ആര്‍ച്ചറെ പാക്കിസ്ഥാനെതിരെ പരീക്ഷിക്കും – ഓയിന്‍ മോര്‍ഗന്‍

ബാര്‍ബഡോസില്‍ ജനിച്ച ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറെ പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ പരീക്ഷിക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. നിലവില്‍ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്ന താരം ഇപ്പോള്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കുവാന്‍ യോഗ്യത നേടിയിട്ടുണ്ട്. വരാനിരിക്കുന്ന പാക്കിസ്ഥാന്‍ ഏകദിന പരമ്പരയാണ് ലോകകപ്പില്‍ താരം കളിക്കുമോ എന്നത് പരീക്ഷിക്കുവാനുള്ള ആദ്യ പരമ്പര.

അഞ്ച് മത്സരങ്ങളുള്ള പരമ്പര മേയ് 8നു ആരംഭിച്ചു 19നു അവസാനിക്കും. എന്നാല്‍ പരമ്പരയില്‍ മികവ് പുലര്‍ത്തിയാലും ഇംഗ്ലണ്ട് താരത്തെ ലോകകപ്പിനു പരിഗണിക്കുമോയെന്ന് അറിയില്ല. കാരണം നിലവിലെ ടീം ഘടനയെ മാറ്റേണ്ടന്ന പക്ഷക്കാരാണ് ഓയിന്‍ മോര്‍ഗനും കോച്ച് ട്രെവര്‍ ബെയിലിസ്സും. ലോകത്ത് പല ലീഗുകളിലും കളിച്ച് മികവ് പുലര്‍ത്തിയ താരമാണ്, അതിനാല്‍ തന്നെ താരത്തിനു ലോകകപ്പിനു മുമ്പ് കഴിവ് തെളിയിക്കുവാനുള്ള അവസരം നല്‍കണമെന്നാണ് വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷം ട്രെവര്‍ ബെയിലിസ്സ് പറഞ്ഞത്.

ക്രിക്കറ്റിന്റെ സര്‍വ്വ മേഖലകളിലും മികച്ച ശക്തിയായി മാറിക്കഴിഞ്ഞ ഇംഗ്ലണ്ടിന്റെ ടീമിലേക്ക് ജോഫ്രയെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഏത് താരത്തെ ഒഴിവാക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് അധികാരികളെ അലട്ടുന്നത്. താരത്തിന്റെ കഴിവിനെ അവഗണിക്കുവാനും ആകാത്ത അവസ്ഥയിലൂടെയാണ് ടീം കടന്ന് പോകുന്നത്. ഐപിഎലിലും പാക്കിസ്ഥാന്‍ പരമ്പരയിലും താരം എത്തരത്തില്‍ കേളി വൈഭവം പുറത്തെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ജോഫ്രയുടെ ലോകകപ്പ് ഭാവിയെന്ന് വിലയിരുത്താം.