ഷാക്കിബിന്റെ പരിക്ക്, കരുതലെന്ന നിലയില്‍ സൗമ്യ സര്‍ക്കാര്‍ സ്ക്വാഡില്‍

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് സൗമ്യ സര്‍ക്കാരിനെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. സെലക്ടര്‍ ഹബീബുള്‍ ബഷര്‍ ആണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഹാമിള്‍ട്ടണില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഷാക്കിബ് അല്‍ ഹസന്‍ കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് സൗമ്യ സര്‍ക്കാരിനെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ ടീം തീരമാനിക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലെ 15 അംഗ സ്ക്വാഡില്‍ അംഗമായിരുന്ന താരത്തോട് ന്യൂസിലാണ്ടില്‍ തന്നെ നില്‍ക്കുവാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.

വിന്‍ഡീസിനെതിരെയുള്ള മോശം പ്രകടനത്തെത്തുടര്‍ന്ന് സൗമ്യ സര്‍ക്കാരിനെ ന്യൂസിലാണ്ടിലേക്കുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ആദ്യം ഒഴിവാക്കുകയായിരുന്നു. 30 റണ്‍സാണ് അന്ന് താരത്തിനു നേടാനായത്. ടീമില്‍ അനുഭവസമ്പത്തുള്ള ഒരാളെ ആവശ്യമായതിനാലാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചതെന്നാണ് സെലക്ടര്‍ ഹബീബുള്‍ ബഷര്‍ പറയുന്നത്.

ഷാക്കിബ് രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്ക് ടീമില്‍ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്നും ബഷര്‍ അറിയിച്ചു. പരമ്പര പൂര്‍ണ്ണായും താരത്തിനു നഷ്ടമാകില്ലെങ്കിലും ആദ്യ ടെസ്റ്റ് ഉറപ്പായും നഷ്ടമാകുമെന്നാണ് ബഷര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ മാത്രമേ താരത്തിന്റെ ടെസ്റ്റ് മത്സരങ്ങളിലെ ലഭ്യതയെക്കുറിച്ച് വ്യക്തത വരികയുള്ളുവെന്നും ഹബീബുള്‍ പറഞ്ഞു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെ പരിക്കേറ്റ ഷാക്കിബിന്റെ സേവനം ഏകദിന പരമ്പരയ്ക്ക് ബംഗ്ലാദേശിനു ലഭിച്ചിരുന്നില്ല. മൂന്നാഴ്ച വിശ്രമം ആവശ്യമാണെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചതോടെ താരത്തിനു ഏകദിന പരമ്പരയും ആദ്യ ടെസ്റ്റും നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു. ഫെബ്രുവരി 28നു ഹാമിള്‍ട്ടണില്‍ വെച്ചാണ് ബംഗ്ലാദേശ് ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക.

Advertisement