കിരീടത്തില്‍ കണ്ണുവെച്ച് ഗോകുലം ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേ

Img 20220423 190248

കൊല്‍ക്കത്ത: ഐ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഗോകുലം കേരള ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും. വൈകിട്ട് അഞ്ചിന് കല്യാണി സ്‌റ്റേഡിയത്തിലാണ് പോരാട്ടം നടക്കുന്നത്. നിലവില്‍ ഗോകുലം കേരളയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 13 മത്സരത്തില്‍ നിന്ന് 33 പോയിന്റുള്ള ഗോകുലത്തിന് ഏഴ് പോയിന്റ് അകലെയാണ് കിരീടം.

ഇനി അഞ്ച് മത്സരമാണ് മലബാറിയന്‍സിന് ലീഗില്‍ ബാക്കിയുള്ളത്. അതില്‍ രണ്ടെണ്ണത്തില്‍ ജയവും ഒരു സമനിലയും നേടിയാല്‍ ഐ ലീഗ് കിരീടം വീണ്ടും മലബാറിയന്‍സിന്റെ ഷെല്‍ഫിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ലീഗിന്റെ ആദ്യ ഘട്ട മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ഏറ്റുമുട്ടിയപ്പോള്‍ ഗോകുലം കേരളക്കൊപ്പമായിരുന്നു ജയം. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലം ജയം സ്വന്തമാക്കിയത്. കൂടാതെ ലീഗില്‍ മേധാവിത്തം തുടരുന്നതിനാല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ അനായാസം കീഴടക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പരിശീലകന്‍ അന്നീസെയും സംഘവും.

നിലവില്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നതിനാല്‍ ജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ഐ ലീഗില്‍ തോല്‍വി അറിയാതെ 18 മത്സരം പൂര്‍ത്തിയാക്കിയ ഗോകുലം ജൈത്രയാത്ര തുടരാന്‍ വേണ്ടിയാണ് ഇന്ന് കല്യാണിയില്‍ ചര്‍ച്ചിലിനെതിരേ ബൂട്ടുകെട്ടുന്നത്. കിരീടപ്പോരാട്ടത്തില്‍ ഗോകുലം കേരളക്കൊപ്പമുണ്ടായിരുന്ന മുഹമ്മന്‍സിന്റെ തോല്‍വിയും സമനിലയുമാണ് ഗോകുലം കേരളയുടെ കിരീടത്തിലേക്കുള്ള ദൂരം കുറച്ചത്. മുഹമ്മദന്‍സിന്റെ അവസാന രണ്ട് മത്സരവും സമനിലയില്‍ കലാശിക്കുകയായിരുന്നു.

Previous articleനിറം മങ്ങുന്ന ഐപിഎൽ
Next articleസന്തോഷ് ട്രോഫി ഫൈനല്‍ രാത്രി 8.00ന്