ഓള്‍റൗണ്ട് പ്രകടനവുമായി സച്ചിന്‍ മോഹന്‍, ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ പരാജയപ്പെടുത്തി ഏജീസ് ഓഫീസ്

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി ഏജീസ് ഓഫീസ്. ആദ്യം ബാറ്റ് ചെയ്ത ടിസിയു 26 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് മാത്രമേ നേടാനായുള്ളു. സച്ചിന്‍ മോഹനും അഖിലും 18.2 ഓവറില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 4 വിക്കറ്റാണ് ടീമിനു നഷ്ടമായത്. സച്ചിന്‍ മോഹന്‍ 51 റണ്‍സും അഖില്‍ 45 റണ്‍സും നേടി പുറത്താകാതെ നിന്നാണ് ഏജീസിനെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. സാലി സാംസണ്‍ 21 റണ്‍സ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടിസിയുവിനു വേണ്ടി 33 റണ്‍സ് നേടിയ പദ്മനാഭന്‍ ആണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ആയത്. ഷംനാദ് 26 റണ്‍സ് നേടിയപ്പോള്‍ ഈ രണ്ട് ഓപ്പണര്‍മാരൊഴികെ ആര്‍ക്കും കാര്യമായ പ്രകടനം പുറത്തെടക്കാനായില്ല. റെജിന്‍ രാജ് പുറത്താകാതെ 18 റണ്‍സ് നേടി. ഏജീസിനു വേണ്ടി സച്ചിന്‍ മോഹന്‍ മൂന്ന് വിക്കറ്റും കെആര്‍ ശ്രീജിത്ത് രണ്ട് വിക്കറ്റും നേടി.

51 റണ്‍സും മൂന്ന് വിക്കറ്റും നേടിയ സച്ചിന്‍ മോഹന്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.