കൊച്ചിയില്‍ വീണ്ടും ഗോള്‍ മഴ, ഇത്തവണ ജിറോണയുടെ വക ആറെണ്ണം

കേരള ബ്ലാസ്റ്റേഴ്സിനെ ഗോളില്‍ മുക്കിയെത്തിയ മെല്‍ബേണ്‍ സിറ്റിയ്ക്ക് അതേ വിധിയെഴുതി ലാ ലീഗ ക്ലബ്ബായ ജിറോണ്‍ എഫ് സി. ഇന്ന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് ഓസ്ട്രേലിയന്‍ ക്ലബ്ബിനെ ജിറോണ്‍ എഫ് സി കെട്ടുകെട്ടിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മൂന്ന് ഗോള്‍ ലീഡ് നേടിയ ജിറോണ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു

ഒരു ടിക്കറ്റെടുത്താല്‍ ഒരു ടിക്കറ്റ് ഫ്രീയെന്ന നിലയിലുള്ള ഓഫറുകള്‍ സംഘാടകര്‍ നല്‍കിയെങ്കിലും കാണികളുടെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്ക് ഇന്നും നിരാശാജനകമായിരുന്നു. പത്താം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ മന്‍സേര ആണ് ജിറോണയുടെ ആദ്യ ഗോള്‍ നേടിയത്. 16ാം മിനുട്ടില്‍ താരം തന്നെ വീണ്ടും ടീമിനെ മുന്നിലെത്തിച്ചു. എട്ട് മിനുട്ടിനുള്ളില്‍ ആന്തണി റൂബന്‍(ലൊസാനോ)  മൂന്നാം ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ 51, 68 മിനുട്ടുകളില്‍ ഗോള്‍ നേടിയ ജിറോണ്‍ മത്സരം ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ ആറാം ഗോള്‍ നേടി. ജുവാന്‍ പെഡ്രോ, യോവന്‍ മാനി, പെഡ്രോ പോറോ എന്നിവരാണ് രണ്ടാം പകുതിയിലെ ഗോള്‍ സ്കോറര്‍മാര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial