ബ്രസീലിനെ സമനിലയിൽ തളച്ച് നൈജീരിയ

നെയ്മറിന്റെ പരിക്ക് നിറം കെടുത്തിയ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് നൈജീരിയ. 1-1നാണ് ബ്രസീലിനെ നൈജീരിയ സമനിലയിൽ തളച്ചത്. ഇതോടെ അവസാനം കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാത്തത് പരിശീലകൻ ടിറ്റെക്ക് പ്രതിസന്ധി സൃഷ്ട്ടിക്കും. കഴിഞ്ഞ ദിവസം സെനഗലിനെതിരെ നടന്ന സൗഹൃദ മത്സരത്തിലും ബ്രസീൽ സമനിലയിൽ കുടുങ്ങിയിരുന്നു.

മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തുപോയത് ബ്രസീലിന് തിരിച്ചടിയായി. തുടർന്ന് മത്സരത്തിന്റെ ഗതിക്ക് വിപരീതമായി നൈജീരിയയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. 35ആം മിനുറ്റിൽ ഗ്ലാസ്‌കോ റേഞ്ചേഴ്സ് താരം അറിബോയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചു. മാർക്വിനോസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി തിരിച്ചു വന്നപ്പോൾ കസെമിറോ ഗോൾ നേടി ബ്രസീലിന് സമനില നേടി കൊടുക്കുകയായിരുന്നു.