പൊരുതി ജയിച്ച് ചെന്നൈ സിറ്റി, ഐ ലീഗ് കിരീടം കയ്യെത്തും ദൂരത്ത്

ഐ ലീഗ് കിരീടം ചെന്നൈ സിറ്റിയുടെ തൊട്ടരികിൽ. ഇന്ന് നടന്ന മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ പൊരുതി തോൽപ്പിച്ചാണ് ചെന്നൈ സിറ്റി ഐലീഗ് ടേബിളിൽ തങ്ങളുടെ ലീഡ് ഉയർത്തിയത്. റിയൽ കാശ്മീരും ഈസ്റ്റ് ബംഗാളും തൊട്ടടുത്ത് ഉണ്ട് എങ്കിലും ഇന്നത്തെ വിജയം ചെന്നൈ സിറ്റിക്ക് വലിയ ആശ്വാസം നൽകും. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിയുടെ വിജയം.

ഇന്ന് തുടക്കത്തിൽ ഏഴാം മിനുട്ടിൽ തന്നെ സാൻഡ്രോയിലൂടെ ചെന്നൈ സിറ്റി മുന്നിൽ എത്തിയിരുന്നു. പക്ഷെ ഉടൻ തിരിച്ചടിച്ച് 24ആം മിനുട്ടിലേക്ക് ലജോങ്ങ് കളി 1-1 എന്നാക്കി. പിന്നീട് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു ചെന്നൈ സിറ്റിക്ക് ലീഡ് തിരികെ കിട്ടാൻ. കളിയുടെ 78ആം മിനുട്ടിൽ മാൻസിയും കളിയുടെ 81ആം മിനുട്ടിൽ നെസ്റ്ററും ഗോൾ നേടിയതോടെ ആണ് ചെന്നൈ സിറ്റിക്ക് മൂന്ന് പോയന്റ് ഏതാണ്ട് ഉറച്ചത്‌.

വീണ്ടും ഒരു ഗോൾ മടക്കി ലജോങ്ങ് തിരിച്ചുവരാൻ ശ്രമിച്ചു എങ്കിലും മാൻസി കളിയുടെ 90ആം മിനുട്ടിൽ ഒരു ഗോൾ കൂടെ നേടി വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ ചെന്നൈ സിറ്റിക്ക് 17 മത്സരങ്ങളിൽ നിന്ന് 37 പോയന്റായി. ഇനി വെറും മൂന്ന് മത്സരങ്ങളെ ചെന്നൈ സിറ്റിക്ക് ലീഗിൽ അവശേഷിക്കുന്നുള്ളൂ. 16 മത്സരങ്ങൾ കളിച്ച റിയൽ കാശ്മീരിനും ഈസ്റ്റ് ബംഗാളിനും 32 പോയന്റാണ് ഉള്ളത്.