ഖത്തറിനെ തടയാനായില്ല, പത്തു പേരുമായി പൊരുതിയ ഇന്ത്യക്ക് പരാജയം

20210604 001031
Credit: Twitter

ഖത്തറിനെ ഒരിക്കൽ കൂടെ വിജയത്തിൽ നിന്ന് തടയാൻ ഇന്ത്യക്ക് ആയില്ല. ഇന്ന് ഖത്തറിൽ വെച്ച് നടന്ന മത്സരത്തിൽ പത്തു പേരുമായി പൊരുതി നിന്ന ഇന്ത്യയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഖത്തർ പരാജയപ്പെടുത്തിയത്. ഖത്തറിനെ വിജയത്തിൽ നിന്ന് തടയാൻ ഒരുങ്ങി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ചുവപ്പ് കാർഡ് കിട്ടിയതാണ് പ്രശ്നമായത്. 17ആം മിനുട്ടിൽ രാഹുൽ ബെഹ്കെ ആണ് രണ്ട് മഞ്ഞ കാർഡ് വാങ്ങി കളം വിടേണ്ടി വന്നത്.

ഇത് ഇന്ത്യയുടെ ടാക്ടിക്സുകളെ കാര്യമായി തന്നെ ബാധിച്ചു. എങ്കിലും ഖത്തർ അറ്റാക്കിനെ ഒരു വിധത്തിൽ തടയാൻ ഇന്ത്യക്ക് ആയി. ബോക്സിൽ ഇന്ത്യ നല്ല രീതിയിൽ ഡിഫൻഡ് ചെയ്തത് കൊണ്ട് തന്നെ ഖത്തറിന് തുടർച്ചയായി ബോക്സിന് പുറത്ത്‌ നിന്ന് ഷോട്ടുകൾ എടുക്കേണ്ടി വന്നു. ഇതിനിടയിൽ ഇന്ത്യക്ക് ആശിഖ് കുരുണിയൻ ഒരു നല്ല അവസരം ഒരുക്കി. ഇടതു വിങ്ങിൽ നിന്ന് ആശിഖ് നൽകിയ ക്രോസ് മൻവീറിന് തൊടാൻ ആയില്ല. ഖത്തർ കീപ്പർ പന്ത് കൈവിട്ടപ്പോഴും അവസരം മുതലാക്കാൻ യുവ സ്ട്രൈക്കറിനായില്ല.

34ആം മിനുട്ടിലാണ് ഖത്തർ ലീഡ് എടുത്തത്. ക്ലോസ് റേഞ്ചിൽ നിന്നാണ് അബ്ദുൽ അസീസ് ഖത്തറിന് ലീഡ് നൽകിയത്. ഇതിന് തിരിച്ചടി നൽകാൻ 44ആം മിനുട്ടിൽ ഇന്ത്യക്ക് അവസരം ഉണ്ടായിരുന്നു. ഛേത്രി നൽകിയ പാസ് സ്വീകരിച്ച മൻവീർ ഷോട്ട് ഉതിർത്തു എങ്കിലും ഒരുഗ്രൻ ബ്ലോക്കിലൂടെ ഖത്തർ ആ ഗോൾശ്രമം തടഞ്ഞു.

രണ്ടാം പകുതിയിലും ഖത്തർ ആധിപത്യം ആണ് കണ്ടത്. എന്നാൽ സമർത്ഥമായി ഡിഫൻഡ് ചെയ്ത് ഇന്ത്യ പരാജയം ഒരു ഗോളിൽ തന്നെ ഒതുക്കി. ഗോൾ കീപ്പർ ഗുർപ്രീതും ഇന്ത്യയുടെ ഡിഫൻസീവ് ലൈനും ഇന്ന് മികച്ചു നിന്നു. ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 3 പോയിന്റുമായി ഇന്ത്യ ഇപ്പോൾ നാലാമത് നിൽക്കുകയാണ്. 19 പോയിന്റുമായി ഖത്തർ ഒന്നാമതും. അടുത്ത മത്സരത്തിൽ ഏഴാം തീയതി ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

Previous articleട്രെന്റ് അർനോൾഡിന് യൂറോ കപ്പ് സ്ക്വാഡിൽ നിന്ന് പുറത്ത്
Next articleഅഖിൽ പ്രവീൺ ഇനി കേരള യുണൈറ്റഡിൽ