റിലഗേഷൻ ഭീഷണി ഒഴിവാക്കാൻ ഗോകുലം ഇന്ന് ഷില്ലോങ്ങിൽ

- Advertisement -

ഐ ലീഗിൽ ഈ സീസണിൽ റിലഗേഷൻ ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമല്ല. എന്നാലും ഇന്ന് ഗോകുലം കേരള എഫ് സി ഷില്ലോങ്ങ് ലജോങ്ങിനെതിരെ ഇറങ്ങുമ്പോൾ വിജയം ഉറപ്പാക്കേണ്ടിയിരിക്കുന്നു. അഥവാ റിലഗേഷൻ ഉണ്ടാവുക ആണെങ്കിൽ അതിൽ ഗോകുലം ഉൾപ്പെടാതിരിക്കേണ്ടതുണ്ട്‌. ഇന്ന് ഗോകുലം ലജോങ്ങിനെതിരെ വിജയിച്ചാൽ ഈ സീസണിൽ ലീഗിൽ ഗോകുലം അവസാന സ്ഥാനത്ത് എത്തില്ല എന്ന് ഉറപ്പിക്കാം.

ഇപ്പോൾ ഗോകുലത്തിന് 13 പോയന്റാണ് ഉള്ളത്. ഷില്ലോങ്ങ് ലജോങ്ങിന് 10 പോയന്റും. ഇന്ന് ഗോകുലം വിജയിച്ചാൽ ഗോകുലത്തിന് 16 പോയന്റാകും. ഈ മത്സരം കഴിഞ്ഞാൽ ലജോങ്ങിന് വെറും 2 മത്സരങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളൂ എന്നതു കൊണ്ട് ഇന്ന് പരാജയപ്പെട്ടാൽ പിന്നെ ഗോകുലത്തെ മറികടക്കാൻ ലജോങ്ങിനാവില്ല.

അവസാനമായി വിജയിച്ചത് എന്നാണെന്ന് പോലും ഓർമ്മയില്ലാത്ത ഗോകുലം ഇന്നെങ്കിലും വിജയം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ്‌. ഇന്ത്യൻ താരങ്ങളെ മാത്രം ഇറക്കി കളിക്കുന്ന ലജോങ്ങ് സീസണിൽ ഇപ്പോഴാണ് ചെറിയ താളം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഗോകുലത്തിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല‌. നിരവധി പരിക്കുകളാൽ ബുദ്ധിമുട്ടുക കൂടി ചെയ്യുകയാണ് ഗോകുലം കേരള എഫ് സി ഇപ്പോൾ.

ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം. കളി തത്സമയം ഹോട് സ്റ്റാറിൽ കാണാം.

Advertisement