ടിന് പുറമെ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബ്ൾക്ക് വേണ്ടിയും കളിച്ച താരം ഓസ്‌ട്രേലിയക്ക് വേണ്ടി 50 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്