എമ്പപ്പെയും ഒളിമ്പിക്സിന് ഇറങ്ങും

- Advertisement -

ഫ്രാൻസിനായി ഒളിമ്പിക്സിൽ കളിക്കാൻ പോകുന്ന ഫുട്ബോൾ ടീമിന്റെ സാധ്യതാ ലിസ്റ്റിൽ എമ്പപ്പെയും ഇടംപിടിച്ചു. പ്രാഥമികമായി പ്രഖ്യാപിച്ച 80 അംഗ സാധ്യതാ ലിസ്റ്റിൽ ആണ് പി എസ് ജിയുടെ സൂപ്പർ സ്റ്റാർ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ ലോകകപ്പിൽ പങ്കെടുത്ത് ഫ്രാൻസിനൊപ്പം ജേതാവാകാൻ എമ്പപ്പെയ്ക്ക് ആയിരുന്നു. സീനിയർ ടീമിൽ കളിക്കുന്ന മിക്ക താരങ്ങൾക്കും ഒളിമ്പിക്സിൽ വിശ്രമം നൽകുന്നതാണ് സാധാരണ രീതി എങ്കിലും ഫ്രാൻസ് എമ്പപ്പെയെയും ടോക്കിയോയിലേക്ക് കൂട്ടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

അന്തിമ ടീം ജൂലൈയിൽ മാത്രമെ പ്രഖ്യാപിക്കുകയുള്ളൂ എങ്കിലും എമ്പപ്പെയ്ക്ക് താല്പര്യമുണ്ടെങ്കിൽ താരത്തെയും ഒളിമ്പിക്സിനു കൊണ്ടുപോകാൻ ആകും ഫ്രാൻസിന്റെ തീരുമാനം. എന്നാൽ ഇത് പി എസ് ജി അംഗീകരിക്കുമോ എന്നത് സംശയമാണ്. ഈ സീസണിൽ ഗംഭീര ഫോമിലാണ് എമ്പപ്പെ കളിക്കുന്നത്‌. ഒളിമ്പിക്സിൽ പങ്കെടുത്താൽ അടുത്ത സീസണിലെ ആദ്യ മത്സരങ്ങൾ എമ്പപ്പെയ്ക്ക് നഷ്ടമായേക്കും. 1996നു ശേഷം ഇതുവരെ ഫ്രാൻസ് ഫുട്ബോൾ ടീം ഒളിമ്പിക്സിൽ പങ്കെടുത്തിട്ടില്ല.

Advertisement