ഷാൽകെയെ വീഴ്ത്തി ബയേൺ ജർമ്മൻ കപ്പ് സെമിയിൽ

ജർമ്മനിയിൽ വീണ്ടും ജയിച്ച് കയറി ബയേൺ മ്യൂണിക്ക്. ജർമ്മൻ കപ്പിന്റെ ക്വാർട്ടറിൽ കരുത്തരായ ഷാൽകെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബയേൺ സെമി ഫൈനലിൽ കടന്നത്‌. ബയേണിന്റെ യുവതാരം ജോഷ്വ കിമ്മിഷാണ് വിജയ ഗോൾ നേടിയത്. ഒരാഴ്ച്ചക്കുള്ളിൽ നിർണായകമായ മൂന്നാം എവേ ജയമാണ് ബയേൺ നേടിയത്.

ബുണ്ടസ് ലീഗയിൽ ഹോഫെൻഹെയിനിനെ പരാജയപ്പെടുത്തിയ ബയേൺ ചാമ്പ്യൻസ് ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസിയേയും പരാജയപ്പെടുത്തിയിരുന്നു‌. ഒരു ഗോൾ പോലും വഴങ്ങാതെയാണ് ബയേണിന്റെയീ ഈ വിജയക്കുതിപ്പ്. പരിശീലകൻ ഹാൻസി ഫ്ലികിന്റെ കീഴിൽ 14 ൽ 13 മത്സരങ്ങളും ബയെൺ ജയിച്ചിരിക്കുകയാണ്. കഴിഞ്ഞ ജർമ്മൻ ഫൈനൽ ഹീറോസായ റോബർട്ട് ലെവൻഡോസ്കിയും, കിംഗ്സ്ലി കോമനും ഇല്ലാതെയാണ് ഇന്ന് ബയേൺ കളത്തിലിറങ്ങിയത്.